തിരുവനന്തപുരം: കേരള പോലീസിലെ ആയുധസാമഗ്രികള്‍ കാണാതായതും അഴിമതിയും ചൂണ്ടിക്കാട്ടിയ സിഎജി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഡിജിപിക്ക് സിപിഎം സംരക്ഷണം. വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ലെന്നും അഴിമതിയെന്ന് പറയുന്നത് തുക വകമാറ്റല്‍ മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാന സമിതി യോഗത്തിലും ഇതേ അഭിപ്രായമെന്നും കോടിയേരി പറഞ്ഞു.
151 കോടിയോളം രൂപ വകമാറ്റിയതും വെടിയുണ്ടകള്‍ കാണാതായതും സാധാരണ സംഭവമാക്കി ചിത്രീകരിച്ചാണ് ഡിജിപിക്ക് സുരക്ഷയും പിന്തുണയും സിപിഎം നല്‍കിയത്. കാലാകാലങ്ങളായി വെടിയുണ്ടകള്‍ കാണാതായിട്ടുണ്ടെന്നും താന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന സമയത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
പലകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ പോലീസുകാര്‍ക്ക് വെടിയുണ്ടകള്‍ നല്‍കും. കൊടുത്ത വെടിയുണ്ടകള്‍ പലപ്പോഴും തിരിച്ചുവരില്ല. ധൃതിപിടിച്ച് കൃത്യനിര്‍വഹണം നടത്തുന്ന സന്ദര്‍ഭത്തില്‍ എല്ലാ വെടിയുണ്ടകളും പോലീസുകാര്‍ക്ക് തിരിച്ചെത്തിക്കാന്‍ കഴിയാതെ വരും. അത് രേഖപ്പെടുത്തേണ്ടതാണ്. അത് രേഖപ്പെടുത്തിക്കാണില്ല. അങ്ങനെ വന്നപ്പോഴാണ് സിഎജിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത്. പരിശോധന നടത്തിയാല്‍ പോയ തോക്കുകള്‍ അവിടെത്തന്നെ കണ്ടെത്താനാകും. അതിന്റെ കണക്കുകള്‍ റെക്കോഡ് ചെയ്തതിലുള്ള പിഴവുകള്‍ക്കാണ് സാധ്യത. സിഐജി റിപ്പോര്‍ട്ട് പിഎസി പരിശോധിക്കുമ്പോള്‍ അക്കാര്യങ്ങള്‍ വ്യക്തമാകുമെന്നുമാണ് സിപിഎം ന്യായീകരണം.
ഫണ്ട് വകമാറ്റി ചെലവഴിച്ചതും അനധികൃതമായി ലക്ഷങ്ങള്‍ സ്വകാര്യ കമ്പനിക്ക് നല്കിയതും സാധാരണ നടപടി മാത്രമെന്നാണ് സിപിഎം ഭാഷ്യം. അടിയന്തര സാഹചര്യങ്ങളില്‍ അനുമതിക്കായി കാത്തുനില്കാറില്ല. പിന്നീട് അനുമതി കൊടുക്കുകയാണ് പതിവ്. അക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ കോടിയേരി സിഎജിയെ കുറ്റപ്പെടുത്തുകയും ചെയ്തു.
നിയമസഭയ്ക്ക് സമര്‍പ്പിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നോയെന്ന് സിഎജി തന്നെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എജി പത്രസമ്മേളനം നടത്തി ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞത് അസാധാരണ നടപടിയാണെന്നും കോടിയേരി വിമര്‍ശിച്ചു. സിഎജി റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നുള്പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു. ലോക്നാഥ് ബെഹ്റയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും കൈക്കൊള്ളുകയെന്നും അതിനായി നിരത്തുന്ന ന്യായീകരണങ്ങള്‍ ഇവയെല്ലാമാകുമെന്നും ജന്മഭൂമി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: