തിരുവനന്തപുരം: പാമ്പു കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിനെ കേന്ദ്രമന്ത്രി വി. മുരളീധരന് സന്ദര്‍ശിക്കും. നാളെ വൈകിട്ട് 4.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയാണ് സന്ദര്‍ശിക്കുക. ചികിത്സയുമായി ബന്ധപ്പെട്ട് എന്തു സഹായത്തിനും കൂടെയുണ്ടെന്ന് ബിജെപി ജില്ല അധ്യക്ഷന്‍ വി.വി. രാജേഷ് നേരിട്ടെത്തി ഉറപ്പ് നല്‍കിയിരുന്നു. ചികിത്സയ്ക്കായി എഐഎംഎസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിനായുള്ള സഹായം ബിജെപി വാഗ്ദാനം ചെയ്തിരുന്നു. രാവിലെ 11ന് കലാകൗമുദി പത്രാധിപര്‍ എം.എസ്. മണിയുടെ വീടും കേന്ദ്രമന്ത്രി സന്ദര്‍ശിക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാവ സുരേഷിന് ഉഗ്രവിഷമുള്ള അണലി വിഭാഗത്തില്‍പെട്ട പാമ്പിന്റെ കടിയേറ്റത്. പത്താനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം. കിണറ്റില്‍ നിന്നു പാമ്പിനെ പിടികൂടി പുറത്തെത്തിച്ചപ്പോഴാണ് വലതുകൈയിലെ വിരലിന് കടിയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെത്തിച്ച വാവ സുരേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നേരത്തേ, പലതവണയും സുരേഷിന് പാമ്പിന്റെ കടിയേറ്റിരുന്നു.
ജനസേവനത്തിന്റെ ഭാഗമായി പാമ്പുകളെ പിടികൂടി കാട്ടിലേക്ക് അയക്കുന്നതിനാല്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് വാവ സുരേഷ്. ജനസേവനത്തിനിടെ പാരിതോഷികമായി ലഭിച്ച തുകയില്‍ നിന്നും ഒരു രൂപ പോലുമെടുക്കാതെ മുഴുവന്‍ നിര്‍ധനര്‍ക്ക് തന്നെ നല്കുന്ന വ്യക്തിയാണ് വാവ സുരേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: