കൊച്ചി: മാതാ അമൃതാനന്ദമയിയുടെ അച്ഛനും കഥകളി കലാകാരനുമായിരുന്ന ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ പേരിലുള്ള ഈ വര്‍ഷത്തെ കഥകളി പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക്. കഥകളി രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനയ്‌ക്കാണ് പുരസ്‌കാരമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ.എ.കെ. സഭാപതി, എം.ആര്‍.എസ്. മേനോന്‍, ഡോ. രാമാ പി. വേണു, ഹരിദാസ് തമ്പുരാന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 50,000 രൂപയും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം.
മാര്‍ച്ച് 21ന് വൈകിട്ട് അഞ്ചിന് എറണാകുളം മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വി. സുഗുണാനന്ദന്‍ പത്താം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ നടി കവിയൂര്‍ പൊന്നമ്മ പുരസ്‌കാരവും, മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി സമ്മാനത്തുകയും കൈമാറും. മുന്‍ മന്ത്രി കെ. ബാബു, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസ്, കലാമണ്ഡലം മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ കലാധരന്‍, എഐടിയുസി നേതാവ് കെ.ബി. ഹനീഫ, ഡോ. പ്രേം നായര്‍, ഡോ. വിശ്വാല്‍ മര്‍വാഹ എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് കലാമണ്ഡലം ഗോപിയെക്കുറിച്ച് ഇടമണ്ണേല്‍ ഗോപി നിര്‍മിക്കുന്ന ഹ്രസ്വചിത്രം ‘അറിയപ്പെടാത്ത ഗോപിയാശാന്‍’ കവിയൂര്‍ പൊന്നമ്മ സ്വിച്ച് ഓണ്‍ ചെയ്യും. ശശി കളരിയേല്‍ ആണ് സംവിധായകന്‍. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ പി.കെ. സുധാകരന്‍, എം.ആര്‍.എസ്. മേനോന്‍, ഡോ. രാമാ പി. വേണു, ശശി കളരിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















