ബൗദ്ധദാര്ശനികരും ഈ വിഷയത്തില് അവരുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ശാലിസ്തംബസൂത്രത്തിലെ വിവരണം ചന്ദ്രകീര്ത്തി എന്ന ബൗദ്ധാചാര്യന് ഇപ്രകാരം വിശദമാക്കുന്നു ആറു ഘടകങ്ങള്(ധാതുക്കള്) ചേര്ന്നാണ് ഭ്രൂണം രൂപപ്പെടുന്നത് (ഷണ്ണാം ധാതൂനാം സമവായാല്). ശരീരഘടകങ്ങളെ യോജിപ്പിച്ചു നിര്ത്തുന്ന ധാതുവാണ് പൃഥ്വീധാതു. ഖര,ദ്രവരൂപത്തിലുള്ള ഭക്ഷണത്തെ ദഹിപ്പിക്കുന്നതാണ് അഗ്നിധാതു. ഉച്ഛ്വാസനിശ്വാസങ്ങളുണ്ടാക്കുന്നതാണ് വായുധാതു. ശരീരത്തിലെ നിരവധി സുഷിരങ്ങളുണ്ടാക്കുന്നതാണ് ആകാശധാതു. അറിവ് ഉണ്ടാക്കുന്നതാണ് വിജ്ഞാനധാതു. ഇവ ആറും ചേരുമ്പോളാണ് ശരീരം ഉണ്ടാകുന്നത് (സര്വേഷാം സമവായാല് കായസ്യോല്പത്തിര്ഭവതി). മറ്റു പല തരം കാരണങ്ങളുമായി ചേര്ന്ന് വിജ്ഞാനധാതു നാമരൂപാത്മകമായ അങ്കുരത്തെ ഉല്പാദിപ്പിക്കുന്നു. ്അങ്ങനെ രൂപപ്പെടുന്ന ഭ്രൂണം അതു തനിച്ചോ, അതും മറ്റൊരു ഭ്രൂണവും ചേര്ന്നോ, ഈശ്വരനോ, കാലമോ, പ്രകൃതിയോ, ഒരൊറ്റ കാരണമോ, അകാരണമോ അല്ല
ഭ്രൂണത്തെ നിര്മ്മിക്കുന്നത്. പിന്നെയോ, മാതാപിതാക്കളുടെ അംശങ്ങള് അനുയോജ്യമായ കാലവേളയില് ചേരുമ്പോഴാണ് അതുണ്ടാകുന്നത്. മാതാപിതാക്കളുടെ അംശങ്ങള് മേല്പ്പറഞ്ഞ ആദ്യത്തെ അഞ്ചു ധാതുക്കളെ നല്കുന്നു. അവ ആറാമത്തെ ധാതവായ വിജ്ഞാനധാതുവുമായി ചേര്ന്ന് ഒരുമിച്ചു പ്രവര്ത്തിക്കുന്നു (മാധ്യമികവൃത്തി). ആറു ധാതുക്കളുടെ സംയോജനഫലമാണ് ഭ്രൂണം എന്ന ഈ ബൗദ്ധകല്പന ചരകന്റെവാക്കുകളെ ഓര്മ്മിപ്പിക്കുന്നു (ചരകസംഹിതാ 4. 3). ഭ്രൂണത്തിന്റെ ഉത്ഭവവികാസങ്ങളുടെ കാരണങ്ങളെപ്പറ്റി വിവിധആചാര്യന്മാര് തമ്മില് നടത്തിയ ചര്ച്ചയുടെ സംഗ്രഹം ഈ ഭാഗത്ത് ചരകാചാര്യര് നല്കുന്നുണ്ട്. ആത്രേയനും ഭരദ്വാജനും തമ്മിലുള്ള നീണ്ട സംവാദം ഈ വിഷയത്തില് ആചാര്യന്മാര് എത്ര ആഴത്തിലും യുക്തിബദ്ധമായും ചിന്തിച്ചിരുന്നു എന്നതിനെ വ്യക്തമാക്കുന്നു. അണ്ഡജം, ജരായുജം, സ്വേദജം, ഉല്ഭിദം എന്നിങ്ങനെ നാലുതരം ജീവജാലോല്പത്തിയെ പരാമര്ശിക്കുന്നുണ്ട്. ശരീരഭാഗങ്ങള് മാതാപിതാക്കളില് നിന്നും ലഭിക്കുന്നതാണെങ്കിലും ജ്ഞാനേന്ദ്രിയങ്ങള് ശിശുവിന്റെ ആത്മാവില് നിന്നുണ്ടാകുന്നതും ആത് പൂര്വജന്മകര്മ്മവും ആയി ബന്ധപ്പെട്ടതാണെന്നും പറയുന്നു. ഈ അഞ്ച് ഇന്ദ്രിയങ്ങളും മനസ്സ് അഥവാ സത്വവും ചേര്ന്നാലാണ് ആത്മാവിനു പ്രപഞ്ചബോധം അനുഭവപ്പെടുന്നത്. പക്ഷെ ഈ ആത്മാവിന് മനസ്സ് സദാ കൂടെ ഉള്ളതിനാല് ജ്ഞാനേന്ദ്രിയങ്ങള് ചേരാതെ തന്നെ സ്വബോധം ഉണ്ട്. സ്വപ്നാവസ്ഥ അതിനു തെളിവായി പറയുന്നു. പ്രായോഗികമായ പ്രവൃത്തിക്ക് പഞ്ചേന്ദ്രിയങ്ങളുടെയും മനസ്സിന്റെയും സഹായം ആവശ്യമാണെങ്കിലും അവയുടെ അഭാവത്തിലും ആത്മാവിന് തന്റെ സ്വരൂപാവസ്ഥയില് എല്ലാ തരത്തിലുമുള്ള അറിവു നേടാന് കഴിയുമെന്ന് ആത്രേയന് അഭിപ്രായപ്പെടുന്നു. കുടം ഉണ്ടാക്കാന് അറിയുന്ന കുംഭകാരന് മറ്റു സാമഗ്രികളുടെ സഹായമുണ്ടെങ്കിലല്ലേ നിര്മ്മാണം സാധ്യമാകൂ.
ആത്മാവിനെക്കുറിച്ചുള്ള ചരകസംഹിതയിലെ കല്പ്പന (ചക്രപാണിയുടെ വ്യാഖ്യാനമനുസരിച്ച്) സാംഖ്യം, വേദാന്തം, ന്യായവൈശേഷികം എന്നീ ഇതരഹിന്ദുദര്ശനങ്ങളില് നിന്നും വ്യത്യസ്തമാണെന്നു ദാസ്ഗുപ്ത പറയുന്നു. അത് സാംഖ്യന്മാര് പറയുന്നതുപോലെ കേവലം ശുദ്ധബുദ്ധി അല്ല. വേദാന്തികളുടെ സച്ചിദാനന്ദവുമല്ല അത്. ന്യായവൈശേഷികര്ക്ക് മനസ്സ് അണുവാണ്. അതിനാല് ആത്മാവിന് മനസ്സുമായി ഇവിടെ സ്വീകരിച്ചതു പോലെ എപ്പോഴും ബന്ധമില്ല. എന്നാല് ആത്മാവിന് എപ്പോഴും അമൂര്ത്തമായ ബോധമുണ്ടെന്ന കല്പനക്ക് സാംഖ്യവേദാന്തകല്പനകളുമായി നേരിയ സാദൃശ്യം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: