ശ്ലോകം 98
സ്വപ്നോ ഭവത്യസ്യ വിഭക്ത്യവസ്ഥാ
സ്വമാത്രശേഷേണവിഭാതി യത്ര
സ്വപ്നേ തു ബുദ്ധിഃ സ്വയമേവ ജാഗ്രത്
കാലീന നാനാവിധ വാസനാഭിഃ
ശ്ലോകം 99
കര്ത്രാദി ഭാവം പ്രതിപദ്യ രാജതേ
യത്ര സ്വയംഭാതി ഹ്യയം പരാത്മാ
ധീമാത്രകോപാധിരശേഷ സാക്ഷീ
ന ലിപ്യതേ തത്കൃത കര്മ്മലേശൈഃ
യസ്മാദസംഗസ്തത ഏവ കര്മ്മഭിര്
ന ലിപ്യതേ കിഞ്ചിദുപാധിനാ കൃതൈഃ
സൂക്ഷ്മ ശരീരത്തിന്റെ മാത്രമായ അവസ്ഥയാണ് സ്വപ്നം. സ്വപ്നത്തില്‍ ബുദ്ധി മറ്റുള്ളതില്‍ നിന്നെല്ലാം വേര്‍പെട്ടിരിക്കുന്നു. ജാഗ്രത്തില്‍ നേടിയ വിവിധ വാസനകള്‍ മൂലം താന്‍ കര്‍ത്താവെന്നും മറ്റുമുള്ള ഭാവങ്ങള്‍കൊണ്ട് സ്വയമേവ വിളങ്ങുന്നു. സ്വയം പ്രകാശകനായും സര്‍വ്വ സാക്ഷിയുമായും സ്വമഹിമയില്‍ വിരാജിക്കുന്ന പരമാത്മാവിന് ഇവിടെ ബുദ്ധി മാത്രമാണ് ഉപാധി.എന്നാല്‍ ബുദ്ധിയുടെ കര്‍മ്മങ്ങളൊന്നും ആത്മാവിനെ ബാധിക്കുന്നില്ല. ഒട്ടലില്ലായ്മ കൊണ്ടാണ് ഉപാധികളുടെ കര്‍മ്മങ്ങള്‍ ആത്മാവിനെ ബാധിക്കാത്തത്.
സൂക്ഷ്മ ശരീരമാകുന്ന ഉപാധിയിലൂടെ ആത്മാവ് വ്യാപരിക്കുന്ന അവസ്ഥയാണ് സ്വപ്നം. ഉണര്‍ന്നിരിക്കുമ്പോള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളുടെ വാസനയെ തുടര്‍ന്ന് തന്റെ ഉള്ളില്‍ താന്‍ സൃഷ്ടിക്കുന്ന പ്രപഞ്ചമാണ് സ്വപ്നം. ജാഗ്രത്തില്‍ സ്ഥൂല ശരീരവും സൂക്ഷ്മ ശരീരവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സ്വപ്നത്തില്‍ സൂക്ഷ്മ ശരീരത്തില്‍ മാത്രം അഭിമാനം വച്ചു പുലര്‍ത്തുന്നു. അന്തഃകരണം മാത്രമാണ് പ്രകാശിക്കുന്നത്. ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്ന ബുദ്ധി അന്തഃകരണത്തെ അഥവാ മനസ്സിനെ സൂചിപ്പിക്കുന്നു. വിവേക ബുദ്ധി എന്ന് അര്‍ത്ഥമില്ല.
സ്വപ്നത്തില്‍ ഇന്ദ്രിയങ്ങള്‍ക്കൊന്നും ഒരു പ്രവര്‍ത്തനവുമില്ല.മനസ്സ് തന്നിലെ വിക്ഷേപങ്ങളെ സ്വയം ദര്‍ശിച്ച് അതില്‍ ഭ്രമിക്കുന്നു. സ്വപ്നത്തിനെ കാണുന്നയാളും അതിലെ കാഴ്ചകളും ഒന്നു തന്നെയാണ്.
മനസ്സ് തന്നെയാണ് സ്വപ്ന ലോകമാകുന്നതും അതിനെ കാണുന്നതും. ഈ സമയം ബുദ്ധിയ്ക്ക് വിവേക വിചാരം ചെയ്യാനാകില്ല. ഉണര്‍ന്നിരിക്കുമ്പോള്‍ ബുദ്ധിയ്ക്ക് മനസ്സിന് മേലേ നല്ല നിയന്ത്രണമുണ്ട്. ജാഗ്രത്തിലെ അനുഭവങ്ങളെ തുടര്‍ന്നുള്ള വാസനകളും സങ്കല്പങ്ങളുമാണ് സ്വപ്നമായിത്തീരുന്നത്.
ജാഗ്രത്തില്‍ അനുഭവിക്കുകയോ സങ്കല്പിക്കുകയോ ചെയ്യാത്തതൊന്നും സ്വപ്നത്തില്‍ കാണില്ല.ദേശവും കാലവും യുക്തിയുമൊക്കെ കൂടി കലര്‍ന്നിരിക്കും. ജാഗ്രത്തിന്റെ തുടര്‍ച്ചയാണ് സ്വപ്നം. അവിടെ അനുഭവിക്കാത്തത് സ്വപ്നത്തില്‍ വരില്ല. ജന്മനാ അന്ധനായ ഒരാളുടെ സ്വപ്നത്തില്‍ നിറങ്ങളോ രൂപങ്ങളോ ഉണ്ടാകില്ല. ഉള്ളിലെ നാടകമാണ് സ്വപ്നം. അതിലെ അഭിനേതാക്കളും കഥാപാത്രങ്ങളും സൂത്രധാരനും കാഴ്ചക്കാരുമൊക്കെ നാം തന്നെ. നമ്മള് പലപ്പോഴായി കണ്ടതും അനുഭവിച്ചതുമൊക്കെ ഒരു ബന്ധവുമില്ലാത്ത തരത്തില്‍ എന്നാല്‍ വളരെ വിചിത്രമായ രീതിയില്‍ സ്വപ്നത്തില്‍ പ്രകടമാകുന്നു. സ്വപ്നാഭിമാനിയായ ജീവന് സ്വപ്നത്തില്‍ അകപ്പെട്ട് സുഖവും ദുഃഖവും അനുഭവിക്കുന്നു. എത്ര കാലം സ്വപ്നമുണ്ടോ അത്രയും കാലം അത് വാസ്തവമായി തന്നെ തോന്നും. ശുദ്ധ ചൈതന്യമായ പരമാത്മാവ് സ്വപ്നത്തിലും എല്ലാറ്റിനേയും പ്രകാശിപ്പിച്ച് അവയൊന്നും തന്നെ ബാധിക്കാത്ത തരത്തില്‍ ഇരിക്കുന്നു. ആത്മചൈതന്യം അന്തഃകരണമാകുന്ന ഉപാധിയില്‍ പ്രതിഫലിക്കുന്നതിനാലാണ് സ്വപ്നാഭിമാനി ഉണ്ടാകുന്നത്. സാക്ഷി മാത്രമായ ആത്മാവിനെ മനോബുദ്ധികളുടെ പ്രവര്‍ത്തനങ്ങളൊന്നും ഒരു തരത്തിലും ബാധിക്കില്ല.എല്ലാ അവസ്ഥകളിലും ആത്മാവ് നിസ്സംഗനും ഒന്നും ഏല്‍ക്കാത്ത നിര്ലിപ്തനായുമിരിക്കുന്നു. ജാഗ്രദ്, സ്വപ്ന, സുഷുപ്തി അവസ്ഥകളില്‍ അകത്തോ പുറത്തോ സംഭവിക്കുന്ന എല്ലാ അനുഭവങ്ങള്‍ക്കും സാക്ഷിയായി, ഒന്നിലും ഇടപെടാതെ അതിനെയൊക്കെ പ്രകാശിപ്പിച്ചിരിക്കുന്നത് ആത്മാവാണ്. ഉപാധികളായ ശരീരത്തിന്റെയോ ഇന്ദ്രിയങ്ങളുടേയോ മനസ്സിന്റെയോ ബുദ്ധിയുടേയോ പ്രവര്‍ത്തിയൊന്നും നിത്യ മുക്തനായ ആത്മാവിനെ മലിനമാക്കില്ല. എന്നാല്‍ ജഡമായ ഇവയ്ക്കൊക്കെ നിലനില്ക്കാനും പ്രവര്‍ത്തിക്കാനും ആത്മചൈതന്യം കൂടിയേ തീരൂ.മറ്റുള്ളവയുടെ ധര്മ്മങളൊന്നുമേശാതെ ആത്മാവ് സ്വമഹിമയില്‍ വിരാജിക്കുന്നു. ഈ ലോകത്ത് എല്ലാ ജീവജാലങ്ങളും വളരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നത് സൂര്യന്റെ സാന്നിദ്ധ്യത്തിലാണ്. ഇവയെ എല്ലാം പ്രകാശിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെങ്കിലും അവയുടെ ധര്‍മ്മങ്ങളൊന്നും സൂര്യനെ ബാധിക്കുന്നില്ല. അതുപോലെയാണ് ആത്മസൂര്യനും. അതിനെ മലിനപ്പെടുത്താന്‍ ഒന്നിനുമാകില്ല. അത് എല്ലാ ഉപാധികളേയും പ്രകാശിപ്പിച്ച് നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: