കണ്ണൂര്‍: സിപിഎം നേതാവിനെ കേസില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി സര്‍വ്വീസ് സഹകരണബാങ്കിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആരോപണം. സിപിഎം ഏരിയക്കമ്മിറ്റി അംഗം ശ്രീധരന് എതിരെയുള്ള കേസ് നടത്തിപ്പിനായി പണം തിരിമറി നടത്തിയതായാണ് ആരോപണം.
കണ്ണപുരത്തെ സര്‍വീസ് സഹകരണ ബാങ്കിന്റെ പൊതുനന്മ ഫണ്ടാണ് ഇത്തരത്തില്‍ വകമാറ്റി ചെലവഴിച്ചത്. 1993 ജനുവരിയില്‍ സഹകരണ രജിസ്ട്രാറെ ആക്രമിച്ച കേസിലാണ് ശ്രീധരന്‍ പ്രതിയായിട്ടുള്ളത്. കണ്ണപുരം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ഇയാള്‍.
ആ കേസ് ഒത്ത് തീര്‍പ്പാക്കാനായി സഹകരണ ബാങ്കിന്റെ പൊതുനന്മ ഫണ്ട് വകമാറ്റി ചെലവഴിക്കുകയായിരുന്നു എന്നാണ് ആരോപണം. വായനശാലകള്‍ക്ക് വേണ്ടി നല്‍കി എന്ന് കാണിച്ചാണ് കേസ് ഒത്ത് തീര്‍പ്പാക്കാന്‍ പണം ഉപയോഗിച്ചത്. എന്നാല്‍ വിഷയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ തന്നെ ഇതിനെതിരെ പ്രതിഷേധം ഉടലെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കണ്ണപുരത്തും സാമൂഹ്യ മാധ്യമങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
പൊതു നന്മ ഫണ്ട് അനുവദിച്ച് ഷുക്കൂര്‍ കേസ് ഒത്ത് തീര്‍ക്കുക, ബാങ്കില്‍ നിന്ന് പണമെടുത്ത് കേസ് ഒതുക്കിയ ഏരിയാ നേതാവ് ശ്രീധരനെ പുറത്താക്കുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്. സംഭവം പുറത്തായത് പാര്‍ട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്. അതേസമയം, ബാങ്കില്‍ നടന്ന തിരിമറികള്‍ അന്വേഷിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രചരിക്കുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കേസ് നേരത്തെ തന്നെ തീര്‍ന്നതാണെന്നുമാണ് ബാങ്ക് പ്രസിഡന്റ് ശ്രീധരന്‍ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: