വിഷരഹിത പച്ചക്കറിയില്‍ നിന്ന് രക്ഷവേണം. പക്ഷേ നട്ടുവളര്‍ത്താന്‍ സ്ഥലമില്ല. അതിനുള്ള ക്രിയാത്മകമായ ഉത്തരമാണ് ടെറസ് കൃഷി. വലിയ തോതിലല്ലെങ്കിലും ഒരു ചെറിയ കുടുംബത്തിന് ആവശ്യമുള്ളത് വീടിന്റെ ടെറസില്‍ വളര്‍ത്താം. ഓരോ കുടുംബവും പ്രതിദിനം 360ഗ്രാം പച്ചക്കറി ഉത്പാദിപ്പിക്കുകയാണെങ്കില്‍ കേരളത്തിലെ പച്ചക്കറി ക്ഷാമം തീരുമെന്നാണ് കണക്കുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അന്യസംസ്ഥാനങ്ങളിലെ വിഷം പുരണ്ട പച്ചക്കറിയെ നമുക്ക് ആശ്രയിക്കേണ്ടി വരില്ല.
അല്‍പ്പം മനസ്സു വെച്ചാല്‍ ഓരോ വീട്ടിലും ഒരു പച്ചക്കറിത്തോട്ടം നിറഞ്ഞു വിളയും. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം, ഉള്ള മണ്ണിലത്രയും വീടുകളാണ് ഇപ്പോള്‍ വിളയുന്നത്. കൃഷിക്ക് മണ്ണില്ലാതെ വരുന്നു. പക്ഷേ കൃഷി ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ തക്കാളിയും വെണ്ടയും പാവലുമെല്ലാം ടെറസിലും വിളയും.
ഗ്രോബാഗുകള്‍, പൂച്ചട്ടികള്‍, പഴയ പ്ലാസ്റ്റിക് ബക്കറ്റുകള്‍, സിമന്റ് ചാക്കുകള്‍ എന്നിവയില്‍ മണ്ണുനിറച്ച് കൃഷി തുടങ്ങാം. പച്ചമുളക്, തക്കാളി, വഴുതന, വെള്ളരി, മത്തന്‍, വെണ്ടക്ക, വേപ്പില, ചീര, അച്ചിങ്ങ പയര്‍, ചേന, ചേമ്പ് തുടങ്ങി മലയാളിക്ക് പ്രിയപ്പെട്ട പച്ചക്കറികള്‍ അധികം സമയമോ ശാരീരികാധ്വാനമോ ഇല്ലാതെ വളര്‍ത്താവുന്നതാണ്.
വെള്ളം ചോര്‍ന്നിറങ്ങാതിരിക്കാന്‍ ടെറസ്, വാട്ടര്‍ പ്രൂഫ് ചെയ്യണം. നിരപ്പായ പ്രതലങ്ങളാണ് നല്ലത്. വെറുതെ മണ്ണു നിറച്ച് വിത്തു പാകാനൊരുങ്ങരുത്. അതിനായി നടീല്‍ മിശ്രിതം പ്രത്യേകം തയ്യാറാക്കണം. ഗ്രോബാഗെടുത്ത് അതിലേക്ക് 2:1:1 എന്ന അനുപാതത്തില്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ഒരുമിച്ചു കൂട്ടി നിറയ്‌ക്കുക. ചാണകപ്പൊടിക്ക് പകരം കമ്പോസ്റ്റ് ഉപയോഗിക്കാവുന്നതാണ്. ബാഗിന്റെ രണ്ടില്‍ മൂന്ന് ഭാഗത്താണ് മിശ്രിതം നിറയ്‌ക്കേണ്ടത്. മണ്ണ് ഒരു ചട്ടി, ചകിരിച്ചോര്‍ കാല്‍ച്ചട്ടി, അരച്ചട്ടി ചാണകപ്പൊടി എന്ന ക്രമത്തിലും നടീല്‍ മിശ്രിതം ഉണ്ടാക്കാം. ഇതില്‍ സ്യൂഡോമോണസും വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കുന്നത് നല്ലതാണ്.
ചിലകര്‍ഷകര്‍ നടീല്‍ മിശ്രിതത്തില്‍ അല്‍പ്പം കുമ്മായവും ചേര്‍ക്കാറുണ്ട്. ഗ്രോബാഗ് ഒന്നിന് 25 ഗ്രാം കുമ്മായം എന്നതാണ് കണക്ക്. ഇങ്ങനെയുള്ള മിശ്രിതം പത്തുനാള്‍ സൂക്ഷിച്ച ശേഷം വേണം ബാഗില്‍ നിറയ്‌ക്കാന്‍. അഞ്ചു മുതല്‍ 10 ഗ്രാം വരെ ട്രൈകോഡര്‍മ ജീവാണു ചേര്‍ക്കുന്നതും നല്ലതത്രേ. ചെടിയുടെ വേരുകളെ ബാക്ടീരിയ ആക്രമണത്തില്‍ നിന്ന് ഇത് രക്ഷിക്കും.
വിത്തുകള്‍ ഇതിലേക്ക് നേരിട്ടോ അല്ലെങ്കില്‍ തൈകള്‍ മുളപ്പിച്ച ശേഷമോ പാകാം. ചീരപോലുള്ള വിത്തുകള്‍ നടുമ്പോള്‍ അല്പം പൊടിയരി വിതറുന്നത് നല്ലതാണ് വിത്തു തിന്നാനെത്തുന്ന ഉറുമ്പുകള്‍ പൊടിയരി തേടി പോകും. കൂടാതെ പച്ചയും ചുവപ്പും ചീരകള്‍ ഇടകലര്‍ത്തി നട്ടാല്‍ ഇലപ്പുള്ളി രോഗത്തില്‍ നിന്ന് രക്ഷ തേടാം. പാവല്‍, പടവലം ഇളവന്‍ തുടങ്ങിയ പച്ചക്കറികള്‍ പന്തലൊരുക്കി വളര്‍ത്താവുന്നതാണ്.
മണ്ണിര കമ്പോസ്റ്റ്, അസോള തുടങ്ങിയ ജൈവ വളങ്ങള്‍ വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കാം. വീട്ടിലെ മാലിന്യ പ്രശ്‌നങ്ങവും മണ്ണിര കമ്പോസറ്റിലൂടെ പരിഹരിക്കാം. ജൈവ മാലിന്യങ്ങള്‍ വലിയൊരു പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ നിക്ഷേപിച്ച് അതില്‍ ആഫ്രിക്കന്‍ മണ്ണിരകളെ ഇട്ടാല്‍ മണ്ണിര കമ്പോസ്റ്റെന്ന ഉത്തമ ജൈവവളം തയ്യാര്‍. അതുപോലെ അസോളയെന്ന വെള്ളത്തില്‍ വളരുന്ന ചെറുസസ്യവും നല്ലൊരു ജൈവ വളമാണ്. അത് ടെറസിനു മീതെ പ്ലാസ്റ്റിക് ഷീറ്റില്‍ വെള്ളം നിറച്ച് വളര്‍ത്താവുന്നതാണ്.
ടെറസില്‍ അടുപ്പു കല്ലുപോലെ ഇഷ്ടികകള്‍ നിരത്തി അതിനു മീതെ ഗ്രോബാഗുകള്‍ വെച്ചാല്‍ വെള്ളം കിനിഞ്ഞിറങ്ങി ടെറസ് വൃത്തികേടാവില്ല. ചാക്കുകള്‍ ഓരോ ആഴ്ചയും പുതിയവ മാറ്റി മാറ്റി പരീക്ഷിച്ചാല്‍ ഒരിക്കലും പച്ചക്കറികള്‍ക്ക് ക്ഷാമം വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: