ന്യൂദല്‍ഹി : കലാപം സംബന്ധിച്ച കേസ് പരിഗണിച്ചതിന് ദല്‍ഹി ഹൈക്കോടതി ജസ്റ്റിസിനെ അര്‍ധരാത്രി സ്ഥലം മാറ്റിയതായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സ്വകാര്യ മാധ്യമങ്ങള്‍. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചതിന് ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയതായി ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിടുകയായിരുന്നു.
എന്നാല്‍ ജസ്റ്റിസ് എസ്. മുരളീധറിനെ ഫെബ്രുവരി 12ന് തന്നെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. സ്ഥലം മാറ്റം സംബന്ധിച്ച സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഈ മാസം 12ന് തന്നെ തീരുമാനമെടുക്കുകയായിരുന്നു.
ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്.വി. മോറിനെ മേഘാലയ ഹൈക്കോടതിയിലേക്കും, ദല്‍ഹി ഹൈക്കോടതി ജഡ്ജി എസ്. മുരളീധറിനെ ഹരിയാന- പഞ്ചാബ് ഹൈക്കോടതിയിലേക്കും കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജ് രവി മാലിമത്തിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്ക് നിയമിക്കാനും 12ന് ഉത്തരവിറക്കിയിരുന്നു.
ജസ്റ്റിസ് മുരളീധര്‍ ദല്‍ഹി ഹൈക്കോടതി സീനിയോരിട്ടിയില്‍ രണ്ടാമനാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തെ ദല്‍ഹി ചീഫ് ജസ്റ്റിസ് ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന് സുപ്രീംകോടതിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 19 ന് തന്നെ ബാര്‍ അസോസിയേഷന്റെ ഈ ആവശ്യം കൊളീജിയം നിരസിക്കുകയായിരുന്നു. എസ്. മുരളീധറിന്റെ മാതാപിതാക്കള്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോള്‍ ആണ് വിരമിച്ചത്. അതിനാല്‍ മുരളീധറിനെ വീണ്ടും ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമായിരിക്കും എന്നാണ് കൊളീജിയം നല്കിയ വിശദീകരണം.
ജസ്റ്റിസ് മുരളീധറിന്റെ അനുമതിയോടെയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കേന്ദ്രനിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ വിവാദങ്ങള്‍ക്ക് യാതൊരു സാധ്യതയുമില്ല. അനാവശ്യമായി വിഷയങ്ങള്‍ വളച്ചൊടിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ടാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത്.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചതിനാലാണ് മുരളീധറിനെ സ്ഥലം മാറ്റിയതെന്നാണ് ചില നേതാക്കളും പ്രചരിപ്പിക്കുന്നത്. അതേസമയം കലാപം പോലെ സുപ്രധാനമായ കേസുകള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് അവധിയിലായതിനാല്‍ താന്‍ എടുക്കുകയാണെന്ന് അറിയിച്ച് ജസ്റ്റിസ് മുരളീധര്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു. ഇന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് തന്നെ കേസ് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: