തിരുവനന്തപുരം: ബുധനാഴ്ച നടന്നത് അപമാനകരമായ സമരാഭാസമാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാര്‍ ലാഘവത്തോടെയല്ല വിഷയത്തെ കണ്ടത്. കെഎസ്ആര്‍ടിസി ബസുകള്‍ തലങ്ങും വിലങ്ങും ഇട്ട് ഡ്രൈവര്‍മാര്‍ ഇറങ്ങിപ്പോയതാണ് പ്രശ്നം വഷളാക്കിയത്. നിസാര കാര്യത്തിന് ജനങ്ങളെ ബന്ദിയാക്കി. ഇതിനെ അവകാശ സമരം എന്നു വിളിക്കാന്‍ ആകില്ല. വീഴ്ച വരുത്തിയവരുടെ പേരില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു.
മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഒളിച്ചോടിയെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തോട് കടകംപള്ളി സുരേന്ദ്രന്റെ മറുപടി ഇങ്ങനെ. പ്രശ്നങ്ങള്‍ നടന്ന മണ്ഡലത്തിലെ എംഎല്‍എ വി.എസ്. ശിവകുമാര്‍ എവിടെപോയി. അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ മുന്‍നിരക്കാരില്ലേ, പിന്‍നിരക്കാരനായ വിന്‍സെന്റിനെ ഗൗരവമുള്ള വിഷയം ഉന്നയിക്കാന്‍ ചുമതലപ്പെടുത്തിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
എം. വിന്‍സെന്റിനെ ആക്ഷേപിച്ചതായി ആരോപിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിന്‍സെന്റിന് എതിരേയുള്ള പരാമര്‍ശം മന്ത്രി പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിന്‍സെന്റിനെ ആക്ഷേപിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ മന്ത്രി കടകംപള്ളി, കുറച്ചുകൂടി ഗൗരവമുള്ള നേതാക്കള്‍ പ്രമേയം അവതരിപ്പിക്കണം എന്നേ ഉദ്ദേശിച്ചുള്ളൂ എന്ന് ആവര്‍ത്തിച്ചത് വീണ്ടും പ്രതിപക്ഷ ബഹളത്തിനിടയാക്കി.
സമരത്തിന് തുടക്കമിട്ട എടിഒ ലോപ്പസ് കോണ്‍ഗ്രസുകാരനാണെന്നും കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രന്സിപിഎമ്മുകാരനാണെന്നും കൂടി കടകംപള്ളി പറഞ്ഞതോടെ പ്രതിഷേധം അണപൊട്ടി. സിഐടിയുക്കാര്‍ സമരത്തിനില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ അത് പൊളിഞ്ഞു. സിഐടിയു പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തതിന്റെയും വിശദീകരണം നടത്തിയതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നു.
സഭയില്‍ എല്ലാ എംഎല്‍എമാര്‍ക്കും ഒരേ അവകാശമാണെന്ന് വിഷയത്തിലിടപെട്ടുകൊണ്ട് സ്പീക്കര്‍ പി. ശ്രീരാമക്യഷ്ണന് പറഞ്ഞു. ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നിയമസഭാ രേഖകളില്‍ ഉണ്ടാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: