ന്യൂദല്‍ഹി: മോദിയുടെ അനുഗ്രഹം തേടി മൂന്നാമതും ദല്‍ഹിയുടെ മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്തു. രാംലീലാ മൈതാനത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദല്‍ഹിയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. മറ്റ് തിരക്കുള്ളതിനാല്‍ അദ്ദേഹത്തിന് വരാന്‍ സാധിച്ചില്ല. ദല്‍ഹിയെ മുന്നോട്ടുനയിക്കാന്‍ മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുഗ്രഹം തേടുന്നു. തെരഞ്ഞെടുപ്പും രാഷ്‌ട്രീയവും കഴിഞ്ഞു. എല്ലാവരുടെയും സര്‍ക്കാരാണിത്. കേജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ഇന്‍ക്വിലാബ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ് വിളികളോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
മുന്‍ മന്ത്രിമാരായ മനീഷ് സിസോദിയ, ഗോപാല്‍ റായ്, സത്യേന്ദ്ര കുമാര്‍ ജയിന്‍, രാജേന്ദ്ര പാല്‍ ഗൗതം, ഇമ്രാന്‍ ഹുസൈന്‍, കൈലാഷ് ഗെലോട്ട് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ തവണത്തെ മന്ത്രിമാരെയെല്ലാം നിലനിര്‍ത്തിയിട്ടുണ്ട്. അതിഷി, രാഘവ് ഛദ്ദ എന്നീ യുവനേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വനിതാ മന്ത്രിമാരില്ലാത്തത് വിമര്‍ശനത്തിന് ഇടയായി. ബിജെപിയുടെ എട്ട് എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തു. സാധാരണക്കാരായ അമ്പതോളം പേരായിരുന്നു വിശിഷ്ടാതിഥികള്‍. പ്രതിപക്ഷ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിക്കുന്നത് എഎപി നേരത്തെ ഒഴിവാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരായ വേദിയാക്കാനുള്ള നീക്കം തെറ്റായ സന്ദേശം നല്‍കുമെന്ന് പാര്‍ട്ടി വിലയിരുത്തി. സ്വന്തം മണ്ഡലമായ വാരാണസിയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനമായതിനാലാണ് പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: