തിരുവനന്തപുരം: ജനലക്ഷങ്ങള്‍ എത്തിച്ചേരുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വൈദ്യസഹായം നല്‍കുവാനും പകര്‍ച്ചവ്യാധികള്‍ തടയുവാനുമുള്ള നടപടികള്‍ എടുക്കുവാനും ഐ.എം.എ.യുടെ നേതൃത്വത്തിലുള്ള ആലോചനാ യോഗത്തില്‍ തീരുമാനം. ഐ.എം.എ.യുടെ ഭാരവാഹികള്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സാംക്രമിക രോഗ വിദഗ്ധര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വേണ്ട ജാഗ്രത പാലിക്കണമെന്ന് സമിതി വിലയിരുത്തി. പനി, ചുമ, തുമ്മല്‍ ഉള്ളവര്‍ കഴിവതും ജനക്കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രത്യേകിച്ച് ഇത്തരം രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കാന്‍സര്‍ രോഗികള്‍, ഹൃദ്രോഗികള്‍, രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ തീര്‍ച്ചയായും ജനക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതം. കോവിഡ് 19, എച്ച്1 എന്‍1 മുതലായ ശ്വാസകോശജന്യരോഗങ്ങള്‍ പകരാതിരിക്കുവാന്‍ ഈ മുന്‍കരുതലുകള്‍ അനിവാര്യമാണ്. ശ്വാസകോശ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പങ്കെടുക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ മൂക്കും വായും മൂടിവയ്‌ക്കുന്നതിനായി ഒരു അലക്കി തേച്ച തുണി ഉപയോഗിക്കുന്നത് നന്നായിരിക്കും. ഈ തുണി മറ്റൊന്നിനും ഉപയോഗിക്കരുത്. കൈകള്‍ ഇടയ്‌ക്കിടയ്‌ക്ക് വൃത്തിയായി കഴുകുക. മാലിന്യമുള്ള കൈ കൊണ്ട് കണ്ണും മൂക്കും തിരുമ്മാതിരിക്കാന്‍ ശ്രദ്ധിക്കുക.
പൊങ്കാല മേഖലയിലെ ആശുപത്രികള്‍ അടിയന്തര പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ ഐ.എം.എ. നല്‍കിയിട്ടുണ്ട്. കൂടാതെ ക്ഷേത്ര പരിസരത്ത് സജ്ജമായിരിക്കുന്ന ഐ.എം.എ. ബൂത്തുകളില്‍ ആവശ്യമായ പ്രതിരോധ ഉപകരണങ്ങളും ലഘു ലേഖകളും ഭക്തജനങ്ങള്‍ക്ക് നല്‍കുവാന്‍ ഐ.എം.എ. തീരുമാനിച്ചു.
ഈ വിഷയത്തില്‍ ആശങ്ക വേണ്ടെന്നും എന്നാല്‍ ജാഗ്രതയോടെ പകര്‍ച്ചവ്യാധി പ്രതിരോധം സാധ്യമാക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആര്‍. അനുപമ, സെക്രട്ടറി ഡോ. ആര്‍. ശ്രീജിത്ത് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
















