കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ജനക്ഷേമത്തിനാവിഷ്ക്കരിക്കുന്ന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. പ്രധാനമന്ത്രി ആവാസ് യോജനയുടെ രണ്ട് ഘട്ടങ്ങളിലായി 41,431 വീടുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
എന്നാല്‍, 16,401 വീടുകള്‍ മാത്രമാണ് ലൈഫ് മിഷന് പദ്ധതിയുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്. തുക ചെലവാക്കിയതിന് കൃത്യമായ കണക്കില്ല. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് എത്ര രൂപ ചെലവായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിലും പിഴവ് സംഭവിച്ചു. അര്‍ഹരായവര്‍ക്കല്ല ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്, അദ്ദേഹം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വയംതൊഴില്‍ പദ്ധതികള്‍, സൗജന്യ ഗ്യാസ് കണക്ഷന്-വൈദ്യുതീകരണം തുടങ്ങിയ നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. സംസ്ഥാനത്ത് വര്‍ഷത്തില്‍ 430 കുട്ടികളെ കാണാതാകുന്നുണ്ട്, ഒരുമാസം 43 കുട്ടികളും. ജനങ്ങള്‍ ആശങ്കയിലാണ്. വലിയ പോലീസ് സന്നാഹങ്ങളും സംവിധാനങ്ങളും നമുക്കുണ്ടെങ്കിലും മുഖ്യമന്ത്രി ഈ വിഷയം ലാഘവത്തോടെയാണ് കാണുന്നത്. പ്രസ്തുത വിഷയം കേന്ദ്രമന്ത്രി അമിത് ഷായുടേയും ശിശുക്ഷേമ വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ജില്ലാ പ്രസിഡന്റ് വി.എന്‍. വിജയനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: