Categories: Main Article

രക്തത്തിന്‍ രക്തം

Published by

പിണറായിയുടെ പൂച്ചാണ്ടി പോലീസിന് അറിയുമോ രത്തന്‍ ലാലിനെ? ഗഫൂര്‍ കാ ദോസ്തുമാരുടെ ഫ്രീഡം പരേഡിന് അകമ്പടി സേവിക്കുന്ന നട്ടെല്ലില്ലാത്ത ജനുസ്സുകള്‍ക്ക് ആ പേര് അറിയാന്‍ സാധ്യത കുറവാണ്. ഇട്ടിരിക്കുന്ന കാക്കിക്കുപ്പായത്തിനടിയില്‍ ചെങ്കൊടികൊണ്ട് കോണകം ചുറ്റിയ കേരളത്തിലെ ഒരു വിഭാഗം പോലീസുകാരിപ്പോള്‍ അട്ടപ്പാടിയിലെ ഒരു പാവം ചെറുപ്പക്കാരനെ കയ്യോടെ പിടികൂടി രാജ്യത്താകമാനം ക്രമസമാധാനം ഉറപ്പാക്കിയതിന്റെ ആഘോഷത്തിലാണല്ലോ. അത്തരക്കാര്‍ക്ക് രത്തന്‍ലാല്‍ അഭിമാനമാകാനിടയില്ല.

ഭീകരരെ പാവാടത്തുമ്പിലൊളിപ്പിച്ച് പോലീസിനെതിരെ കൈവിരല്‍ ചൂണ്ടി നില്‍ക്കുന്ന മുഖംമൂടികള്‍ക്ക് വിപ്ലവകാരിപ്പട്ടം ചാര്‍ത്തിക്കൊടുത്ത മലയാള മാധ്യമങ്ങള്‍ രത്തന്‍ലാലിനെ കാണില്ല. അവര്‍ക്ക് തോക്കിന് നേരെ ചൂണ്ടിപ്പിടിച്ച അയാളുടെ ലാത്തി അലര്‍ജിയാണ്.  മതേതരവാദികളെ അടിച്ചമര്‍ത്താന്‍ മോദി അയച്ച ഭീകരന്മാരിലൊരാളാണ് അയാളെന്നാണ് തീവ്രവാദികളുടെ എച്ചില്‍ കാശ് വാങ്ങി മൃഷ്ടാന്നം തട്ടുന്ന ‘മതേതര’ മാധ്യമപ്പടയുടെ  വിലാപം.  

നാല്‍പത്തിരണ്ടുകാരനായ രത്തന്‍ ലാല്‍ എന്തിനാണ് കൊല്ലപ്പെട്ടതെന്ന് ചോദിക്കാനുള്ള ധാര്‍മ്മികത എങ്കിലും, എന്തിലും ഏതിലും മോദിവിരുദ്ധത കൊണ്ടാടുന്ന പേരുകേട്ട കേരളത്തിലെ മാധ്യമപ്പട കാട്ടേണ്ടതായിരുന്നു. അത് ജനങ്ങള്‍ക്കുമുന്നില്‍ എത്തിക്കേണ്ടതായിരുന്നു. ദല്‍ഹിയിലെ ഷഹീന്‍ബാഗിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും ഉയര്‍ന്നു ഒരു പന്തലെന്ന് കേരളം കാണാതെപോകുന്നിടത്താണ് പറഞ്ഞുകേള്‍ക്കുന്ന മതേതര കേരളവും ഭാരതത്തെ തകര്‍ക്കുമെന്ന് മുദ്രാവാക്യം മുഴക്കുന്ന ദല്‍ഹിയിലെ അക്രമിക്കൂട്ടവും ഐക്യപ്പെടുന്നത്. സ്വാഭാവികമായും അവര്‍ രത്തന്‍ലാലിന്റെ രക്തമുയര്‍ത്തുന്ന ചോദ്യങ്ങളെ ഭയപ്പെടും.

ഭയമെന്തെന്ന് അറിയാത്തവനാണ് രാജസ്ഥാന്‍കാരനായ രത്തന്‍ലാല്‍. തോക്കിന് മുന്നില്‍ നിര്‍ഭയനായി നെഞ്ചുവിരിച്ചുനില്‍ക്കാന്‍ കരുത്തുള്ളവന്‍. അഭിനന്ദ് വര്‍ധമാനായിരുന്നു രത്തന്റെ ഹീറോ. അഭിനന്ദന്റെ മീശയില്‍ ഗോകുല്‍പുരി സ്റ്റേഷന്‍ വാണവന്‍. സ്റ്റേഷന്‍ പരിധിയിലെ ലഹരി, ഗുണ്ടാ മാഫിയയുടെ തട്ടകങ്ങളില്‍ തുടര്‍ച്ചയായ റെയ്ഡുകള്‍ക്ക് നേതൃത്വം കൊടുത്തവന്‍. കല്ലേറും തീവെട്ടിക്കൊള്ളയുമായി തെരുവ് വാഴാന്‍ ഇറങ്ങിയ പാക്കിസ്ഥാന്റെ കൂലിക്കാരോട് ന്യായം പറയുകയായിരുന്നില്ല രത്തന്‍. നീതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം.  

എന്താണ് ഞങ്ങളുടെ അച്ഛന്‍ ചെയ്ത തെറ്റെന്ന് രത്തന്റെ പതിമൂന്നും പതിനൊന്നും വയസ്സുള്ള പെണ്‍മക്കള്‍ ദല്‍ഹി പോലീസ് കമ്മിഷണറോട് ചോദിക്കുന്ന ചിത്രം എത്ര ദുസ്സഹമാണ്! ഹോളി ആഘോഷിക്കാന്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ അച്ഛന്റെ ചേതനയറ്റ ശരീരമായി മുന്നിലെത്തിയത് കണ്ട രത്തന്റെ എട്ടുവയസ്സുകാരന്‍ മകന്റെ അമ്പരപ്പിന് ആര് ഉത്തരം നല്‍കാനാണ്! ഒരു രാജ്യത്തെയാകെ നുണയുടെ കാട്ടുതീയില്‍ കരിച്ചുകളയാനുള്ള വെറിയുമായി പ്രചാരവേല നടത്തിയവര്‍ മാന്യതയുടെ കുപ്പായവുമിട്ട് മതേതരത്വം പ്രസംഗിക്കുമ്പോഴാണ് രത്തന്‍ലാല്‍ പട്ടടയിലെരിയുന്നതെന്ന് മറന്നുപോകരുത്.

സമാധാനമായിരുന്നു രത്തന്‍ലാലിന്റെ വഴി. പിരിച്ചുയര്‍ത്തിയ വര്‍ധമാന്‍ മീശയ്‌ക്ക് താഴെ നിറഞ്ഞ ചിരിയായിരുന്നു രത്തന്റെ പ്രത്യേകത. സംഘര്‍ഷമോ കലഹമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ പരിഹാരമാര്‍ഗങ്ങള്‍. എന്നിട്ടും രത്തന്‍ലാല്‍ ബലിയായി. ഒരു കുടുംബം അനാഥമായി. ധീരനായ ഒരു പോരാളി ഇല്ലാതായെന്ന് അഡീഷണല്‍ ഡിസിപി ബൃജേന്ദ്രയാദവിന്റെ സാക്ഷ്യപത്രം.  

പേര് രത്തന്‍ലാല്‍, വയസ്സ് 42. രാജസ്ഥാനിലെ സീകറില്‍ ഇടത്തരം കുടുംബത്തില്‍ ജനനം. 1998 മുതല്‍ ദല്‍ഹി പോലീസില്‍. ഇപ്പോള്‍ ഗോകുല്‍പുരി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപം നിയന്ത്രിക്കുന്നതിനിടെ അക്രമിയുടെ വെടിയേറ്റ് വീരമൃത്യു വരിച്ചു… വിശദീകരണങ്ങള്‍ അവിടെത്തീരുന്നു. പക്ഷേ ദയാല്‍പൂരിലെ തെരുവില്‍ ചിതറിയ ചോരത്തുള്ളികള്‍ രാജ്യത്തോട് പക്ഷേ അതിലുമപ്പുറം ഏറെ പറയുന്നുണ്ട്.  

രത്തന്‍ വീണ് ദിവസമൊന്ന് പിന്നിട്ടപ്പോള്‍ കല്ലേറില്‍ കൊല്ലപ്പെട്ട ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ മൃതദേഹം ദല്‍ഹിയിലെ അഴുക്ക് ചാലില്‍ നിന്ന് കണ്ടെടുത്തു. കലാപം ശമിച്ചെന്ന് അധികാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. യഥാര്‍ത്ഥ കലാപകാരികള്‍ നുണയുടെ തൂലികയില്‍ മനുഷ്യരക്തം നിറച്ച് നുണക്കഥകള്‍ പിന്നെയും പിന്നെയും എഴുതിക്കൊണ്ടേയിരിക്കുന്നു. ചാനലുകളായും വാര്‍ത്താ അവതാരകരായും മതേതരത്വ സംരക്ഷകരായുമൊക്കെ നുണവ്യാപാരികള്‍ പിന്നെയും മരണത്തിന്റെ മണം പിടിച്ച് രാജ്യത്തിന്റെ തെരുവുകളില്‍ വെറിപൂണ്ട് നടക്കുന്നു. രത്തന്‍ലാലിന്റേത് മറക്കരുതാത്ത മുഖമാണ്. മഹാധീരത നിറഞ്ഞ നിത്യമൗനത്തിന്റെ മുഖം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by