പതഞ്ജലിയുടെ യോഗസൂത്രത്തിന്റെ ഒരു പ്രധാനഭാഷ്യം വ്യാസഭാഷ്യം ആണ്. അതില്‍ ആ ഭാഷ്യകാരന്‍ സാംഖ്യന്റെ ഈ സൂക്ഷ്മശരീരകല്‍പനയെ വിമര്‍ശിക്കുന്നതു (ഘടപ്രാസാദപ്രദീപകല്‍പം സങ്കോചവികാസി ചിത്തം ശരീരപരിമാണാകാരമാത്രം ഇത്യപരേ പ്രതിപന്നാഃ വ്യാസഭാഷ്യം, പാതഞ്ജലയോഗസൂത്രം, 4. 10) കാണാം. ഈ ഭാഷ്യത്തില്‍ പറയുന്ന യോഗവീക്ഷണത്തെ വാചസ്പതിമിശ്രന്‍ ഇപ്രകാരമാണ് വിശദമാക്കുന്നത്. സാംഖ്യസിദ്ധാന്തമനുസരിച്ച് ചിത്തത്തിന് ആതിവാഹിക (സൂക്ഷ്മം) ശരീരവുമായി ബന്ധപ്പെടാതെ മൃതദേഹത്തില്‍ നിന്നും പുറത്തുവന്ന് മറ്റൊരു ശരീരത്തില്‍ പ്രവേശിക്കുവാന്‍ സാധ്യമല്ല. കേവലം സങ്കോചവികാസങ്ങള്‍ കൊണ്ട് മാത്രം ചിത്തത്തിന് ഈ കൂടുവിട്ടുകൂടുമാറ്റം സാധ്യമല്ല. അങ്ങനെ ആണെങ്കില്‍ അതായത് പരാശ്രയം കൂടാതെ ഒരു ദേഹത്തില്‍ നിന്നും മറ്റൊരു ദേഹത്തിലേക്കു സ്വയം മാറാന്‍ കഴിയുകയില്ലെങ്കില്‍ മൃതശരീരത്തില്‍ നിന്നും മേല്‍പ്പറഞ്ഞ സൂക്ഷ്മശരീരത്തിലേക്ക് ചിത്തത്തിന് എങ്ങിനെപ്രവേശിക്കാന്‍ കഴിയും? അതിന് മറ്റൊരു സൂക്ഷ്മശരീരം കല്‍പ്പിക്കേണ്ടി വരുമല്ലോ. അങ്ങിനെയെങ്കില്‍ അത് അനന്തമായി കല്‍പ്പിക്കേണ്ടി വരുന്ന അവസ്ഥ, അതായത് അനവസ്ഥ എന്ന യുക്തിഭംഗം ആകും. ചിത്തം അനാദികാലം തൊട്ടു തന്നെ സൂക്ഷ്മശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കരുതുകയാണെങ്കില്‍ അത്തരമൊരു സൂക്ഷ്മശരീരത്തെ ഇന്നു വരെ ആരും കണ്ടിട്ടില്ല (ന ഖലു ഏതത് അധ്യക്ഷഗോചരം) എന്നതാണു സത്യം. അനുമാനമെന്ന പ്രമാണം കൊണ്ട് അവശ്യം അറിഞ്ഞേ തീരൂ എന്നും കരുതുവാന്‍ സാധ്യമല്ല. കാരണം ഇത്തരമൊരു സൂക്ഷ്മശരീരത്തെ സങ്കല്‍പ്പിക്കാതെ തന്നെ യോഗസിദ്ധാന്തപ്രകാരം ഇതിനു വിശദീകരണം നല്‍കാന്‍ കഴിയും എന്നതു തന്നെ. യോഗദര്‍ശനമനുസരിച്ച് ചിത്തം എങ്ങും നിറഞ്ഞുനില്‍ക്കുന്ന ഒന്ന് (വിഭു) ആണ്. ഓരോ ആത്മാവിനും ഒരോ ചിത്തമാണുള്ളത്. ഏതെങ്കിലുമൊരു ശരീരവുമായി ഒരു ആത്മാവു ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അതിന്റെ ചിത്തവൃത്തി നോക്കി അറിയാന്‍ കഴിയും. അതായത് മൃതശരീരത്തില്‍ വിഭുവായ ചിത്തത്തിന്റെ വൃത്തികള്‍ കെട്ടടങ്ങുകയും നവജാതനില്‍ അത് പ്രകടമാകുകയും ചെയ്യും എന്നര്‍ത്ഥം.
അതുകൊണ്ട് ആതിവാഹികശരീരകല്‍പനയുടെ ആവശ്യമേ വരുന്നില്ല (ആതിവാഹികത്വം ന തസ്യ മൃശ്യാമഹേ വാചസ്പതിയുടെ തത്വവൈശാരദീ, 4.10). വാചസ്പതിയുടെ പക്ഷത്തില്‍ പുരുഷന്‍ എന്ന സത്ത ഭൗതികമല്ല. തന്മൂലം മഹാഭാരതത്തിലും(അംഗുഷ്ഠമാത്രം പുരുഷം നിശ്ചകര്‍ഷ യമോ ബലാല്‍ സത്യവാന്റെ ശരീരത്തില്‍ നിന്നും യമന്‍ തള്ളവിരലിന്റെ വലിപ്പമുള്ള പുരുഷനെ ബലമായി വലിച്ചെടുത്തു3. 296. 17. സാംഖ്യപ്രവചനഭാഷ്യത്തി (5. 103) ല്‍ ഈ ഭാഗം ഉദ്ധരിക്കുന്നുണ്ട്. അംഗുഷ്ഠമാത്രം എന്നത് ലിംഗദേഹത്തിന്റെവലുപ്പമാണെന്ന് അവിടെ പറയുന്നുമുണ്ട്.) മറ്റും പറയുന്നതുപോലെ അതിനെ ശരീരത്തില്‍ നിന്നും വലിച്ചൂരിയെടുക്കാന്‍ കഴിയുകയില്ല. ചിത്തവൃത്തികള്‍ നിലച്ചു എന്നതാണ് അവിടെ അര്‍ത്ഥം കല്‍പ്പിക്കേണ്ടത് (ന ചാസ്യ നിഷ്‌കര്‍ഷസ്സംഭവതി ഇതി ഔപചാരികോ വ്യാഖ്യേയസ്തഥാ ച ചിതേശ്ചിത്തസ്യ ച തത്ര തത്ര വൃത്ത്യഭാവ ഏവ നിഷ്‌കര്‍ഷാര്‍ത്ഥഃ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: