Bloomfield എന്ന പണ്ഡിതന് അഥര്‍വവേദത്തെ അതില്‍ പറയുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പതിനാലു ഖണ്ഡങ്ങളായി അടുക്കിയിരിക്കുന്നു. (1) ഭൈഷജ്യാനി ( രോഗം, ബാധ എന്നിവയെ മാറ്റാനുള്ള മാന്ത്രികപ്രയോഗങ്ങള്‍), (2) ആയുഷ്യാണി (ആരോഗ്യം, ദീര്‍ഘായുസ്സ് എന്നിവയ്ക്കുള്ള പ്രാര്‍ത്ഥനകള്‍), (3) ആഭിചാരികാനി കൃത്യാപ്രതിഹരണാനി(രാക്ഷസാദികള്‍, ദുര്‍മ്മന്ത്രവാദികള്‍, ശത്രുക്കള്‍ എന്നിവര്‍ക്കെതിരെയുള്ള പ്രയോഗങ്ങള്‍), (4) സ്ത്രീകര്മ്മാണി (സ്ത്രീകള്‍ക്കു പ്രത്യേകമായുള്ള മാന്ത്രികം), (5) സൗമനസ്യാനി (രമ്യത ഉണ്ടണ്ടാക്കല്, സദസ്സിനെ സ്വാധീനിക്കല്‍ തുടങ്ങിയവ), (6) രാജകര്മ്മാണി (രാജാക്കന്മാര്ക്കു പ്രത്യേകമായുള്ള മാന്ത്രികം), (7) ബ്രാഹ്മണര്‍ക്കു പ്രത്യേകമായുള്ള മാന്ത്രികം, (8) പൗഷ്ടികാനി (സ്വത്ത്, ആപന്നിവൃത്തി എന്നിവയ്ക്കുള്ള കര്‍മ്മങ്ങള്‍), (9) പ്രായശ്ചിത്താനി (പാപ, ശാപപരിഹാരം), (10) പ്രപഞ്ചശാസ്ത്രം(cosmogony), ഈശ്വരവാദം (theosophy)എന്നിവയുമായി ബന്ധപ്പെട്ട മന്ത്രങ്ങള്‍, (11) യാഗപരവും സാമാന്യവുമായ മന്ത്രങ്ങള്‍, (12) ചില വൈയ്യക്തിക ആശയങ്ങളുമായി ബന്ധപ്പെട്ട മന്ത്രങ്ങള്‍ (books 13 18), (13) ഇരുപതാം പുസ്തകം, (14) കുന്താപമന്ത്രങ്ങള് (മൂത്രാതിസാരം, മൂത്രപുരീഷബന്ധം, ജലോദരം, കാസം, കുഷ്ഠം, പലിതം, ക്ഷയം മുതലായ പല രോഗങ്ങള്‍ക്കുമുള്ള മാന്ത്രിക, ഔഷധചികിത്സാപ്രയോഗങ്ങള്) എന്നിവയാണ് അവ. വിശദമായ വായനക്ക് Bloomfield എഴുതിയ Atharva Veda and Gopatha Brahmana എന്ന പുസ്തകം നോക്കുക. അഥര്‍വവേദത്തിലെ ഈ കുന്താപമന്ത്രഭാഗം വിശദമായി പഠിക്കുമ്പോള്‍ ചരകസംഹിതയില്‍ വിവരിക്കുന്ന മിക്ക രോഗങ്ങളേയും ഇതില്‍ പരാമര്‍ശിക്കുന്നു എന്നു കാണാം. ബാഹ്യലക്ഷണങ്ങളിലൂടെയാണ് രോഗങ്ങളെ മനസ്സിലാക്കിയിരുന്നത് എന്നും കാണാം. വെള്ളത്തിന്റെ ഔഷധവീര്യത്തെ പലവുരു പ്രശംസിക്കുന്നതും കാണാം. ഋഗ്വേദസംഹിതാബ്രാഹ്മണഭാഗങ്ങളിലുംരോഗ, രോഗശമനവിവരണം അവിടവിടെയായി കാണാം. പില്ക്കാലത്തെ ആയുര്‍വേദഗ്രന്ഥങ്ങളില്‍ കാണുന്ന രസായന, വാജീകരണപ്രയോഗങ്ങളും അഥര്‍വവേദത്തില്‍ കാണുന്നുണ്ട്. ഇതൊക്കെയാണെങ്കിലും രോഗനിദാനത്തെപ്പറ്റി യുക്തിബദ്ധമായ വിശദീകരണമോ ചര്‍ച്ചയോ അഥര്‍വവേദത്തില്‍ കാണുന്നില്ല. അഭ്രജം, വാതജം, ശുഷ്മം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി രോഗങ്ങളെ തരം തിരിക്കുന്നുണ്ടെങ്കിലും ഈ മൂന്നു തത്വങ്ങളുടെ കോപമാണു രോഗകാരണം എന്ന സിദ്ധാന്തം പറഞ്ഞുകാണുന്നില്ല. അഥര്വവേദമനുസരിച്ച് മൂന്നു കാരണങ്ങളാണ് രോഗത്തിനു പിന്നില്‍ ദുഷ്കര്‍മ്മം, ശത്രു ചെയ്യുന്ന ആഭിചാരം, ദേവതാകോപമോ ഭൂതപ്രേതാദിബാധകളോഎന്നിവയാണ് ആ മൂന്നു രോഗകാരണങ്ങള്‍. അഥര്‍വവേദത്തില്‍ നിന്നും സ്വതന്ത്രമായി നില നിന്നിരുന്ന, ഔഷധസസ്യങ്ങളും ധാതുക്കളും ഉപയോഗിച്ചുകൊണ്ടണ്ടുള്ള ചികിത്സാപദ്ധതിയും അഥര്‍വവേദത്തിലെ മന്ത്രചികിത്സാപദ്ധതിയും ഒരു കാലത്ത് ഒരുമിക്കുകയും ക്രമേണ ആയുര്‍വേദം അഥര്‍വവേദത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തിരിക്കാം എന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു. അഥര്‍വവേദത്തിലെ അമാനുഷവൈദ്യന്മാരായ പ്രജാപതിയും ഇന്ദ്രനും അങ്ങിനെ ആത്രേയചരകസമ്പ്രദായപ്രകാരം ആയുര്‍വേദത്തിന്റെ ആദ്യഗുരുക്കന്മാരായി കരുതപ്പെട്ടു വരികയും ചെയ്തു. ഇന്നു ലഭ്യമായ ആയുര്വേദപദ്ധതിയില് വിവരിക്കുന്ന ദൈവവ്യപാശ്രയം, യുക്തിവ്യപാശ്രയം എന്നൊരു തരം ചികിത്സാസമീപനങ്ങള്‍ ഉരുത്തിരിഞ്ഞതും ഇത്തരത്തിലുള്ള ഇടകലരില് നിന്നാകണം. ആയുര്‍വേദത്തിന്റെ ഈ ഉദ്ഭവവികാസപരിണാമങ്ങളുടെ ചരിത്രവും സൂചിപ്പിക്കുന്നത് ഈ ലേഖനപരമ്പരയുടെ മൗലിക നിലപാട് ശരിയാണ് എന്നതാണ്. ഹിന്ദുജീവിതത്തിന്റെ ആരണ്യകതലം തൊട്ടു തന്നെ അറിവ്, വിശ്വാസം, ആശയം, ആചാരം, അനുഷ്ഠാനം എന്നിവയുടെ ഒരു പൊതുശേഖരം (common pool) ഇവിടെസഞ്ചിതമായിരുന്നു എന്നും പില്ക്കാലങ്ങളില് അതാതുരംഗത്തെ പ്രതിഭകള്‍ അവയില്‍ നിന്നും ഉചിതമെന്നു തോന്നിയവയെ കാലികമായ പരിഷ്കാരങ്ങള്‍ വരുത്തി വൈദികം അവൈദികം എന്ന രണ്ടു വിഭാഗങ്ങളിലുള്ള വിവിധ ദര്ശനപദ്ധതികളായി പ്രചരിപ്പിച്ചവയെയാണ് ഇന്നു നാം കാണുന്നതും ആചരിക്കുന്നതും അനുഷ്ഠിക്കുന്നതും പഠിക്കുന്നതും എന്നതാണ് ആ മൗലികനിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: