തിരുവനന്തപുരം ജില്ലയിലെ ഉറിയാക്കോട് സീയോന്‍വിള വീട്ടില്‍ വസന്തരാജിന്റെ ഭാര്യയാണ് ഗ്ലൗദര്‍ഗാര്‍വെറ്റ്. തൊഴിലില്ലാത്ത വീട്ടമ്മമാര്‍ക്ക് മാതൃകയായി 10 പശുക്കളെയാണ് 55 വയസ്സുകാരിയായ ഇവര്‍ പരിപാലിക്കുന്നത്.
1983 ല്‍ പൂവച്ചല്‍ പഞ്ചായത്തിലെ ജനപ്രതിനിധിയായിരിക്കെ വിവിധ വാര്‍ഡുകളില്‍ ചുറ്റിക്കറങ്ങവേ ഗ്രാമത്തിലെ മിക്ക സ്ത്രീകളും ഒന്നു രണ്ടു പശുക്കളെ വളര്‍ത്തി ഉപതൊഴില്‍ നോക്കുന്നത് നേരിട്ടറിഞ്ഞപ്പോള്‍, തനിക്കും എന്തുകൊണ്ട് പശുപരിപാലനത്തിലേക്ക് വന്നുകൂടാ എന്ന ചിന്തയില്‍ നിന്നാണ് ഇപ്പോള്‍ 10 പശുക്കള്‍ വരെ ഉള്ള കാലിവളര്‍ത്തലില്‍ എത്തിപ്പെട്ടതെന്ന് ഗ്ലൗദര്ഗാര് വെറ്റ് പറയുന്നു. ആദ്യം രണ്ടു പശുക്കളെ വാങ്ങി വളര്‍ത്തിയാണ് തുടക്കം. വീട്ടിലെയും അയല്‍ വീടുകളിലേയും ആവശ്യത്തിനുള്ള പാല്, കൃഷിയിടത്തിലേക്കുള്ള വളം ഇത്രയേ ആഗ്രഹിച്ചിരുന്നുള്ളൂ. 30 ദിവസം കഴിഞ്ഞപ്പോള്‍ വരവ് ചെലവ് നോക്കി. 200 രൂപ ദിനംപ്രതി മിച്ചം പിടിക്കാനാവുമെന്ന് കണ്ടു. പിന്നെ പശുക്കളുടെ എണ്ണം കൂട്ടി. 15-20 ലിറ്റര്‍ പാല് തരുന്ന പശുക്കളെ വളര്‍ത്തിയാല്‍ മാത്രമെ ലഭാമുണ്ടാവൂ എന്നാണ് ഇവരുടെ അനുഭവം. ജഴ്സി, ബ്രൗണ്‍ എന്നീ ഇനങ്ങളിലെ പശുവിനെയാണ് ഗാര്‍വെറ്റ് വളര്‍ത്തുന്നത്. പശുക്കളുടെ തീറ്റയുടെ കാര്യത്തിലും ഇവര്‍ സ്വയംപര്യാപ്തയാണ്. വീടിനോട് ചേര്‍ന്ന മൂന്നേക്കര്‍ സ്ഥലത്താണ് പുല്‍കൃഷി. പിന്നെ പുരയിടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കിഴങ്ങുകളും ധാന്യങ്ങളും ഉണക്കിപ്പൊടിച്ച് കാലിത്തീറ്റയാക്കുന്നു. പശുക്കള്‍ക്ക് ദിവസം 10 കിലോ കാലിത്തീറ്റയും അഞ്ചുകിലോ പരുത്തിപ്പിണ്ണാക്കും കുഴച്ച് രണ്ടു നേരമായി നല്‍കും. ഉച്ചക്ക് കറവ കഴിഞ്ഞാല്‍ ഒരു കിലോ പുളിയരിപ്പൊടി വേവിച്ച് അതില്‍ രണ്ടുകിലോ പിണ്ണാക്കും ചേര്‍ത്ത് ചെറു ചൂടോടെ നല്‍കും. കറവപ്പശുക്കള്‍ക്ക് ഓരോന്നിനും ദിവസം 25 കിലോ പുല്ലും രാത്രിയില്‍ 3 കിലോ വൈക്കോലും നല്‍കും. ഉച്ചക്ക് ശുദ്ധമായ പച്ചവെള്ളവും നല്‍കാറുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടെ ഗ്ലൗദറിന്റെ ഒരു ദിവസം ആരംഭിക്കും. കറവപ്പശുക്കളെ കളിപ്പിക്കലാണ് ആദ്യജോലി. പിന്നെ തൊഴുത്ത് വൃത്തിയാക്കും. നാലുമണി കഴിഞ്ഞാല്‍ കറവ തുടങ്ങും. ഇപ്പോള്‍ ദിവസവും ശരാശരി 185 ലിറ്റര്‍ പാല് ഉറിയാക്കോട് ക്ഷീര സഹകരണസംഘത്തിന് നല്കുന്നു.
കഴിഞ്ഞ 37 വര്‍ഷത്തെ പശുപരിപാലനത്തിലൂടെയാണ് രണ്ട് പെണ്മക്കളെ പഠിപ്പിക്കുവാനും മൂത്തമകളെ വക്കീലാക്കാനും വിവാഹം ചെയ്തുവിടാനും സാധിച്ചതെന്ന് ഗ്ലൗദര്‍ ഗാര്‍വെറ്റ് പറയുകയുണ്ടായി. മൂത്തമകള്‍ രമ്യ തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതിയില്‍ വക്കീലാണ്. ഇളയമകള്‍ കാവ്യ പ്ലസ് ടു വിദ്യാര്‍ത്ഥിനി. പൂവച്ചല്‍ പഞ്ചായത്തില്‍ കൊണ്ണിയൂര്‍ വാര്‍ഡില്‍ ഗ്ലൗദര്‍ ഗാര്‍വെറ്റ്, ഭര്‍ത്താവ് വസന്തരാജ്, ഇപ്പോള്‍ മകള്‍ വക്കീല്‍ കൂടിയായ രമ്യ എന്നിവര്‍ ജനപ്രതിനിധികളാണെന്ന അപൂര്‍വ്വ വിശേഷം കൂടിയുണ്ട് ഈ വീട്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: