കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളില്‍ വിവിധ തലങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പരിഹരിക്കാന്‍ മാര്‍ഗരേഖപുറത്തിറക്കി. ദുരിതാശ്വാസ നിധി സഹായത്തിനുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഒട്ടേറെ ആശയക്കുഴപ്പങ്ങളുണ്ടാകുന്നുവെന്ന് റവന്യൂ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് സര്‍ക്കുലറിലേക്ക് നയിച്ചത്. ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ട അപേക്ഷകളെക്കുറിച്ചും ഇതില്‍ ഉള്ളടക്കം ചെയ്യേണ്ട രേഖകളെ സംബന്ധിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വരെ ആശയക്കുഴപ്പത്തിലാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അപേക്ഷയില്‍ അപേക്ഷകന്റെയോ ഗുണഭോക്താവിന്റെയോ ഫോണ്‍നമ്പര്‍ ഇല്ലാതിരിക്കുകയും ലഭ്യമായ വിലാസത്തില്‍ അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വരുന്നതും ഓഫീസര്‍മാര്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടിയെ സംബന്ധിച്ച നിര്‍ദേശത്തില്‍ അര്‍ഹമായ സഹായം അപേക്ഷകന് ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസര്‍ പരമാവധി നടപടിയെടുക്കണമെന്നും ഒരപേക്ഷ പോലും നിരസിക്കരുതെന്നും വ്യക്തമാക്കുന്നു. അക്ഷയകേന്ദ്രങ്ങള്‍ കാരണമുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളായി ചൂണ്ടിക്കാട്ടിയത് സര്‍വീസ് ചാര്‍ജ് അധികം ഈടാക്കലും അപ്ലോഡ് ചെയ്യുന്ന തെറ്റായ വിവരങ്ങളുമാണ്. ഇത് സര്‍ക്കാര്‍തലത്തില്‍ തന്നെ അക്ഷയകേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്കി പരിഹരിക്കുമെന്നാണ് വാഗ്ദാനം. സ്വകാര്യജനസേവന കേന്ദ്രങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കുലര്‍ വിശദമാക്കുന്നു.
സഹായധനം നല്കാന് നിശ്ചയിച്ച വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെയെന്നത് വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫൈ ചെയ്താലും തഹസില്‍ദാരും കളക്ടറും കൃത്യമായ വരുമാനം രേഖപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നത് കാരണമുണ്ടാക്കുന്ന പ്രയാസങ്ങളും ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതിന് പരിഹാരമായി അര്‍ഹമായ കേസുകളില്‍ വാര്‍ഷിക വരുമാനപരിധി രണ്ട് ലക്ഷത്തിന് താഴെ അല്ലെങ്കില്‍ രണ്ട് ലക്ഷം എന്നു രേഖപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്.
ഗുണഭോക്താവും അപേക്ഷകനും ഒരാളാകുകയും സഹായധനം അനുവദിച്ചെത്തുമ്പോള്‍ അപേക്ഷകന് മരിക്കുകയും ചെയ്യുന്ന കേസുകളില്‍ ഏറ്റവുമടുത്ത അവകാശിക്ക് സര്‍ക്കാര്‍ അനുമതിയോടെ തുക കൈമാറാനാണ് നിര്‍ദേശം. റവന്യൂ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സര്‍ക്കുലര്‍ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും അതത് കളക്ടര്‍മാര്‍ മുഖേന കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: