ഹിന്ദു മഹാമണ്ഡലത്തിന്റെ എഴുപതാം വാര്‍ഷികമാണ് കടന്നു പോകുന്നത്. 1950ല്‍ രൂപം കൊണ്ട സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ഹിന്ദു മഹാമണ്ഡലം. സ്വാതന്ത്ര്യം ലഭിച്ച് സ്വരാജ്യത്തിന്റെ ഭരണ ക്രമത്തിലേക്ക് കടക്കുമ്പോള്‍, വിശാല ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപം കൊണ്ട ഈ പ്രത്യേക സംവിധാനത്തിന് പ്രസക്തിയേറെയായിരുന്നു. ആ സംഘടന രൂപംകൊണ്ട സാഹചര്യം പ്രധാനമായിരുന്നു. പല രംഗത്തും ഇന്ത്യയുടെ ഇതര ഭാഗങ്ങള്‍ക്ക് വഴികാട്ടിയ ഭൂപ്രദേശത്ത് രൂപമെടുത്ത അതിഗൗരവ ചിന്തയുടെ ഭാഗമായിരുന്നു ഹിന്ദു മഹാമണ്ഡലം. അതിന് കേരളത്തിന്റെ ആദ്ധ്യാത്മിക, സാമൂഹ്യ, സാംസ്കാരിക പിന്‍ബലമുണ്ടായിരുന്നു.
എസ്എന്‍ഡിപി നേതാവായിരിക്കെ ആര്. ശങ്കറും എന്‍എസ്എസ് നേതൃത്വത്തിലിരിക്കെ മന്നത്ത് പത്മനാഭനും ചേര്‍ന്നാണ് ഹിന്ദു മഹാമണ്ഡലം എന്ന വിശാല ഹൈന്ദവ സംഘടന രൂപീകരിച്ചത്. ഹൈന്ദവ വിശ്വാസികളായ, ആചാര പദ്ധതികളും പാരമ്പര്യവും പിന്തുടരുന്ന സമസ്ത ഹിന്ദു ജനതയും ചേര്‍ന്നുള്ള സംഘശക്തിയായിരുന്നു പരമ ലക്ഷ്യം. സാംസ്കാരികവും രാഷ്ട്രീയവുമായി സാമൂഹ്യ-ആചാര-വിശ്വാസങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള വിശാല സഹജീവന സംവിധാനമാണ് അത് വിഭാവനം ചെയ്തത്. അതിന്റെ സാധ്യത അപാരമായിരുന്നു. ഹിന്ദു മഹാമണ്ഡലത്തിന് വന്നേക്കാവുന്ന ശക്തി തിരിച്ചറിഞ്ഞത്, ആ സംവിധാനത്തിന് പുറത്തുള്ളവരും അകത്തു കടക്കാനാകാതെ പോയവരുമായിരുന്നു. അവരുടെ സംഘടിത ശ്രമ ഫലമായാണ് മൂന്നു വര്‍ഷത്തിനുള്ളില്‍, 1953 ല്‍ മണ്ഡലം മുറിഞ്ഞത്.
സംഘടനയുടെ തലപ്പത്ത് ‘ശ്രീരാമലക്ഷ്മണന്മാരായി’ പരസ്പരം രക്ഷിച്ചും ഒന്നിച്ചു നിന്ന് രക്ഷിക്കേണ്ടവരെയെല്ലാം സംരക്ഷിച്ചും ‘യുദ്ധം നയിച്ച’ ആര്. ശങ്കറും മന്നവും അന്ന് പ്രബലമായിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു. പക്ഷേ, അവര്‍ സമുദായത്തിന്റെയും അതിലുപരി മതത്തിന്റെയും അപകടാവസ്ഥ തിരിച്ചറിഞ്ഞാണ് അത്തരമൊരു സംരംഭത്തിന് തുനിഞ്ഞത്. സ്വാതന്ത്ര്യാനന്തരം, അന്നത്തെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച ‘സമത്വ സുന്ദര സമന്വിത’ ലോകം വാഗ്ദാനം മാത്രമായി, സമസ്ത രംഗത്തും സംഘടിത മതന്യൂനപക്ഷം മേല്‍ക്കോയ്മ നേടി, എന്ന തിരിച്ചറിവായിരുന്നു ഹിന്ദു മഹാമണ്ഡലത്തിലേക്ക് വഴി തുറന്നത്. അതേ ശക്തികള്‍ തന്നെയാണ് മണ്ഡലത്തെ തകര്‍ത്തതെന്ന് പില്ക്കാല ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്. ഏറെ നാള് ഭിന്നിച്ചുനിന്ന ഹൈന്ദവ സമുദായ സംഘടനകള്‍ ഒരിക്കല്‍ക്കൂടി ഒന്നിച്ചെങ്കിലും ഹിന്ദു മഹാമണ്ഡലമായില്ല, മാത്രമല്ല, സമുദായ സംഘടനാ നേതൃത്വങ്ങള്‍ കൂടുതല്‍ അകന്നു പോവുകയും ചെയ്തു.
അഞ്ചു വര്‍ഷം മുമ്പ്, വളരെ പ്രതീക്ഷയോടെ ഹൈന്ദവ സംഘടനകളുടെ രാഷ്ട്രീയ ഐക്യം ഒരിക്കല്‍ക്കൂടി പ്രകടമായതാണ്. 1950 ലേതിന് സമാനമായ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ രൂപപ്പെട്ടപ്പോഴായിരുന്നു അത്. കേരളത്തിലെ എല്ലാ ഹൈന്ദവ സമുദായ അംഗങ്ങളും അതില്‍ പ്രതീക്ഷവെച്ചു. രാഷ്ട്രീയത്തിനതീതമായി അത് രൂപപ്പെട്ടു. പക്ഷേ, അധികം വൈകാതെ ‘ആധുനിക രാമലക്ഷ്മണന്മാരായി’ ആ സംവിധാനത്തിന് മുന്നില്‍ നിന്നവര്‍ വഴിപിരിഞ്ഞു; അല്ല, അവരെ പിരിച്ചു. തമ്മിലടുത്തതിനെക്കാള് ഏറെ അകന്നു. അവരെ തമ്മിലടിപ്പിച്ചവര്‍ പ്രമുഖ രാഷ്ട്രീയപ്പാര്ട്ടികളായിരുന്നു. അവരോടൊപ്പം ചില ഹൈന്ദവേതര മതസംഘടനകളുമുണ്ടായിരുന്നു.
ഇന്നിപ്പോള്‍, ഹിന്ദു മഹാമണ്ഡല രൂപീകരണത്തിന്റെ എഴുപതാം വാര്‍ഷിക വേളയില്‍, 1950ലെ രാഷ്ട്രീയ സാഹചര്യത്തിലേതിനേക്കാള് പല മടങ്ങ് ആപത്ഘട്ടത്തിലാണ് കേരളത്തിലെ ഹൈന്ദവ സമാജം. സംസ്ഥാന ഭരണത്തിലിരിക്കുന്നവര്‍ മതേതരത്വം പറയുന്നെങ്കിലും ഒരു മതവിഭാഗത്തിനു വേണ്ടിയാണെന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. മത ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തോട് സംസ്ഥാന ഭരണകൂടം പക്ഷപാതം പുലര്‍ത്തുന്നുവെന്ന് മറ്റൊരു മതന്യൂനപക്ഷ വിഭാഗം ആരോപിക്കുന്ന കാലമായിരിക്കുന്നു. ഭൂരിപക്ഷത്തിന് അവരുടെ വിശ്വാസങ്ങള്‍ ആചരിച്ച് ജീവിക്കാന്‍ കഴിയാത്ത കാലം വന്നിരിക്കുന്നു. ഭരണഘടനയും പാര്‍ലമെന്റ് നിയമവും ന്യൂനപക്ഷ മതവിശ്വാസത്തിന്റെയും സംഘടിത രാഷ്ട്രീയത്തിന്റെയും പേരില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഭൂരിപക്ഷ വിശ്വാസാവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു. പ്രസക്തമാണ് ഒരു വിശാല മണ്ഡലം. ആത്മീയ-സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് അതിന്റെ അനിവാര്യതയുടെ സന്ദേശങ്ങള്‍ ഉയരുന്നുണ്ട്. അത്തരത്തിലുള്ള മണ്ഡലങ്ങള്‍ മുറിക്കുന്നവരെ ചെറുക്കാന്‍, കൊച്ചു കൊച്ചു വിയോജിപ്പുകള്‍ മറക്കാന്‍ കഴയുന്നവര്ക്കേ അതിനുകഴിയൂ എന്നത് മാത്രമാണ് തടസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: