ന്യൂദല്‍ഹി : വടക്ക് കിഴക്കന്‍ ദല്‍ഹില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അരങ്ങേറിയ പ്രതിഷേധങ്ങളുമായി ബന്ധപ്പട്ട് 148 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 25 എണ്ണം തോക്ക് ഉപയോഗിച്ചതിന് സായുധ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. വിവിധ കേസുകളിലായി 630 പേര് അറസ്റ്റിലാണെന്നും ദല്‍ഹി പോലീസ് അറിയിച്ചു.
ജാഫ്രാബാദ്, മൗജാപുര്‍, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജന്‍പുര, കബീര്‍ നഗര്‍, ബാബര്‍പുര, സീലാംപുര്‍ തുടങ്ങി വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് കലാപാന്തരീക്ഷം ഉടലെടുത്തത്. തുടര്‍ന്ന് അര്‍ധ സൈനിക വിഭാഗത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ചതോടെയാണ് കലാപാന്തരീക്ഷം ശാന്തമായത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ദല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. രണ്ട് പ്രത്യേക അന്വേഷണ സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
വിശദമായ പരിശോധനകള്‍ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിദഗ്ധരെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് മന്ദീപ് സിങ് രന്ധവ പറഞ്ഞു. കാലാപത്തിന് നാല് ദിവസങ്ങള്‍ക്ക് ശേഷം ദല്‍ഹി ഇപ്പോള്‍ ശാന്തമായിക്കൊണ്ടിരിക്കുകയാണ്. നിരോധനാജ്ഞയില്‍ ഇളവ് വരുത്തിയിട്ടുണ്ടെന്നും കടകള്‍ തുറക്കാന്‍ തുടങ്ങിയെന്നും രന്ധവ അറിയിച്ചു.
അതേസമയം കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42ലെത്തി. വെള്ളിയാഴ്ച നാലു പേര് മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. എന്നാല്‍ മരിച്ചവരില്‍ 26 പേരെ മാത്രമേ തിരിച്ചറിയാനായിട്ടുള്ളൂ. ബാക്കിയുള്ളവരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 150 ഓളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭുരിഭാഗം ആളുകള്‍ക്കും പരിക്കേറ്റിരിക്കുന്നത് വെടിയേറ്റാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഏഴായിരത്തോളം അര്‍ധ സൈനികരെയാണ് കേന്ദ്രം തലസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: