തിരുവനന്തപുരം: പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും ത്വാഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇരുവരും സിപിഎമ്മില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയെന്നതിനാല്‍ പുറത്താക്കിയെന്നും കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മുകാര്‍ക്കു മറ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. ഇരുവരും ‘മാവോയിസ്റ്റ് സിന്ദാബാദ്’ എന്ന് വിളിച്ചിട്ടുണ്ട്. ഒരു സിപിഎമ്മുകാരനു മാവോയിസ്റ്റ് സിന്ദാബാദ് വിളിക്കാന്‍ സാധിക്കില്ല. അവര്‍ ഇപ്പോള്‍ സിപിഎമ്മുകാരല്ല. ഇരുവരും മാവോയിസ്റ്റുകളാണെന്നു വ്യക്തമായി മനസിലാക്കിയതുകൊണ്ടാണ് പുറത്താക്കിയത്. ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി ഒരു മാസം മുമ്പു തന്നെ അംഗീകരിച്ചിരുന്നു. കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനന് ശനിയാഴ്ചത്തെ സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് അംഗീകാരം നല്കി.
അതേസമയം, അലന്റെയും ത്വാഹയുടെയും കേസ് എന്‍ഐഎ ഏറ്റെടുത്തത് ശരിയായില്ലെന്നും കോടിയേരി പറഞ്ഞു. പന്തീരാങ്കാവ് യുഎപിഎ വിഷയത്തില്‍ പോലീസ് നടപടിയെ ന്യായീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐയില്‍ നിന്നുള്‍പ്പെടെ അമര്‍ഷം നിലനില്‍ക്കുമ്പോഴുമാണ് മുഖ്യമന്ത്രിക്കു പിന്നാലെ പാര്‍ട്ടി സെക്രട്ടറിയും ഇരുവരും മാവോയിസ്റ്റാണെന്ന് വ്യക്തമാക്കിയത്.
അലനും ത്വാഹയും കുട്ടികളാണെന്നും എന്തെങ്കിലും തെറ്റുപറ്റിയാല്ത്തന്നെ തിരുത്തിയെടുക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് കഴിഞ്ഞയാഴ്ച പ്രതികരിച്ചത്. ഒരു നടപടിയും അവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല. കുടുംബത്തിന്റെ സംരക്ഷണത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. അവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്തു വരണമെന്നാണ് ആഗ്രഹിക്കുന്നത്. യുഎപിഎ ചുമത്തിയത് ശരിയല്ല എന്നുതന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും മോഹനന് പറഞ്ഞിരുന്നു. ഇതിനെല്ലാം നേരെ വിപരീതമായാണ് പി. മോഹനന് തന്നെ സംസ്ഥാന കമ്മിറ്റയില്‍ ഇരുവരും മാവോയിസ്റ്റുകളാണെന്നും അവരെ പുറത്താക്കിയെന്നും റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: