ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കുറയുന്നതായി റിപ്പോര്‍ട്ട്. 394 പേര്‍ക്കാണ് ബുധനാഴ്ച മാത്രം കൊറോണ സ്ഥിരീകരിച്ചത്. ജനുവരി ഇരുപത്തിമൂന്നിന് ശേഷം ഏറ്റവും കുറച്ച് പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആകുന്നതും ഇന്നലെയാണ്. 2118 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. ബുധനാഴ്ച മാത്രം 114 പേര് മരിച്ചു. ആകെ 74,576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ജപ്പാനില്‍ നിരീക്ഷണത്തിലായിരുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലിലും ഇറാനിലും രണ്ട് പേര് വീതം വൈറസ് ബാധയില്‍ മരിച്ചു. ഇറാനിലെ ദക്ഷിണ ടെഹ്റാനിലുള്ള ഖോം നഗരത്തിലാണ് വൃദ്ധരായ രണ്ടു പേര് മരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് പശ്ചിമേഷ്യയിലും കപ്പലിലും ആദ്യമായാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. എണ്പത്തിയേഴുകാരനും എണ്പത്തിനാലുകാരിയുമാണ് കപ്പലില്‍ മരിച്ചത്. രണ്ടാഴ്ചത്തെ നിരീക്ഷണം പൂര്‍ത്തിയായതോടെ യാത്രക്കാരെ കപ്പലില്‍ നിന്ന് കഴിഞ്ഞ ദിവസം വിട്ടയച്ചു തുടങ്ങിയിരുന്നു.
ഓസ്ട്രേലിയ, അമേരിക്ക, കാനഡ, ഹോങ്കോങ്, എന്നിവിടങ്ങളില്‍ നിന്നുള്ള മുഴുവന്‍ പേരെയും തിരികെ നാട്ടിലെത്തിച്ചു. ഇവര്‍ അതത് രാജ്യങ്ങളില്‍ വീണ്ടും നിരീക്ഷണത്തിലാണ്. കപ്പലിലെ ജീവനക്കാരായ എട്ട് ഇന്ത്യക്കാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ആറ് യാത്രക്കാരടക്കം 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.
ദക്ഷിണ കൊറിയയില്‍ കോറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇതുവരെ 82 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 37 പേരും സോളിലെ ഡെയ്ഗു നഗരത്തിലുള്ള ഷിന്‍ഷിയോന്‍ജി പള്ളിയിലെ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: