മെല്‍ബണ്‍: ഉയരക്കുറവിന്റെ പേരില്‍ ജീവിതം അവസാനിപ്പിക്കണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞ് ക്വാഡന് ബെയില്‍സിന് ലോകത്തിന്റെ പിന്തുണയേറുന്നു. ഉയരം കുറവായതിനാല്‍ സ്കൂളില്‍ തുടര്‍ച്ചയായി അപമാനിതനാകുന്നു. ഇനി ഇത് സഹിക്കാന്‍ വയ്യ. എന്നെ ഒന്ന് കൊന്നു തരുമോയെന്നായിരുന്നു ഒമ്പതു വയസുകാരനായ ക്വാഡന്റെ ചോദ്യം. ക്വാഡന്റെയും അമ്മയുടെയും വിലാപത്തിന് സമൂഹമാധ്യമത്തിലൂടെ ലോകം മുഴുവന്‍ പിന്തുണ അറിയിക്കുകയാണിപ്പോള്‍.
സ്കൂളില്‍ അപമാനിതനായ ക്വാഡന്റെ കരച്ചില് അമ്മ യരാക്ക ബെയില്സ് ഫേസ്ബുക്കിലൂടെ പുറത്തുവിടുകയായിരുന്നു. സ്കൂള്‍ വിട്ട ശേഷം മകനെ കൂട്ടികൊണ്ടുവരാന്‍ ചെന്നപ്പോഴാണ് കുട്ടികള്‍ ക്വാഡനെ വളഞ്ഞിട്ട് കളിയാക്കുന്ന ദൃശ്യം അമ്മയുടെ ശ്രദ്ധയില്‍പ്പെടുന്നത്. അമ്മയെ കണ്ടയുടന്‍ കുഞ്ഞു ക്വാഡന് കരഞ്ഞുകൊണ്ടു പറഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പരക്കുന്നത്.
ദിവസവും പല കുട്ടികളും സ്കൂളിലും പൊതുനിരത്തുകളിലുമായി ക്വാഡനെ കളിയാക്കുന്നു. ജീവിക്കാന്‍ വയ്യെന്ന അവസ്ഥയിലാണ്. കുട്ടികളുടെ മനസില്‍ ഇത്തരം പ്രേരണ എത്തിക്കുന്നത് ശരിയല്ല. ഒരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്. ഈ ജീവിതത്തില്‍നിന്ന് ഒളിച്ചോടാനാകില്ല. നിങ്ങളുടെ മക്കളാണ് അപമാനം മൂലം കൊന്നു തരാമോയെന്ന് ചോദിക്കുന്നതെങ്കില്‍ എന്തു ചെയ്യുമെന്നും അമ്മ യരാക്ക ബെയില്സ് ദൃശ്യത്തിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു. 25 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
ഉയരക്കുറവാണ് തന്റെ ശക്തിയെന്ന് തെളിയിച്ച ഗിന്നസ് പക്രുവും ക്വാഡനായി ട്വിറ്ററില്‍ പ്രതികരിച്ചു. മോനേ നിന്നേപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് എന്റെ യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോള്‍ നിന്റെ അമ്മയും തോല്‍ക്കും. ഈ വരികള്‍ ഓര്‍മ്മ വച്ചോളൂ. ഊതിയാല്‍ അണയില്ല ഉലയിലെ തീ, ഉള്ളാകെ ആളുന്നു ഉയിരിലെ തീ എന്ന ഇളയരാജയുടെ വരികളും ഗിന്നസ് പക്രു ക്വാഡനായി കുറിച്ചു.
പ്രമുഖ ഹോളിവുഡ് അഭിനേതാക്കളായ ബ്രാഡ് വില്യംസും ഹ്യൂഗ് ജാക്ക്മാനും അമ്മയെയും മകനെയും പിന്തുണച്ച് രംഗത്തെത്തി. ഈ ദൃശ്യങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു. ക്വാഡന്റെ കുടുംബത്തെ ബന്ധപ്പെട്ടു കഴിഞ്ഞു. നിങ്ങള്‍ ഒറ്റയ്ക്കല്ല. ഞാനും വലിയ വിഭാഗം ജനങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ടാകും. കാലിഫോര്‍ണിയയിലെ ഡിസ്നിലാന്ഡിലേക്ക് ഇവരെ കൊണ്ടുവരാനായി പണം സമാഹരിക്കുമെന്നും ബ്രാഡ് വില്യംസ് ട്വിറ്ററില്‍ കുറിച്ചു.
അപമാനിക്കല്‍ ആര്‍ക്കും താങ്ങാനാവുന്നതല്ല. ക്വാഡന്, നീയൊരു സൂപ്പര്‍ ഹീറോയായി കഴിഞ്ഞു. ചിന്തിക്കുന്നതിനേക്കാള്‍ കരുത്തനാണ് നീയെന്നും ഹ്യൂഗ് ജാക്ക്മാന് പ്രതികരിച്ചു. ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായതോടെ ആരാധകരുടെ തിരക്കിലാണ് ക്വാഡനിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: