പുനലൂര്‍: പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് വരുംവഴി വനവാസി യുവതി റോഡരികില്‍ ബന്ധുവിന്റെ വീട്ടുമുറ്റത്ത് ആണ്‍കുഞ്ഞിന് ജന്മം നല്കി. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിവാസിയായ സുജിത(23)യാണ് ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. അഞ്ചരയോടെയാണ് സുജിതയ്ക്ക് പ്രസവ വേദന തുടങ്ങിയത്. വിവരമറിഞ്ഞ് ഭർത്താവ് അനന്തുവും ബന്ധുക്കളും പ്രമോട്ടര്‍ കെ.ശൈലജയും ചേർന്ന് ജീപ്പുപിടിച്ച് ചെങ്കോട്ടവഴി ആശുപത്രിയിലേയ്ക്ക് പുറപ്പെട്ടു. പള്ളിവാസലില്‍ എത്തിയപ്പോഴേയ്ക്കും വേദന കലശലായി. സുജിതയുടെ ആവശ്യപ്രകാരം ജീപ്പില്‍ നിന്നും പുറത്തിറക്കി തൊട്ടടുത്ത് ബന്ധുവീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് വീട്ടുമുറ്റത്ത് പ്രസവിച്ചത്. സമയം അപ്പോള്‍ ഏഴേമുക്കാലായിരുന്നു. പിന്നീട് അച്ചന്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നഴ്സിനെ വരുത്തി പൊക്കിള്‍ക്കൊടി മുറിച്ചു പ്രാഥമിക പരിചരണവും നല്കിയ ശേഷം താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.
തിങ്കളാഴ്ച രാവിലെ പ്രൊമോട്ടര്‍ക്കൊപ്പം സുജിത താലൂക്ക് ആശുപത്രിയില്‍ പരിശോധനനയ്ക്ക് എത്തിയിരുന്നു. മടങ്ങി വീട്ടില്‍ എത്തിയശേഷമാണ് പ്രസവവേദന അനുഭവപ്പെട്ടത്. സുജിതയുടെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യപ്രസവം വീട്ടിലായിരുന്നു. അന്ന് പിറന്ന പെണ്‍കുട്ടിയ്ക്ക് മൂന്നു വയസുണ്ട്.
അച്ചന്‍കോവിലില്‍ നിന്നുള്ള വനവാസി പെണ്‍കുട്ടികള്‍ യാത്രാമധ്യേ പ്രസവിച്ച സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. രണ്ടര മണിക്കൂറിലേറെ യാത്ര ചെയ്താലേ പുനലൂരില്‍ എത്താനാവൂ. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈ എടുത്ത് അച്ചന്‍കോവിലിന് വേണ്ടി ആംബുലന്‍സ് സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ലഭ്യമാവുന്നില്ലെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: