കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടി പിരിച്ചു വിട്ടതായി ചെയര്‍മാന്‍ ജോണി നെല്ലൂര്‍. പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്-എമ്മില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ലയിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനായ എന്റെ പേരിലാണ് രജിസ്‌ട്രേഷന്‍. പിരിച്ചുവിടാന്‍ എനിക്ക് അധികാരമുണ്ട്, തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു, നാളെ ഉച്ചകഴിഞ്ഞ് നാലിന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ ലയന സമ്മേളനം നടക്കും, ജോണി നെല്ലൂര്‍ വിശദീകരിച്ചു. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയും 10 ജില്ലാ കമ്മിറ്റിയും ലയന പ്രമേയം അംഗീകരിച്ചു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലയനം നടക്കുന്നത്. കഴിഞ്ഞ 21ന് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും യോഗത്തിലാണ് പി.ജെ. ജോസഫും സി.എഫ്. തോമസും നയിക്കുന്ന കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിക്കാന്‍ തീരുമാനമെടുത്തത്.
അനുപ് ജേക്കബിന് വീണ്ടും അപേക്ഷ നല്‍കി കേരള കോണ്‍ഗ്രസ്-ജേക്കബ് എന്ന പേര് സ്വീകരിക്കാന്‍ സ്വതന്ത്ര്യമുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. അനൂപ് ജേക്കബ് ലയനത്തിന് ആദ്യം മുന്നില്‍ നിന്നെങ്കിലും നാടകീയമായി പിന്മാറുകയായിരുന്നു. കേരള കോണ്‍ഗ്രസുകള്‍ എല്ലാം ഒരുമിച്ച് നില്‍ക്കണമെന്ന കെ.എം. മാണിയുടെയും ടി.എം. ജേക്കബിന്റെയും ആഗ്രഹ പ്രകാരമാണ് ഇപ്പോഴത്തെ ലയനം. ഭിന്നിച്ചു നില്‍ക്കുന്ന മറ്റു ഗ്രൂപ്പുകളും ലയിച്ച് ഒറ്റ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയായി മാറണം. ഇനിയും അധിക്ഷേപിച്ചാല്‍ പലതും പറയേണ്ടിവരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
















