സാക്ഷാല്‍ പരാശക്തി അത്യുഗ്ര പ്രഭാവത്തിലമരുന്ന കൊടുങ്ങല്ലൂര്‍കാവ്! ഭാര്‍ഗ്ഗവ രാമന്, ശ്രീശങ്കരന് തുടങ്ങിയ തപോധനന്മാരുടെ പാദസ്പര്ശമേറ്റ് പുണ്യമാര്‍ന്ന മണ്‍തരികളും തണലും കുളിര്മയേകിയ ആല്‍ത്തറയും! നൂറ്റാണ്ടിനപ്പുറം യുഗപ്രഭാവനായ സ്വാമി വിവേകാനന്ദന്റെ പാദസ്പര്ശത്താല് തരളിതമായ അതേ മണ്‍തരികളും തണലേകിയ അരയാലിലകളും. ഇന്ന് ഒരു നൂറ്റാണ്ടിനിപ്പുറം വിവേകാനന്ദ ദര്‍ശനം ജീവിതവ്രതമാക്കിയ അഭിനവ നിവേദിതയുടെ സാന്നിധ്യംകൊണ്ട് ഉള്‍പ്പുളകം കൊള്ളുകയാണ്. സ്വജീവിതം ആദര്‍ശ ശുദ്ധിയാലും ത്യാഗത്താലും മാറ്റുരച്ച് വജ്ര സമാനം തിളങ്ങുന്ന ആ കര്‍മ യോഗിനിയാണ് വിവേകാനന്ദാമൃതം തൂകുന്ന ഇളംകാറ്റുപോലെ ലക്ഷ്മി ദീദിയായും ആനന്ദധാമിലെ അമ്മയായും വിളങ്ങുന്ന ഡോ. ലക്ഷ്മീകുമാരി.
ആ വിവേകാനന്ദ ചിത്രം
അഗ്നിയായി ജ്വലിച്ച് അപരന് വെളിച്ചവും കുളിര്‍മയും പകരുന്ന ദീപങ്ങളാണ് മഹത്തുക്കള്‍. ബാല്യകാല സ്മരണകളില്‍ വീടിന്റെ മുന്‍വശത്ത് അച്ഛന് പ്രതിഷ്ഠിച്ച ജ്വലിക്കുന്ന കണ്ണുകളും കാന്തിക ശക്തിയുമുള്ള വിവേകാനന്ദ ചിത്രം. ലോകത്തെ തന്നിലേക്കാകര്‍ഷിച്ച ആ മാസ്മരികശക്തി ലക്ഷ്മീകുമാരിയെന്ന കൊച്ചുപെണ്കുട്ടിയിലേക്കാവാഹിച്ച് രംഗനാഥാനന്ദ സ്വാമികളും ആഗമാനന്ദ സ്വാമികളും ചിന്മയാനന്ദ സ്വാമികളും. ഏകനാഥ റാനഡെയെന്ന ശ്രേഷ്ഠനായ കര്‍മ യോഗിയുടെ അനുഗ്രഹാശിസ്സുകളോടെ ഭാരതമെമ്പാടും വിദേശത്തും ഉദിച്ചുയര്‍ന്ന് മൂന്നു സാഗരങ്ങളും സംഗമിക്കുന്ന കന്യാകുമാരിയില്‍ വിലയിച്ച് തപോമൂര്ത്തിയായി പ്രഭാവം പരത്തി ലോകത്തിന്റെ അമ്മയായും ഉറ്റവര്‍ക്ക് ദീദിയായും കര്‍മകാണ്ഡങ്ങള്‍ താണ്ടി. വിവേകാനന്ദ വചനങ്ങളിലൂടെ സംസ്കൃത ചിത്തരായ പെണ്മനങ്ങളെ ലോകാംബികയുടെ പ്രഭാവലയത്തില്‍ സമര്‍പ്പിച്ച് കര്മയോഗത്തിനു സാക്ഷിയായി ആയിരം പൂര്ണ്ണചന്ദ്രന്മാര് അകമ്പടി സേവിച്ച് തിളങ്ങി നില്ക്കുന്ന ദിനമാണ് ഈ വര്‍ഷത്തെ കുംഭമാസ രോഹിണി. ജീവിതം വിവേകാനന്ദ ചരണങ്ങളിലര്പ്പിച്ച ഡോ. ലക്ഷ്മീകുമാരി ശതാഭിഷിക്തയാവുകയാണ്.
പുത്തേഴത്ത് രാമന് മേനോന് എന്ന, കൊച്ചി രാജാവിന്റെ സര്‍വ്വാധികാര്യക്കാരനും ജില്ലാജഡ്ജിയുമായിരുന്ന പിതാവില്‍ നിന്ന് അറിവിന്റെയും ആദര്‍ശ ശുദ്ധിയുടെയും സമാജ സേവനത്തിന്റെയും ബാലപാഠങ്ങളും, ജാനകിയമ്മയെന്ന സാത്വികയായ അമ്മയില്‍ നിന്ന് സ്നേഹത്തിന്റെയും വിനയത്തിന്റെയും ലാളിത്യത്തിന്റെയും ബാലപാഠങ്ങളും ഉള്‍ക്കൊണ്ട് സനാതന സംസ്കാരമാകുന്ന കെടാവിളക്കിലെ നറും തിരിയായി സമ്പന്നതയുടെയും സകല പ്രൗഢികളുടെയും നടുവില്‍ 1936 മാര്‍ച്ച് ഒന്നിന് തൃശ്ശിവപേരൂരില്‍ ജനിച്ച ലക്ഷ്മീകുമാരി വിവേകാനന്ദ ദര്‍ശനം ജീവിത വ്രതമാക്കിയപ്പോള് ത്യജിച്ചത് മികച്ച കുടുംബജീവിതം മാത്രമല്ല, ശാസ്ത്രജ്ഞ എന്ന നിലയിലുള്ള ശോഭായമാനമായ ഔദേ്യാഗിക പദവികളുമാണ്. ഭാരതീയ യുവത്വത്തിന്റെ എന്നത്തെയും മാസ്മരിക പ്രഭാവമായ വിവേകാനന്ദനെന്ന സ്വപ്നം പകര്‍ന്ന ധീരത്യാഗം തന്നെയാണ് ഗവേഷണങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ഔദേ്യാഗിക പദവികള്‍ക്കുമപ്പുറം ഇന്ന് വിവേകാനന്ദ ദര്‍ശനങ്ങളുടെ ആള്‍രൂപവും ആധുനിക നിവേദിതയുമാക്കിയത്. വിജ്ഞാന ദാഹികള്‍ക്ക് കരുത്തും, അശരണര്‍ക്ക് ആശ്രയവുമായി ലക്ഷ്മീകുമാരി എന്ന സസ്യ ശാസ്ത്രജ്ഞ വിവേകാനന്ദ കേന്ദ്രം ഡയറക്ടറായും ആനന്ദധാമിലെ അമ്മയായ ലക്ഷ്മീദീദിയായും പരിണമിക്കുകയായിരുന്നു.
സാന്ദീപനിയിലേക്ക്
1950ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ സസ്യശാസ്ത്രത്തില്‍ ബിരുദവും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനുശേഷം ഭാരത സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പോടെ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1961ല്‍ പിഎച്ച്ഡി എടുത്ത് അവിടെ ഗവേഷണം തുടര്‍ന്നു. അക്കാലത്തുതന്നെ റഷ്യന്‍, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. രണ്ടു വര്‍ഷം തിരുപ്പതി പത്മാവതി വിമന്‍സ് കോളേജില്‍ ബോട്ടണി വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പോടുകൂടി റഷ്യയിലെ ക്ലീവ് നഗരത്തില്‍ അക്കാദമി ഓഫ് സയന്‍സിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ ബയോളജിയില്‍ ഉപരിപഠനം നടത്തി. 1970-ല്‍ രാജ്യത്ത് തിരിച്ചെത്തി ദല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് 1982 വരെ ഔദേ്യാഗിക ജീവിതം തുടര്‍ന്നു.
1975 മുതല്‍ ദല്‍ഹിയിലെ വിവേകാനന്ദ കേന്ദ്ര ശാഖയുമായി ബന്ധപ്പെട്ട് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടുനിന്നു. ബാല്യകാലം മുതല്ക്കേ ശ്രീരാമകൃഷ്ണാശ്രമവുമായും ശ്രീരംഗനാഥാനന്ദ സ്വാമികളുമായുമുണ്ടായിരുന്ന ആത്മബന്ധം ഇക്കാലയളവിലെല്ലാം അഭംഗുരം തുടര്‍ന്നുപോന്നു. കണ്മുന്നില് കാണപ്പെട്ട വിവേകാനന്ദനെന്നു ലക്ഷ്മീകുമാരിക്കു തോന്നിപ്പിച്ച ചിന്മയാനന്ദ സ്വാമികളുടെ പ്രതേ്യക വാത്സല്യം നിത്യപ്രചോദനമായി. മദ്രാസിലും ദല്‍ഹിയിലും ചിന്മയാനന്ദ സ്വാമികളുടെ പ്രസംഗങ്ങളും സത്സംഗങ്ങളും ജീവിതാദര്‍ശങ്ങള്‍ക്ക് അടിത്തറ പാകിയിരുന്നു. സാന്ദീപനി സാധനാലയത്തിന്റെ പ്രാരംഭകാലത്ത് ”ബോട്ടണി ലാബില്‍ മൈക്രോസ്കോപ്പിലൂടെ പൂവും കായും നോക്കി സമയം കളയാതെ സാന്ദീപനിയില്‍ വന്ന് വേദാന്തം പഠിക്കൂ” എന്ന സാരോപദേശത്തിനു മുന്നില്‍ കെടാതെ സദാ ജ്വലിക്കുന്ന തന്റെയുള്ളിലെ വിവേകാനന്ദനെന്ന സാക്ഷാല്ക്കാരത്തെക്കുറിച്ച് മനസ്സു തുറന്ന ലക്ഷ്മീകുമാരിയെന്ന യുവതിയെ അത്ഭുതാദരങ്ങളോടെ ആശീര്‍വദിച്ചു സ്വാമികള്‍. ”ഉള്ളില്‍ ഒരാളുണ്ടെങ്കില്‍ അതുമതി, അത് നിന്നെ ലക്ഷ്യത്തിലെത്തിക്കും” എന്ന അനുഗ്രഹ വചസ്സുകളുണ്ടായി.
ഏകനാഥ്ജിയെ കാണുന്നു
വിവേകാനന്ദനെന്ന നിത്യസ്വപ്നം കെടാവിളക്കായി കത്തി നില്‍ക്കുമ്പോഴും സ്വപ്ന സാക്ഷാല്‍ക്കാരത്തിനുള്ള വഴിയെന്തെന്നറിയാതെ ഉഴറിയ ലക്ഷ്മികുമാരിക്കു മുന്നില്‍ നിയോഗമെന്ന പോലെ ഏകനാഥ റാനഡെ എന്ന മഹാമനീഷിയെ കൊണ്ടുവന്നു നിര്‍ത്തിയതും വിവേകാനന്ദന്റെ ഇച്ഛയായിരിക്കാം. ദല്‍ഹിയില്‍ ആദ്യമായി ഒരു വിവേകാനന്ദ ജയന്തി സമ്മേളനവേദിയില്‍ സ്വാമി ചിന്മയാനന്ദനും ആചാര്യ കൃപലാനിക്കുമൊപ്പം ഏകനാഥ്ജിയെ കണ്ടെത്തിയതാണ് സ്വജീവിതം വിവേകാനന്ദ ദര്‍ശനങ്ങള്‍ക്കു സമര്പ്പിതമാക്കാനുള്ള വഴിത്തിരിവായത്. കന്യാകുമാരിയിലെ വിവേകാനന്ദകേന്ദ്രത്തിലെ സാധനാസേവന പദ്ധതികളെക്കുറിച്ചറിയുന്നതും, കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി നിസ്വാര്‍ത്ഥരായ ജീവന്‍വ്രതികളെ വാര്‍ത്തെടുത്ത് യോഗ വിദ്യ പഠനവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും ഗ്രാമ വികസനവും വ്യക്തിത്വ വികസനവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ അറിവും ഏക്നാഥ്ജിയോടുള്ള ആത്മബന്ധത്തിന് ആക്കം കൂട്ടി. സേവനം സാധനയാക്കിയ ഏകനാഥ്ജി എന്ന കര്‍മയോഗി തന്റെ നിയോഗം പൂര്‍ത്തീകരിക്കാനുള്ള ഒരാള്‍ക്കു വേണ്ടി കാത്തുകാത്തിരുന്നത് നരേന്ദ്രനെ കാത്തിരുന്ന പരമഹംസനെപ്പോലെയോ നിവേദിതയെ കാത്തിരുന്ന വിവേകാനന്ദനെപ്പോലെയോ അവാച്യവും അജ്ഞാതവുമായ ഹേതുക്കളാലായിരിക്കാം!
കന്യാകുമാരിയുടെ തപോഭൂമിയില്‍ വച്ചാണ് രോഗാവസ്ഥയില്‍നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലാതിരുന്ന ഏകനാഥ്ജിയില് നിന്ന് വിവേകാനന്ദ കേന്ദ്രത്തിന്റെ അമ്മയായി, എണ്ണമറ്റ മനസ്സുകളുടെ പ്രിയപ്പെട്ട ലക്ഷ്മിദീദിയായി ഡോ. ലക്ഷ്മീകുമാരി ഒരു നിയോഗമെന്നോണം പുനര്‍ജനിച്ചത്. ഗുരുനാഥനായ ചിന്മയാനന്ദ സ്വാമികളുടെ നിര്‍ദ്ദേശാനുസരണം ”നിമിത്ത മാത്രം ഭവ സവ്യസാചിന്” എന്ന ഗീതാ വചനത്തിന്റെ അനുസന്ധാനത്തിലൂടെ വിവേകാനന്ദന്റെ കര്‍മമാകുന്ന ദിവ്യനിയോഗത്തില് ചരിക്കുകയാണ് തന്റെ ദൗത്യമെന്ന തിരിച്ചറിവാണ് സ്വന്തം പ്രവര്‍ത്തനങ്ങളുടെ ഊര്‍ജമെന്ന് ഇന്നോളമുള്ള സംഭവങ്ങള്‍ അടിവരയിട്ടുറപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഗുരുമഹിമ എന്നതാണ് സ്വജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങളിലൊന്നെന്നും ദീദി അറിയുന്നു. ആ അപാര മഹിമ ഏതു ഭൗതിക നേട്ടങ്ങള്‍ക്കു മുമ്പിലും മനസ്സിനെ സദാ നേതി നേതി, ഇതല്ല, ഇതല്ല നിനക്ക് വേണ്ടതെന്ന് പഠിപ്പിച്ചു കൊണ്ടിരുന്നു.
വിവേകാനന്ദ കേന്ദ്രത്തില്‍ ഒരു താറാവിന്റെ കുഞ്ഞ് വെള്ളത്തിലേക്ക് പോകുന്നത്ര നൈസര്ഗികമായാണ് ഗുരുകാരുണ്യം തന്നിലേക്ക് വഴിഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നതെന്നും, ലോകത്തിന്റെ തന്നെ അമ്മയാകാനുള്ള മഹിമയാണതെന്നും തിരിച്ചറിവുകളിലൊന്നാണ്. 1982 മാര്‍ച്ചില്‍ കന്യാകുമാരിയിലെത്തിയ ലക്ഷ്മികുമാരി ആദ്യം വിവേകാനന്ദ കേന്ദ്രത്തിന്റെ ജോയിന്റ് സെക്രട്ടറിയായും പിന്നീട് വര്‍ക്കിങ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 1982 ആഗസ്റ്റില്‍ ഏകനാഥ്ജി ദിവംഗതനായതിനുശേഷം വിവേകാനന്ദ ശിലാസ്മാരകത്തിന്റെയും വിവേകാനന്ദ കേന്ദ്രത്തിന്റെയും അഖിലേന്ത്യാ അദ്ധ്യക്ഷ പദവിയില്‍ 1995 വരെ സേവനം
തുടര്‍ന്നു. വിവേകാനന്ദ കേന്ദ്രത്തില്‍ ഏക്നാഥ്ജിയുടെ സ്മാരകം, വിവേകാനന്ദ പാര്‍ക്ക് നിര്‍മിച്ച് അതില്‍ സ്വാമികളുടെ പ്രതിമ, സ്ഥാപനം, വിവേകാനന്ദ വാണ്ടറിങ് മോങ്ക് എന്ന പേരില്‍ സ്വാമിജിയുടെ ജീവിതത്തെക്കുറിച്ചറിയാനുതകുന്ന എക്സിബിഷന്, വിവേകാനന്ദ റോക്ക് മെമ്മോറിയലിന്റെ പരിപാലനം, കന്യാകുമാരി, തിരുനെല്‍വേലി, രാമനാഥപുരം ജില്ലകളില്‍ കുട്ടികളുടെ ബാലവാടികളും സൗജന്യ ഭക്ഷണമടക്കമുള്ള സാംസ്കാരിക വിദ്യാഭ്യാസം, ഗ്രാമ വികസനത്തിനായി നാഷണല്‍ റിസോഴ്സ് ഡവലപ്മെന്റ് പദ്ധതികള്‍, മഴവെള്ളസംഭരണം, സോളാര്‍ വൈദ്യുതി യൂണിറ്റുകള്‍, ബയോഗ്യാസ് നിര്‍മാണം, ശുദ്ധജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളുടെ തണ്ണീര്‍ത്തട സംരക്ഷണ പദ്ധതികള്‍ എന്നിവ ലക്ഷ്മികുമാരിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്നത് രാജ്യമെമ്പാടും മാതൃകയായി.
ജീവിതത്തില്‍ തന്നെ ചൂഴ്ന്നുനിന്ന് മുന്നോട്ടു നയിക്കുന്ന മഹാനിയോഗങ്ങള്ക്കു മുന്നില്‍ ലക്ഷ്മിദീദി നമ്രശിരസ്കയാകുന്നു. വിവേകാനന്ദ പാദങ്ങളില്‍ സമര്‍പ്പിതമായ ധന്യജീവിതത്തിന് സ്വാമികളുടെ ദിവ്യജീവിത മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകാന്‍ കാലം കാത്തുവച്ച അടയാളങ്ങളാണവ. വിവേകാനന്ദ സ്വാമികളുടെ സമാനതകളില്ലാത്ത പഥസഞ്ചലനങ്ങളുടെ ഉദാത്തമായ പത്ത് സന്ദര്‍ഭങ്ങളുടെയും ശതാബ്ദി ആഘോഷങ്ങളില്‍ നാഴികക്കല്ലാവാനും, ജന്മദിനാഘോഷം മുതല്‍ സമാധി ആചരണം വരെയുള്ള വിശേഷ ദിനങ്ങള്‍ അനുസ്മരിക്കാനും, ആ പത്തു പരിപാടികളിലും സംബന്ധിക്കാനുമുള്ള അപൂര്‍വ്വ ഭാഗ്യവും ലക്ഷ്മികുമാരിക്ക് ലഭിച്ചു. സ്വാമികളുടെ ജന്മശതാബ്ദിയും ചിക്കാഗോ പ്രസംഗ ശതാബ്ദിയും ഭാരതപരിക്രമണ ശതാബ്ദിയുമടക്കം അഭിനവ നിവേദിതയായ ലക്ഷ്മികുമാരി നൂറ്റാണ്ടിനിപ്പുറവും നിര്‍വഹിച്ചത് അപരിമേയമായ വിവേകാനന്ദജീവിതത്തിന്റെ പുനരാവിഷ്കരണം തന്നെയാണ്.
ഭാരത പരിക്രമണ സാരഥ്യം
സ്വാമികളുടെ ഭാരത യാത്രകളുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിവേകാനന്ദ കേന്ദ്രം സംഘടിപ്പിച്ച ഭാരത പരിക്രമണത്തിന്റെ മുഖ്യസാരഥിയായി മേജര്‍ കുക്കററ്റിയുടെ നിര്യാണത്തെ തുടര്‍ന്ന് അവരോധിക്കപ്പെട്ടതും വിസ്മയാവഹമായ നിയോഗങ്ങളിലൊന്ന്. ഒരു സ്ത്രീ നേതൃത്വം നല്കി നയിച്ചു ലക്ഷ്യം കണ്ട ഇത്ര വിപുലവും സാര്‍ത്ഥകവുമായ ഒരു സാംസ്കാരിക യാത്ര ഭാരത ചരിത്രത്തിനു തന്നെ മുതല്‍ക്കൂട്ടാണ്. അറുനൂറ്റി അമ്പതോളം പൊതുപരിപാടികളില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും മലയാളത്തിലും പ്രസംഗിച്ച് വിവേകാനന്ദ പാദസ്പര്ശത്താല് ധന്യമായ മണ്ണിലൂടെ മുന്നൂറ്റി നാല്‍പ്പത്തിയേഴു ദിവസംകൊണ്ട് ഇരുപത്തീരായിരം കിലോമീറ്റര്‍ സഞ്ചരിച്ച ദീദി ഭാരതാംബയെ പ്രദിക്ഷണം വച്ച് വിവേകാനന്ദന്റെ പ്രൗഢോജ്വലമായ ജീവിത സാക്ഷ്യത്തിനും നിയുക്തയായി. ഈ മഹാ യാത്രയ്ക്ക് ചുക്കാന്‍ പിടിച്ച സ്വന്തം മകളെ തൃശ്ശൂരിലെ പരിക്രമണ വേദിയില്‍ വന്‍ജനാവലിയെ സാക്ഷിയാക്കി ചേര്‍ത്തുനിര്‍ത്തി സാധ്വിയായ അമ്മ ജാനകിയമ്മ ഇങ്ങനെ പറഞ്ഞു: ”നിന്നെ പ്രസവിച്ച ഈ അമ്മ ഭാഗ്യവതിയാണു കുഞ്ഞേ.” അതേ വേദിയില്‍ കൊടുങ്ങല്ലൂരില്‍ നിന്നുവന്ന ശ്രീധരപൈ എന്ന വിവേകാനന്ദ ഭക്തന്റെ ആഗ്രഹ പ്രകാരം ഇന്നത്തെ ആനന്ദധാം എന്ന വിവേകാനന്ദ വേദിക് വിഷന്‍ ഫൗണ്ടേഷന്റെ ആവിര്‍ഭാവത്തിന് വഴിയൊരുക്കിയതും അപാര ഗുരുമഹിമയിലൂന്നുന്ന നിയോഗമാവാം!
കേരളത്തിലെ തന്റെ കര്‍മഭൂവില്‍ ഒഴുകുന്ന വെള്ളവും ചാഞ്ഞുകിടക്കുന്ന കേരവൃക്ഷങ്ങളുമൊക്കെ സ്വപ്നം കണ്ടുവന്ന ദീദി പാഴ്ഭൂമിപോലെ കിടന്ന സ്ഥലം കണ്ട് മറ്റെവിടേക്കെങ്കിലും പ്രവര്‍ത്തന മേഖല മാറ്റാന്‍ ശ്രമിച്ചെങ്കിലും വിവേകാനന്ദ പാദധൂളികളുടെ പുണ്യം പോലെ ആനന്ദധാമമായിമാറിയതും അജ്ഞാത കാരണങ്ങളാലാവാം! ആനന്ദധാമത്തിന്റെ പടി കടന്നെത്തുന്നവരെ ആനയിച്ചു സ്വീകരിക്കാന്‍ അവാച്യാനുഭൂതി നിറഞ്ഞ ഒരു ശാന്തി വന്ന് പൊതിയുന്നത് കുട്ടിക്കാലത്ത് ഈ ലേഖികയ്ക്ക് അനുഭവമാണ്. ആനന്ദധാമിലെ സല്ത്സംഗ വേദികളില്‍ പി. പരമേശ്വര്‍ജി, ആര്. ഹരിയേട്ടന് മുതലായ മഹാത്മാക്കളുടെ പ്രഭാഷണങ്ങള്‍ ജ്ഞാനോര്‍ജം പകര്‍ന്നു. അമ്മയുടെ ആശ്ലേഷം പോലെ, മൃദുവായ കരലാളനം പോലെ, വിശുദ്ധമായ ഏതോ അജ്ഞാത ഭൂമികയിലെ ചിരപരിചിതവും സമ്മോഹനവുമായ സുഗന്ധം പോലെ ഓരോ തവണയും ആനന്ദധാമിലേക്ക് പ്രവേശിക്കുന്ന മാത്രയില്‍ അനുഭവിക്കുന്ന ശാന്തി വൈയക്തികമായ ആത്മാനുഭവമാണ്. സംസ്കൃതത്തില്‍ സംസാരിക്കുന്ന സംസ്കൃത ചിത്തരായ സ്ത്രീകളുള്ള ഇടമെന്നു പറഞ്ഞ കൊടുങ്ങല്ലൂരിലെ മണ്ണ്, ആനന്ദധാമിലെ അമ്മയെന്ന നിത്യ തപസ്വിയായ തന്റെ പ്രിയശിഷ്യയുടെ കര്മകാണ്ഡത്തിനുതകുമെന്നോര്ത്ത് ഭാവിയിലേക്ക് കരുതിവയ്ക്കാനാവാം അവിടെയന്ന് വിശ്രമിച്ചത്.
വേദിക് മിഷന്റെ വെളിച്ചം
ഓരോ സ്ത്രീയും ഒരു ദൗത്യമേറ്റുകൊണ്ടാണ് ജന്മം കൊള്ളുന്നതെന്ന ബോധ്യത്തിലാണ് വിവേകാനന്ദ വേദിക് വിഷന്‍ ഫൗണ്ടേഷന് പ്രവര്‍ത്തിച്ചുപോരുന്നത്. യോഗ വിദ്യ, ധ്യാനം, ഗീതാപഠനം, ശിബിരങ്ങള്‍ എന്നിവയിലൂടെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെയും വിവേകാനന്ദദര്ശനങ്ങളും സനാതന ധര്‍മവും വിജ്ഞാന കുതുകികള്‍ക്ക് പകര്‍ന്നു നല്കുന്നു. യോഗ വിദ്യ പരമ്പരാഗത രീതിയില്‍ പരിശീലിപ്പിക്കുന്നതിനും, സംസ്കൃതവും സംസ്കാരവും ഉള്‍ക്കൊണ്ട സ്ത്രീകളെ വാര്‍ത്തെടുക്കുന്നതിനായി പെണ്‍കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്നതിനുമുള്ള ഗുരുകുലം, ഹോംനഴ്സിങ് മേഖലയിലെ മൂല്യാധിഷ്ഠിത ധാര്‍മിക സേവനത്തിനായി ‘ധര്‍മ സേവിക’ സംരംഭം എന്നിവ ആദ്യകാല പ്രവര്‍ത്തനങ്ങളാണ്. ദീദിയുടെ സഹപാഠി ടി.കെ. വാര്യര്മാഷ് മുതലായവര്‍ സംസ്കൃത അദ്ധ്യാപനത്തിലും കെ.പി.സി അനുജന് ഭട്ടതിരിപ്പാടിന്റെ പേരക്കുട്ടിയടക്കമുള്ള പെണ്‍കുട്ടികള്‍ സംസ്കൃത ഗുരുകുലത്തിലെ പഠിതാക്കളുമായിരുന്നു. സമീപ പ്രദേശത്തെ വീടുകളിലെ ഇരുട്ടകറ്റാന്‍ ദീദി കൊളുത്തിവച്ച വിളക്കുകളാണ് സാന്ദീപനി ശിശുവിഹാറിലെ കുഞ്ഞുങ്ങള്‍. കേരളീയ ചിത്രകലയുടെ തനതു രൂപമായ ചുവര് ചിത്രങ്ങളിലൂടെ ‘വിശ്വഭാനു’ എന്ന വിവേകാനന്ദ ജീവിതം ആലേഖനം ചെയ്ത ചിത്ര പ്രദര്‍ശനവും ആരെയും ഹഠാദാകര്‍ഷിക്കും.
ജീവിതത്തില്‍ ആശ്രയമറ്റ് ഒറ്റപ്പെട്ടുപോയ സ്ത്രീകള്‍ക്ക് ധൈര്യവും ആശ്വാസവും ആശ്രയവും പകര്‍ന്ന് പ്രവര്‍ത്തിക്കുന്ന അഭയ കേന്ദ്രമാണ് ലക്ഷ്മീദീദിയുടെ ആനന്ദധാം. സാമൂഹിക വ്യവസ്ഥിതിയില്‍ അങ്ങേയറ്റം അരക്ഷിതാവസ്ഥ സ്ത്രീ സമൂഹം നേരിടുന്ന വര്‍ത്തമാന കാലത്ത് കുടുംബത്തിനും സമൂഹത്തിനും ദിശാബോധം നല്കി മാതൃകാപരമായ ജീവിതം നയിക്കേണ്ടതെങ്ങനെയെന്ന് ആനന്ദധാമിലെ ഈ അമ്മ ലോകത്തെ പഠിപ്പിക്കുന്നു.
ചെറുപ്പം മുതലേ ദീദിയെ ആശ്രയിച്ച് സന്തത സഹചാരിയായി വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യോഗഗുരു കൂടിയായ സുധാകര്‍ജിയും ഭഗിനി സുതപയും, ഉദയന്‍ മുതലായ നാട്ടുകാരും ആനന്ദധാമിലെ അന്തേവാസികളുമൊക്കെയടങ്ങുന്ന എല്ലാവരും ആ സ്നേഹ വൈവശ്യം അനുഭവിച്ചറിഞ്ഞവരാണ്. ഭാരതത്തിന്റെ അത്യുജ്വലമായ കര്‍മയോഗ സംസ്കാരത്തിന്റെ മാറ്റുകൂട്ടി ഡോ. ലക്ഷ്മീകുമാരിയെന്ന സനാതന ധര്‍മ നക്ഷത്രം സ്വര്‍ണത്തിനു സുഗന്ധം പോലെ തന്റെ എണ്‍പത്തി നാലാം വയസ്സിലും അവിശ്രമം കത്തിജ്വലിച്ചുകൊണ്ടേയിരിക്കുന്നു. സനാതന ധര്‍മ്മ പരിഷത്തിന്റെ ”ധര്‍മകീര്‍ത്തി’ പുരസ്കാരവും സ്വാമി വിവേകാനന്ദ യോഗ സംസ്ഥാന് നല്കിയ ‘വിവേകാനന്ദ പ്രതിഭ”പുരസ്കാരവും 2017ലെ ‘അമൃത കീര്‍ത്തി പുരസ്കാരവും ‘സായിരത്നപുരസ്കാരവും’ 2019ലെ രേവതി പട്ടത്താനത്തിന്റെ ‘മനോരമാ”തമ്പുരാട്ടി’ പുരസ്കാരവും പളളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിന്റെ ‘കീര്‍ത്തി മുദ്ര’യുമെല്ലാം ഈ യഥാര്‍ത്ഥ കര്‍മയോഗിനി ഗുരുതര്പ്പണമെന്ന സമര്‍പ്പണമാണ് ലക്ഷ്മിദീദിക്ക്. ഇവിടെ ഇങ്ങനെ ഒരമ്മ ഉണ്ടെന്ന് കാലം സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തും.
(കവിയും കൊടുങ്ങല്ലൂരിലെ അഭിഭാഷകയുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: