ബീജിങ്: ചൈനയിലെ ഹുബയ് പ്രവിശ്യ തലസ്ഥാനമായ വുഹാനില്‍ ഇരുപത്തൊമ്പതുകാരനായ യുവ ഡോക്ടര്‍ക്ക് കൊറോണ ബാധയില്‍ ദാരുണാന്ത്യം. സ്വന്തം വിവാഹം പോലും മാറ്റിവച്ച് കൊറോണ രോഗികളെ ചികിത്സിക്കാനിറങ്ങിയ പെങ് യിനുഹ എന്ന ശ്വാസകോശരോഗ വിദഗ്ധനാണ് മരിച്ചത്.
ജനുവരി ഇരുപത്തിയഞ്ചിനാണ് പെങ്ങിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി മുപ്പതോടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വുഹാനിലെ ജിന്യിന്താന് ആശുപത്രിയിലേക്ക് മാറ്റി. എന്നിട്ടും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായുള്ള ആശങ്കയുണര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യുവ ഡോക്ടറുടെ മരണ വാര്‍ത്ത എത്തുന്നത്.
കഴിഞ്ഞ ദിവസം 394 പേര്‍ക്ക് മാത്രം കൊറോണ സ്ഥിരീകരിച്ചപ്പോള്‍ വ്യാഴാഴ്ചയിത് 1109 ആയി ഉയര്‍ന്നു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74,685 ആയി. മരണസംഖ്യ 2236 കടന്നു. അതേസമയം, ചൈനയിലെ മൂന്ന് പ്രവിശ്യകളിലെ ജയിലുകളില്‍ കഴിയുന്ന 500 തടവുകാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഹുബയ് പ്രവിശ്യയില്‍ മാത്രം 270 തടവുകാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 230 പേരും വുഹാനിലെ വനിതാ ജയില്‍ അന്തേവാസികളാണ്.
ഷാന്തോങ്ങിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള റെന്ചെങ് ജയിലില്‍ 200 തടവുകാര്‍ക്കും ഏഴ് സുരക്ഷാ ഭടന്മാര്ക്കും രോഗം സ്ഥിരീകരിച്ചു. ഷിലിഫെങ് ജയിലിലെ 34 പേര്‍ക്ക് കൊറോണ ബാധിച്ചു. സംഭവത്തെ തുടര്‍ന്ന് ഷിലിഫെങ്ങിലെ രണ്ട് ജയില്‍ ജീവനക്കാരെയും വുഹാനിലെ ജയില്‍ മേധാവിയെയും ഷാന്തോങ്ങിലെ ഏഴ് ജീവനക്കാരെയും ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ചൈനീസ് തലസ്ഥാനം ബീജിങ്ങില്‍ ഫുക്സിങ് ആശുപത്രിയില്‍ 36 പേര്‍ക്കു കൂടി വൈറസ് ബാധ കണ്ടെത്തി. നാളുകള്‍ക്ക് ശേഷം ആളുകള്‍ ജോലി സ്ഥലങ്ങളിലേക്ക് എത്തിത്തുടങ്ങിയ ശേഷം രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: