ബെംഗളൂരു: ഭീകര സംഘടനയായ ഐസുമായി ബന്ധപ്പെട്ട കേസുകളില്‍ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധന നടത്തി. ഭീകരപ്രവര്‍ത്തനം നടത്താന്‍ ബെംഗളൂരു കേന്ദ്രീകരിച്ച് രൂപീകരിച്ച അല്‍-ഹിന്ദ് ട്രസ്റ്റ്, നിരോധിത സംഘടനയായ അല്‍-ഉമ്മ പ്രവര്‍ത്തകരുടെ അറസ്റ്റ് എന്നീ കേസുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
ഒന്‍പത് മൊബൈല്‍ ഫോണുകള്‍, അഞ്ച് സിം കാര്‍ഡുകള്‍, ഒരു ലാപ്ടോപ്പ്, രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍, നാല് സിഡികള്‍/ഡിവിഡികള്‍, 18 പുസ്തകങ്ങള്‍, ഒരു ഓട്ടോറിക്ഷ, പടക്കങ്ങള്‍, എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. ഹിന്ദു നേതാക്കളെ വധിക്കുക, സാമുദായിക കലാപങ്ങള്‍ സൃഷ്ടിക്കുക, ഐസ് ആശയങ്ങള്‍ പ്രചരിപ്പിക്കുക, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതായിരുന്നു ഭീകര സംഘടനയുടെ ലക്ഷ്യമെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഭീകര സംഘത്തിലെ അംഗങ്ങള്‍ ബെംഗളൂരുവിലും കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ മറ്റ് ഭാഗങ്ങളിലും യോഗങ്ങള്‍ നടത്തി ഐസ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്തിരുന്നു. കേസില്‍ അല്‍-ഉമ്മ തലവന്‍ മെഹബൂബ് പാഷ, മുഹമ്മദ് മന്‍സൂര്‍ അലി ഖാന്, സലീം ഖാന്, സബിയുല്ല, സയ്യിദ് അസ്മത്തുല്ല എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചെടുത്ത രേഖകള്‍ ബെംഗളൂരുവിലെ എന്‍ഐഎ പ്രത്യേക കോടതിയിലും ഡിജിറ്റല്‍ ഉപകരണങ്ങള്‍ സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കായും സമര്‍പ്പിക്കുമെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു.
തമിഴ്നാട്ടില്‍ പത്ത് സ്ഥലങ്ങളിലായിരുന്നു പരിശോധന. കടലൂരില്‍ നാല്, സേലം മൂന്ന്, ചെന്നൈ, കാഞ്ചീപുരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ ഓരോ സ്ഥലങ്ങളിലുമായിരുന്നു പരിശോധന. കാഞ്ചീപുരത്തെ പച്ചയ്യപ്പന്‍, ചെന്നൈയിലെ രാജേഷ്, സേലം റൂറലിലെ അന്പരസന്, അബ്ദുള്‍ റഹ്മാന്, സേലത്തെ ലിയാകത്ത് അലി എന്നിവരെ കൂടാതെ ഹനീഫ് ഖാന്, ഇമ്രാന് ഖാന്, മുഹമ്മദ് സൈദ്, ഇജാസ് പാഷ, ബാംഗ്ലൂരിലെ ഹുസൈന് ഷെരീഫ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികളുടെ വീടുകളില്‍ നിന്ന് 16 സിം കാര്‍ഡുകളും രേഖകളും പുസ്തകങ്ങളും രണ്ട് ഇന്റര്‍നെറ്റ് ഡോംഗിളുകളും പിടിച്ചെടുത്തതായി എന്‍ഐഎ വക്താവ് പറഞ്ഞു. ഐസുമായി ബന്ധമുള്ള ഖാജാ മൊയ്തീനും സംഘത്തിനുമെതിരെയാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അബ്ദുള്‍ സമദ്, ഖാജാ മൊയ്തീന്, സയ്യിദ് അലി നവാസ്, ജാഫര്‍ അലി എന്നിവര്‍ക്കും അനുയായികള്‍ക്കും എതിരായാണ് ഈ കേസ്. ന്യൂദല്‍ഹിയില്‍ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തി, ആക്രമണങ്ങള്‍ നടത്താന്‍ ആയുധങ്ങള്‍ ശേഖരിച്ചു തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായ പ്രതികളുടെ വീടുകളില്‍ നടത്തിയ തെരച്ചിലില്‍ നാല് ലാപ്ടോപ്പ്, ഒരു ടാബ്ലെറ്റ്, രണ്ട് മൊബൈല്‍ ഫോണുകള്‍, മൂന്ന് സിം കാര്‍ഡുകള്‍ എന്നിവ കൂടാതെ ജിഹാദിനെ പിന്തുണയ്ക്കുന്ന പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള ചില രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: