തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ പിടിച്ചെടുക്കണമെന്നും പാര്‍ട്ടിപ്രവര്‍ത്തകരെ കുത്തിനിറയ്ക്കണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി. ഗ്രാമസഭകളിലടക്കം പാര്‍ട്ടിക്കാരെ കുത്തിനിറച്ച് പദ്ധതികള്‍ പിടിച്ചെടുക്കാനാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശത്തിന് പിന്നില്‍ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ്.
സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ജനപങ്കാളിത്തം വര്‍ദ്ധിപ്പിച്ച് വിജയിപ്പിക്കാന്‍ സിപിഎമ്മുകാര്‍ മുന്നിട്ടിറങ്ങണമെന്ന നിര്‍ദ്ദേശമാണ് ശനിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കൈക്കൊണ്ടത്. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കുകയും ചെയ്തു. സര്‍ക്കാര്‍ പദ്ധതികള്‍ വിജയിക്കണമെങ്കില്‍ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്നും അതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍, ലോക്കല്‍ കമ്മിറ്റികള്‍, ഏരിയ കമ്മിറ്റികള്‍ എന്നിവര്‍ മുന്നിട്ടിറങ്ങണമെന്നുമാണ് നിര്‍ദ്ദേശം. പലയിടത്തും സര്‍ക്കാര്‍ പദ്ധതികള്‍ വേണ്ട വിധത്തില്‍ ജനങ്ങളിലേക്കെത്തുന്നില്ല. അതിനാല്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തവരെയെല്ലാം ഇത്തരം കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനാണ് നിര്‍ദ്ദേശം.
തദ്ദേശ സ്വയംഭരണത്തിന്റെ അടിസ്ഥാന ഘടകമായ ഗ്രാമസഭകളിലേക്ക് കൂടുതല്‍ പേരെ എത്തിക്കലാണ് പ്രധാന അജണ്ട. ഇതിലൂടെ പദ്ധതികളിലേക്ക് കൂടുതല്‍ സിപിഎമ്മുകാരെയും അനുഭാവികളെയും തിരുകിക്കയറ്റുകയാണ് ലക്ഷ്യം.
ഇപ്പോഴത്തെ ബജറ്റില്‍ പ്രഖ്യാപിച്ച 50,000 തോടുകള്‍ വൃത്തിയാക്കുന്ന പദ്ധതിയില്‍ ഒരു ലോക്കല്‍ കമ്മിറ്റി ഒരു തോട് വൃത്തിയാക്കണം. അതിനായി സിപിഎം ഭരണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സിപിഎം പ്രതിനിധികള്‍ ശ്രദ്ധിക്കണം.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള 25 രൂപയ്ക്ക് ഊണ് നല്കുന്ന കേന്ദ്രങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണം. ഭക്ഷ്യവിതരണ വകുപ്പ് വഴി ലഭ്യമാക്കുന്ന ഇളവുകളിലും ഇക്കാര്യം പഞ്ചായത്ത് ഭരണസമിതികള്‍ ഉറപ്പുവരുത്തണം.
ഇങ്ങനെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളിലെല്ലാം സിപിഎമ്മുകാരെയോ അനുഭാവികളെയോ കൂടുതലായി ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ പദ്ധതികളില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കാളികളാകുന്നുവെന്ന് വരുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് സിപിഎമ്മിന് അനുകൂലമാക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: