ഇരുട്ടിന്റെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ഒത്താശ ചെയ്ത അതേ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ വീണ്ടും ഹൈന്ദവ വികാരം മുറിപ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്തെ ഹൈന്ദവ കലാ സാംസ്കാരിക കേന്ദ്രമായ തീര്‍ത്ഥപാദ മണ്ഡപം സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് പിടിച്ചെടുത്ത നടപടി അത്യന്തം അപലപനീയമാണ്. വിദ്യാധിരാജ ട്രസ്റ്റിന്റെ കൈവശമുണ്ടായിരുന്ന തീര്‍ത്ഥപാദ മണ്ഡപവും 65 സെന്റ് സ്ഥലവുമാണ് പൂട്ട് പൊളിച്ച് ബലമായി കൈവശപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ചട്ടമ്പി സ്വാമി സ്മാരക ക്ഷേത്രത്തിലെ നിത്യപൂജ മുടങ്ങി. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് ഏറെ വേദനാജനകമാണ് ഈ അവസ്ഥ. മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും ഇവിടെ തകര്‍ക്കപ്പെട്ടിരിക്കുന്നു.
അര നൂറ്റാണ്ടായി ആരാധന നടത്തിയിരുന്ന ക്ഷേത്രമാണ് അടച്ചു പൂട്ടിയത്. കേരളത്തിലെ നവോത്ഥാന നായകരിലൊരാളായ ചട്ടമ്പി സ്വാമികള്‍ക്ക് സ്മാരകം നിര്‍മിക്കുന്നതിനായി വിദ്യാധിരാജ സഭയ്ക്ക് നല്കിയ ഭൂമി തിരിച്ചെടുക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവിട്ടതിന് പിന്നാലെയാണ് സബ് കളക്ടറുടെ നേതൃത്വത്തില്‍ തീര്‍ത്ഥപാദ മണ്ഡപം സര്‍ക്കാര്‍ ഏറ്റെടുത്തത്. ചട്ടമ്പി സ്വാമികള്‍ക്ക് സ്മാരക മന്ദിരം പണിയാന്‍ വിദ്യാധിരാജ സഭയ്ക്ക് നല്കിയ സര്‍ക്കാര്‍ ഭൂമി പിന്നീട് അവര്‍ വിദ്യാധിരാജ ട്രസ്റ്റിന് കൈമാറി എന്നും ഇതിന് നിയമസാധുത ഇല്ലെന്നുമാണ് പോലീസ് ഭാഷ്യം. പതിച്ചു നല്കിയ സ്ഥലത്തിന് മുഴുവന്‍ പണവും നല്‍കാത്തതാണ് ഏറ്റെടുക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍ മുഴുവന്‍ പണവും നല്‍കിയെന്നതാണ് ട്രസ്റ്റിന്റെ നിലപാട്. വസ്തുതകള്‍ എന്തുതന്നെയായാലും രാത്രിയുടെ മറപിടിച്ച്, കള്ളനെപ്പോലെ വന്ന് തീര്‍ത്ഥപാദ മണ്ഡപം പൂട്ടി സീല്‍വച്ച നടപടി ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ന്യായീകരിക്കാവുന്നതുമല്ല. കാടത്തം എന്നേ ആ ചെയ്തിയെ വിശേഷിപ്പിക്കാന്‍ സാധിക്കൂ.
ഹൈന്ദവ ആരാധനാലയങ്ങളെ ഉന്നം വച്ചുള്ള നടപടികള്‍ ഈ സര്‍ക്കാര്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന രഹസ്യ അജണ്ടയിലെ ‘പ്രഖ്യാപിത ലക്ഷ്യ’ ങ്ങളില്‍ ഒന്നാണ് ക്ഷേത്രങ്ങളേയും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളേയും തകര്‍ക്കുക എന്നത്. ചട്ടമ്പി സ്വാമികളുടെ സ്മാരകത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം 10ന് തറക്കല്ലിടാനിരിക്കെയാണ് ഈ അതിക്രമം. മുഖ്യമന്ത്രിയുടെ അറിവോടെയല്ല നടപടി എന്ന് കരുതാനാവില്ല. സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം 2017ലും 2019 ലും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീലിന് പോയിട്ടുമില്ല. അങ്ങനെയിരിക്കെ, ഇപ്പോഴത്തെ ഈ ഏറ്റെടുക്കലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയരുന്നതും ഗൗരവത്തോടെ കാണണം.
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം വിശ്വാസികളുടെ എതിര്‍പ്പ് അവഗണിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് പിടിച്ചെടുത്ത നടപടി ഹിന്ദു സമൂഹം മറന്നിട്ടില്ല. ഇത്തരത്തില്‍ നിരവധി ക്ഷേത്രങ്ങള്‍ കൈയേറി, തോന്നുംപോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ള ഇടമാക്കി മാറ്റുകയെന്നതാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതേ സര്‍ക്കാര്‍, മറ്റുമതസ്ഥരുടെ കൈയേറ്റം കണ്ടില്ല എന്നു നടിക്കുന്നു. തലസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമി തങ്ങളുടേതായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന ക്രിസ്ത്യന്‍-മുസ്ലിം ആരാധനാലയങ്ങളുണ്ട്. അത്തരം കൈയേറ്റങ്ങള്‍ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണ് സര്‍ക്കാര്‍. മറ്റ് മതസ്ഥര്‍ കൈവശം വച്ചിരുന്ന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പിടിച്ചെടുത്ത് സര്‍ക്കാര്‍ ഭൂമിയാണെന്ന ബോര്‍ഡ് വയ്ക്കാനുള്ള ആര്‍ജ്ജവം ഇവിടുത്തെ ഭരണാധികാരികള്‍ക്കുണ്ടോ?.
തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുത്ത പിണറായി സര്‍ക്കാരിന്റെ അടുത്ത നടപടി പത്മനാഭ സ്വാമി ക്ഷേത്രം ലക്ഷ്യം വച്ചായിരിക്കാം എന്ന് ഹൈന്ദവ ജനത സംശയിക്കുന്നു. അങ്ങനെയുള്ള ഏതൊരു നീക്കത്തേയും ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. തീര്‍ത്ഥപാദ മണ്ഡപ പ്രശ്നം ഒറ്റപ്പെട്ട സംഭവമായി കാണാനും സാധിക്കില്ല. നീതി നടപ്പാക്കുക എന്ന വ്യാജേന ഇരുട്ടിന്റെ മറവില്‍ തങ്ങളുടെ അജണ്ട നടപ്പാക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. ഹൈന്ദവ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും ചോദ്യം ചെയ്ത ഈ നടപടി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതാണ് ഹിന്ദു സമൂഹം പ്രതീക്ഷിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: