കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസം ഒന്‍പത് പിന്നിട്ടിട്ടും നടത്തിപ്പു ചുമതലകള്‍ നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതപ്പെട്ട പ്രതിഫലം നല്‍കിയിട്ടില്ല. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്ന് നിന്നും തുക ലഭ്യമായിട്ടും സംസ്ഥാനസര്‍ക്കാരിന്റെ ധനകാര്യവകുപ്പ് തുടരുന്ന അനാസ്ഥയാണ് ഇതിന് കാരണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു ആഴ്ചകള്‍ക്ക് മുമ്പുതന്നെ അവധി ദിവസങ്ങളില്‍ പോലും പകലും രാത്രിയും മാസങ്ങളോളം ജോലി ചെയ്ത പ്രധാന ഉദ്യോഗസ്ഥര്‍ക്കാണ് പ്രതിഫലം ലഭിക്കാത്തത്. ഓണറേറിയം എന്ന ശീര്‍ഷകത്തിലാണ് ഇവര്‍ക്ക് പ്രതിഫലം നല്‍കേണ്ടത്. സാധാരണയായി മൂന്നു മാസത്തിനുള്ളില്‍ ലഭിക്കേണ്ട തുകയാണിത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലങ്ങളിലൊന്നും ഇത്രയും താമസം വന്നിട്ടില്ലെന്നതാണ് വസ്തുത. ലോക്സഭ തെരഞ്ഞെടുപ്പ് നടന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും ഓണറേറിയം കൃത്യമായി നല്‍കിയിട്ടുണ്ട്.
ഓണറേറിയം ലഭിക്കേണ്ട ഉദ്യോഗസ്ഥരില്‍ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍മാര്‍, വരണാധികാരികളായ ജില്ലാ കളക്ടര്‍മാര്‍, ഉപ വരണാധികാരികള്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്.
ഒരു മാസത്തെ അടിസ്ഥാന വേതനമാണ് ഓണറേറിയമായി ലഭിക്കേണ്ടത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഓണറേറിയം പൂര്‍ണമായും അനുവദിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നാണ്. ധനകാര്യ വകുപ്പിലെ ചിലര്‍ ഇടങ്കോലിട്ടിരിക്കുന്നതാണ് പ്രതിഫലവിതരണത്തിന് കാലതാമസം സൃഷ്ടിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ശമ്പള ശീര്‍ഷകത്തിലേക്ക് ഫണ്ട് മാറ്റി ഉത്തരവിറക്കേണ്ടതുണ്ട്.
ട്രഷറിനിയന്ത്രണവും കൂടിയായപ്പോള്‍ ഈ സാമ്പത്തിക വര്‍ഷമെങ്കിലും ഓണറേറിയം കിട്ടുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥര്‍ കൈവിട്ടിരിക്കുകയാണ്. അതേസമയം ധനകാര്യവകുപ്പിന്റെ ആവശ്യപ്രകാരം വിശദമായ റിപ്പോര്‍ട്ടും കണക്കും വീണ്ടും നല്‍കിയിട്ടുണ്ടെന്നും ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തുക വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസില്‍ നിന്നുള്ള പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: