കടയ്‌ക്കൽ: ചിതറ യത്തീംഖാനയിൽ കൃത്യമായി ബാങ്ക് വിളിക്കാൻ സാധിക്കാതിരുന്ന ബുദ്ധിമാന്ദ്യമുള്ള വിദ്യാർത്ഥിയെ ക്രൂരമായി തല്ലിച്ചതച്ചു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണനല്ലൂർ ആറാട്ടുപുഴ സ്വദേശി സിയാദി(18)നെ കടയ്‌ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
മാതാവ് നേരത്തെ മരിക്കുകയും പിതാവ് ഉപേക്ഷിച്ചുപോകുകയും ചെയ്ത കുട്ടി കഴിഞ്ഞ കുറച്ചു വർഷങ്ങളായി പല യത്തീംഖാനകളിലായി കഴിഞ്ഞുവരികയായിരുന്നു. സ്ഥിരമായി വാങ്ക് വിളിക്കുന്നത് ഈ കുട്ടിയായിരുന്നു. കഴിഞ്ഞ ദിവസം കൃത്യസമയത്ത് വാങ്ക് വിളിച്ചില്ലെന്ന കാരണം പറഞ്ഞാണ് യത്തീംഖാനയിലെ അന്തേവാസിയും നടത്തിപ്പുകാരുടെ സന്തത സഹചാരിയുമായ സിയാദ് കുട്ടിയെ മർദ്ദിച്ചത്. കമ്പ് ഉപയോഗിച്ചും പട്ടികകോൽ ഉപയോഗിച്ചും ക്രൂരമായി ശരീരത്തിന് പിൻഭാഗത്തും തുടകളിലും തലയിലും മർദ്ദിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. പൃഷ്ഠഭാഗം തുടർച്ചയായുള്ള അടിയിൽ പൊട്ടി ചോരയൊലിച്ച നിലയിലായിരുന്നു.
പഠന വൈകല്യം പ്രകടിപ്പിച്ചിരുന്ന കുട്ടിയായിരുന്നു ഇത്. പാഠ്യവിഷയങ്ങൾ കൃത്യമായി ഗ്രഹിക്കാനും തെറ്റുകൂടാതെ ബാങ്ക് വിളിക്കാനും കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം അറിയാമെങ്കിലും കുട്ടിയെ കൊണ്ട് നിർബന്ധപൂർവം ബാങ്ക് വിളിപ്പിക്കുകയായിരുന്നു. കടയ്‌ക്കൽ ഇൻസ്‌പെക്ടർ രാജേഷ്, എസ് ഐ സജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: