ഐതിഹ്യവും ചരിത്രവും സമന്വയിക്കപ്പെട്ട ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ കടയിരുപ്പ് കാരിക്കോട് ശ്രീമഹാദേവക്ഷേത്രം. ക്ഷേത്രമിരിക്കുന്നിടത്ത് പണ്ട് ഒരു അരുവി ഉണ്ടായിരുന്നുവത്രെ. അതിന്റെ തീരത്ത് മഹാമുനിമാര്‍ പര്‍ണശാല കെട്ടി യാഗം നടത്തിയിരുന്നതായും പറയപ്പെടുന്നു.
ഒരിക്കല്‍ പര്‍ണശാലക്ക് അഗ്നിബാധ ഉണ്ടായി. അതോടെ മുനിമാര്‍ ഇവിടം വിട്ട് പോയി. കാലാന്തരത്തില്‍ അരുവിയുടെ വിസ്തൃതി കുറഞ്ഞ് തീരം വയലായി മാറി. ഒരിക്കല്‍ ഇവിടെ കൃഷി ചെയ്യാനായി നിലമുഴുതപ്പോള്‍ കലപ്പ എന്തിലോ ഉടക്കി രക്തം വമിച്ചു. പരിശോധിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്നു ഒരു ശിവലിംഗം ലഭിച്ചു. വൈകാതെ അവിടെ ഒരു താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ച് പൂജ ആരംഭിച്ചു.
ഉഴവുചാലില്‍ നിന്നും ഉയര്‍ന്നുവന്ന മഹാചൈതന്യശക്തിയായിരുന്നു അത്. ത്രിപുരദഹനം കഴിഞ്ഞ ഭാവത്തോടെ പടിഞ്ഞാറ് അഭിമുഖമായുള്ള മഹാദേവന്റെ ഉഗ്രദൃഷ്ടി കൊച്ചി മഹാരാജാവിന്റെ അധീനതയിലുള്ള സ്ഥലത്ത് പതിച്ചു. അവിടെ നിത്യേന അഗ്നിബാധ ഉണ്ടാവുകയും ചെയ്തു. അഗ്നിബാധയുടെ നിജസ്ഥിതി മഹാരാജാവ് മനസ്സിലാക്കി. ക്ഷേത്രം മറ്റൊരിടത്തേക്ക് മാറ്റി പണിയാന്‍ കല്പനയായി. രാജപ്രതിനിധികളെത്തി അവിടെ പരിശോധിച്ചപ്പോള്‍ അവിടെയുള്ളത് സ്വയംഭൂവാണെന്നും മാറ്റി പണിയാന്‍ കഴിയില്ലെന്നും മനസ്സിലായി. ഈ വിവരം അവര്‍ മഹാരാജാവിനെ അറിയിച്ചു. ശിവക്ഷേത്രത്തിന് മുന്നില്‍ മറ്റൊരു ക്ഷേത്രം പണിത് ശിവപുത്രനായ ശ്രീസുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. സുബ്രഹ്മണ്യപ്രതിഷ്ഠ നടത്തിയതോടെ ഐതിഹ്യവും ചരിത്രവും സമന്വയിക്കപ്പെട്ട ഒരു ക്ഷേത്രസന്നിധി ഉടലെടുത്തു. അതോടെ കൊച്ചിരാജ്യത്തെ അഗ്നിബാധ നിലച്ചു. മഹാരാജാവ് സന്തുഷ്ടനായി. പക്ഷേ കടയിരുപ്പില്‍ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യവിഗ്രഹം മഹാദേവന്റെ ഉഗ്രദൃഷ്ടിയുടെ തീഷ്ണതയാല്‍ പൊട്ടി വൈകല്യം സംഭവിച്ചു. ഇന്നും വിഗ്രഹം തല്‍സ്ഥിതിയില്‍ തുടരുന്നു.
ടിപ്പുവിന്റെ പടയോട്ട കാലത്ത് സര്‍വക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടപ്പോഴും ടിപ്പുവിന്റെ പടയെ തിരിച്ചോടിക്കാന്‍ ശക്തിപകര്‍ന്ന് നാടിനേയും നാട്ടുകാരേയും കാത്തത്ത് ഭഗവാന്റെ ചൈതന്യം ഒന്നുമാത്രമാണെന്ന് ഇന്നും ഭക്തര്‍ ഉറച്ചുവിശ്വസിക്കുന്നു. ടിപ്പുവിന്റെ സൈന്യത്തെ എതിരിട്ട സ്ഥലം പടപ്പറമ്പ് എന്നപേരില്‍ ക്ഷേത്രത്തിനടുത്തായി കാണം.
ഈ ക്ഷേത്രത്തില്‍ ഗണപതിയും സരസ്വതിയും ഒരേ ശ്രീകോവിലില്‍ സ്ഥിതിചെയ്യുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഭദ്രകാളി, ധര്‍മ്മശാസ്താവ്, ബ്രഹ്മരക്ഷസ്, നാഗദൈവങ്ങള്‍ തുടങ്ങിയ ഉപദേവന്മാരും ക്ഷേത്രത്തിലുണ്ട്. അഷ്ടമൂര്‍ത്തികളും ഇവിടെ അനുഗ്രഹം ചൊരിയുന്നു.
കൊച്ചി നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് മാറി, കൊച്ചി -ധനുഷ്ക്കോടി ദേശീയപാതയിലെ കോലഞ്ചേരി പട്ടണത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ വടക്കാണ് കടയിരുപ്പ് ഗ്രാമവും ക്ഷേത്രവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: