ചലച്ചിത്ര ഗാനരചനാ രംഗത്ത് വേറിട്ടൊരു ശൈലിയുമായി എത്തിയ പുല്ലാട്ടുപാടത്ത് ഭാസ്കരന് എന്ന പി. ഭാസ്കരന് 1924 ഏപ്രില്‍ 24ന് കൊടുങ്ങല്ലൂരില്‍ ജനിച്ചു. അച്ഛന് നന്ത്യേലത്തു പത്മനാഭ മേനോനും അമ്മ അമ്മാളു അമ്മയും ആയിരുന്നു. കാവ്യസപര്യയിലൂടെ ഗാന സാഹിത്യത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കുകയും പിച്ചവച്ചു നടന്നു തുടങ്ങിയ മലയാള സിനിമയെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യുകയായിരുന്നു ഭാസ്കരന് മാഷ്. തന്റെ ഏഴാമത്തെ വയസ്സില്‍ കവിതയെഴുതിത്തുടങ്ങി. ഒരു സാധാരണക്കാരന്റെ ചലനാത്മകമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മിക്ക കവിതകളും. തന്റെ കാവ്യ ഉപാസനാമൂര്‍ത്തിയായ പ്രകൃതിയെ ആശയാവിഷ്കാരങ്ങളുടെ വര്ണഭംഗികൊണ്ട് അലങ്കരിച്ച ചുരുക്കം കവികളില്‍ ഒരാള്‍.
കോഴിക്കോട് ആകാശവാണി നിലയത്തില്‍നിന്നും ജോലി രാജിവച്ച് മദ്രാസിലേക്കു യാത്രയായത് സിനിമയിലേക്കുള്ള ലക്ഷ്യം വച്ചുകൊണ്ടായിരിക്കാം. അന്നു മദ്രാസില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘ജയകേരളം’ എന്ന മാസികയുടെ പത്രാധിപരായിട്ടായിരുന്നു തുടക്കം.
ഒരു ചലച്ചിത്രത്തിനു വേണ്ടി ആദ്യമായി പാട്ടെഴുതിയത് പ്രസിദ്ധ സംവിധായകനും ‘വാസന്’ സ്റ്റുഡിയോ ഉടമയുമായ എസ്. വാസന്റെ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്ന ചിത്രത്തിനു വേണ്ടിയാണ്. എന്നാല്‍ 1950ല്‍ പുറത്തിറങ്ങിയ ‘ചന്ദ്രിക’ എന്ന മലയാള ചിത്രത്തിനു വേണ്ടിയായിരുന്നു ഗാനങ്ങള്‍ പൂര്‍ണമായും രചിച്ചത്. 1953-ല്‍ പുറത്തിറങ്ങിയ ‘നീലക്കുയില്‍’ എന്ന ചിത്രത്തിലൂടെ ഭാസ്കരന് മാഷിന്റെ കര്‍മരംഗം പുഷ്ടിപ്പെടുകയായിരുന്നു. പ്രസിദ്ധ സംവിധായകനായിരുന്ന രാമു കാര്യാട്ടുമായി ചേര്‍ന്ന് നീലക്കുയില്‍ സംവിധാനം ചെയ്യുമ്പോള്‍ ആ ചിത്രത്തിലെ ഗാനരചനയും സമകാലികനായ വയലാര്‍ രാമവര്മയും ചേര്‍ന്ന് നിര്‍വഹിച്ചു. ഒരു മലയാള ചലച്ചിത്രത്തിന് പ്രസിഡന്റിന്റെ വെള്ളി മെഡല്‍ ലഭിക്കുന്ന ആദ്യ ചിത്രവും ആയിരുന്നു. തന്നെയുമല്ല ആ ചിത്രത്തില്‍ പി. ഭാസ്കരന് തന്നെ ഒരു പോസ്റ്റുമാന്റെ വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്. തുടര്‍ന്ന് അദ്ദേഹം സിനിമാ സംവിധാനത്തിലേക്കും ശ്രദ്ധ പതിപ്പിച്ചു. കള്ളിച്ചെല്ലമ്മ, പരീക്ഷ, ഇരുട്ടിന്റെ ആത്മാവ്, മൂലധനം തുടങ്ങിയ സിനിമകള്‍ വിജയവുമായിരുന്നു. ചില ചിത്രങ്ങളില്‍ തന്റെ അഭിനയ മികവും തെളിയിച്ചിട്ടുണ്ട്.
ഭാവസാന്ദ്രവും ദാര്‍ശനികവും ലാളിത്യം തുളുമ്പുന്നവയുമായ എത്രയോ ഗാനങ്ങളാണ് വിവിധ സിനിമകളിലായി ഭാസ്കരന് മാഷ് മലയാളിക്കു സമ്മാനിച്ചത്. പി. ജയചന്ദ്രന്റെ ശബ്ദം മലയാള സിനിമക്കു സമ്മാനിച്ച ”മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി” എന്ന പാട്ടിന്റെ വിസ്മയം. വരികളിലെ കാല്പനികത ഇന്നും ശ്രോതാവിന്റെ ചുണ്ടില്‍ ദേവരാജന്‍ പകര്‍ന്നു നല്കിയ ഈണമായിട്ടുതന്നെ നില്ക്കുന്നു. ഒരു കൊച്ചു സ്വപ്നത്തിന് ചിറകുമായി അവിടുത്തെ അരികില്‍ ഞാനിപ്പോള്‍…, തളിരിട്ട കിനാക്കളും എന്റെ സ്വപ്നത്തില്‍ താമര പൊയ്കയും, അല്ലിയാമ്പല്‍ കടവും, ഇളവന്നൂര്‍ മഠവും, ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോടും, വൃശ്ചിക രാത്രിയും, പ്രാണ സഖിയുടെ പാമരനാം പാട്ടുകാരനും, കാട്ടിലെ പാഴ്മുളം തണ്ടും, കരിമുകില്‍ കാട്ടിലെ, ഏകാന്ത പഥികനും, ഉണരൂ ഉണരൂ ഉണ്ണിപ്പൂവേയും… തുടങ്ങി 300 ലേറെ മലയാള സിനിമകള്‍ക്കുവേണ്ടി 1500ല്‍ പരം ഗാനങ്ങള്‍ എഴുതി മലയാളിയെ ഹര്‍ഷ പുളകങ്ങള്‍ അണിയിച്ചൂ ഭാസ്കരന് മാഷ്.
സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ സജീവമായിരിക്കെത്തന്നെ പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍.
”ഉയരും ഞാന്‍ നാടാകെ പടരും ഞാനൊരു-
പുത്തന്‍ ഉയിര് നാടിനേകിക്കൊണ്ടുണരും വീണ്ടും”
എന്ന വരികള്‍ അന്നത്തെ ദിവാന് സര് സിപിയെ ചെടിപ്പിച്ചതുകൊണ്ടാവാം തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തിയത്. എങ്കിലും സിനിമയുടെ ലോകത്തുനിന്നും എഴുത്തിന്റെ വഴികളില്‍നിന്നും പി. ഭാസ്കരന് പിന്തിരിഞ്ഞില്ല. ഗ്രാമ കാഴ്ചകളും കര്‍ഷകനും മാടവും പാടവും അദ്ധ്വാന വര്‍ഗ്ഗത്തിന്റെ സാഹിത്യവും സമുദായാചാര ചടങ്ങുകളില്‍ ബന്ധിച്ചിടുന്ന സ്ത്രീകളും തുടങ്ങി സമുദായത്തിലെ കയ്പേറിയ വിഷയങ്ങള്‍ എല്ലാം തന്റെ കവിതകള്‍ക്കു ബിംബങ്ങളായിത്തീര്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: