ഗുരുവായൂർ: ഗജരാജരത്നം ഗുരുവായൂർ പദ്മനാഭൻ (84) ചരിഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടേകാൽ മണിയോടെ ഗുരുവായൂർ ആനക്കോട്ടയിൽ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യസംബന്ധമായി കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്നു. ഏഴുന്നെള്ളിപ്പിന് ഏറ്റവും കൂടുതൽ തുക വാങ്ങുന്ന തലയെടുപ്പുള്ള ആനയായിരുന്നു ഗുരുവായൂർ പദ്മനാഭൻ. 2.25 ലക്ഷം വരെയാണ് ഏക്കം.
2004 ഏപ്രിലിൽ നെന്മാറ വല്ലങ്ങി വേലയ്‌ക്ക് ഒരു ദിവസത്തേയ്‌ക്ക് പദ്മനാഭന് ലഭിച്ചത് രണ്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി രണ്ട് രൂപ ഏക്കത്തുകയായി ലഭിച്ചിരുന്നു. അനാരോഗ്യം കാരണം ഏറെനാളായി ഏഴുന്നെള്ളിപ്പുകളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനായിരുന്നു ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ പദ്മനാഭൻ. നിലമ്പൂർ കാടുകളിൽ പിറന്ന പദ്മനാഭനെ ആലത്തൂരിലെ സ്വാമിയിൽ നിന്നാണ് ഒറ്റപ്പാലത്തെ ഇ.പി ബ്രദേഴ്സ് വാങ്ങി ഗുരുവായൂരിൽ നടയ്‌ക്കിരുത്തിയത്.
1954 ജനുവരി 18നാണ് പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്. ഐശ്വര്യം നിറഞ്ഞ മുഖവിരി ഉൾപ്പടെ ഗജലക്ഷണങ്ങളെല്ലാം തികഞ്ഞ കൊമ്പനായിരുന്നു പദ്മനാഭൻ. 14-ാം വയസ്സില് പദ്മനാഭൻ ഗുരുവായൂരെത്തി. 2004 ല് ദേവസ്വം ‘ഗജരത്‌നനം’ ബഹുമതി നല്കി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില് നിന്നും ഉത്സവപറമ്പുകളില് നിന്നും ലഭിച്ച ബഹുമതികൾ വേറെ അസംഖ്യമുണ്ട്. തിടമ്പെടുത്തു നിന്നാൽ കാണാവുന്ന അന്തസ്സു തന്നെയാണ് പദ്മനാഭനെ ഉത്സവക്കമ്പക്കാരുടെ പ്രിയങ്കരനാക്കുന്നത്. തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നു.
ഉത്സവ പറമ്പുകളിലെ ദേവ ചൈതന്യം, ഏത് ഉത്സവപറമ്പുകളിലും ഇവനെക്കാൾ വലിയ രാജക്കന്മാർ ഉണ്ടായാലും ആ ദേവചൈതന്യം എഴുന്നെള്ളുന്നത് ഇവന്റെ പുറത്തേറിയാവും. അതാണ് ഗുരുവായൂര് പത്മനാഭൻ. കേരളകരയിലെ നിരവധി ഗജമേളക്ക് നേതൃത്വം നൽകിയ പരമേന്മതയുടെ വീരനായകന് പ്രായം കുറച്ചേറിയെങ്കിലും അവന്റെ ആ ഐശ്വര്യത്തിനും, ചൈതന്യത്തിനും ഇന്നും യാതൊരു കുറവും വന്നിരുന്നില്ല. ശാന്തസ്വഭാവിയായ പദ്മനാഭന് ക്ഷേത്രാചാരങ്ങൾ കൃത്യമാണ്.
കേരളത്തിലെ ആയിരത്തോളം വരുന്ന നാട്ടാനകളിലെ അതുല്യ തേജസായിരുന്നു ആനകളിലെ ദൈവവും ദൈവത്തിന്റെ സ്വന്തം ആനയുമായ ഗുരുവായൂർ പത്മനാഭൻ. മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചു ചുമടുചുമക്കാനും ചുവടുവെക്കാനുമുള്ള ഇത്തിരിവലിയൊരു നാൽക്കാലി മാത്രമാണ് ബഹുഭൂരിപക്ഷം മനുഷ്യർക്കും ആനകളെങ്കിൽ, ഗുരുവായൂർ പത്മനാഭൻ എന്ന അതുല്ല്യ പിറവി മലയാളികൾക്ക് കൺകണ്ടദൈവം തന്നെയാണ്. സാക്ഷാൽ ഗുരുവായൂരപ്പനെ തൃക്കൺപാർക്കുന്ന ആത്മീയാനുഭൂതിയോടെയാണ് പദ്മനാഭനെ ഭക്തർ കണ്ടിരുന്നത്. ഗുരുവായൂർ കേശവൻ എന്ന ഇതിഹാസതാരം പിറന്നു വളർന്ന നിലമ്പൂർക്കാടുകളിൽ നിന്നാണ് പത്മനാഭനും മനുഷ്യർക്കിടയിലേക്ക് എത്തിച്ചേരുന്നത്.
ഗുരുവായൂർ കേശവന്റെ ഏകഛത്രാധിപത്യത്തിനു തിരശ്ശീല വീണതോടെ പുന്നത്തൂർ ആനക്കോട്ടയുടെ രാജസിംഹാസനത്തിലേക്കും ഗുരുവായൂരപ്പന്റെ പ്രതിപുരുഷ പദവിയിലേക്കും ഉയർത്തപ്പെട്ട പദ്മനാഭൻ പിന്നീട് അവിടം മുതൽ ഇങ്ങോട് ആനക്കേരളത്തിന്റെ തന്നെ യുഗപ്രഭാവനായി അരങ്ങുവാഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: