ഒഴുക്കിനെതിരെ നീന്തുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കേരളത്തില്‍ ബിജെപി. അനുകൂലമായ നീരൊഴുക്കൊന്നും ഇല്ലാതിരുന്നിട്ടും അനുദിനം കേരളത്തിലും ബിജെപി വളരുകയാണ്. ബിജെപിയുടെ മുന്‍ രൂപമായ ഭാരതീയ ജനസംഘത്തിന് ചില പോക്കറ്റുകളില്‍ മാത്രമാണ് സ്വാധീനമുണ്ടായിരുന്നതെങ്കില്‍ നാലു പതിറ്റാണ്ടിനിടയില്‍ അസൂയാവഹമായ സ്വാധീനം കേരളത്തില്‍ ബിജെപിക്കുണ്ടായി. അല്‍പ്പം ഇടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ സംസ്ഥാന അധ്യക്ഷനെ ലഭിച്ചത്. കെ. സുരേന്ദ്രന് ലഭിച്ച അധ്യക്ഷ പദവി അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ത്ഥതയുടെയും അംഗീകാരം തന്നെയാണ്. സമര പാരമ്പര്യത്തിന്റെ കരുത്തുമായാണ് സുരേന്ദ്രന് എത്തുന്നത്.
രാഷ്ട്രീയ പ്രതിയോഗികളുടെയും രാഷ്ട്രീയ വിരുദ്ധ ശക്തികളുടെയും വിഹാര ഭൂമിയാണ് കേരളം. പ്രത്യയ ശാസ്ത്രമാകുന്ന ഉടവാളേന്തി പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പോരുന്ന കരുത്തുള്ള യുവത്വമാണ് കെ. സുരേന്ദ്രന്റെത്. പ്രസംഗ മികവും പോരാട്ട വീര്യവും പലകുറി തെളിയിച്ച കെ. സുരേന്ദ്രന് തന്റെ മുന്‍ഗാമികളുടെ പോരാട്ട വീഥികളിലൂടെ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
കെ.ജി. മാരാര്‍ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സുരേന്ദ്രന് ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്നീ ചുമതലകളും വഹിച്ചു.
ബന്ധു ബലമോ സമ്പത്തോ രാഷ്ട്രീയ നേതൃത്വത്തിലെത്താന്‍ സാഹചര്യമൊരുക്കുന്ന കാലഘട്ടത്തില്‍ വ്യത്യസ്ത പാരമ്പര്യമാണ് ജനസംഘത്തിനും ബിജെപിക്കുമുള്ളത്. കെ. സുരേന്ദ്രനിലൂടെ ബിജെപി അത് ഒന്നുകൂടി സാക്ഷ്യപ്പെടുത്തുന്നു. പത്തു വര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ. സുരേന്ദ്രന് യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായതു മുതല്‍ നടത്തിപ്പോരുന്ന പോരാട്ടങ്ങള്‍ എല്ലാം ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. എല്ലാം അഴിമതിക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരായ കരുത്തുള്ള ചെറുത്തു നില്‍പ്പ്.
യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായ ശേഷമാണ് കെ. സുരേന്ദ്രന് എന്ന പേര് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉജ്ജ്വലമായ സമര പോരാട്ടങ്ങളിലൂടെ കേരളത്തില്‍ മാറി മാറി വന്ന ഇടതു വലതു മുന്നണികളെ അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കി. യുവജന നേതാവെന്ന രീതിയിലുള്ള സുരേന്ദ്രന്റെ പ്രവര്‍ത്തനം രാഷ്ട്രീയത്തിനതീതമായ പ്രശംസയും നേടി കൊടുത്തു. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ച സുരേന്ദ്രന് കേരളത്തിലെ തെരുവുകളില്‍ അഗ്നി പടര്‍ത്തി. യുവമോര്‍ച്ചയില്‍ നിന്ന് ബിജെപിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
യുവതീപ്രവേശന വിധിയെത്തുടര്‍ന്ന് ഇടതു സര്‍ക്കാര്‍ ശബരിമലയില്‍ ഭക്തര്‍ക്കുനേരെ നടത്തിയ ക്രൂരതയ്ക്കെതിരെയും കെ. സുരേന്ദ്രന്റെ ശബ്ദമുയര്‍ന്നു. ശബരിമല ദര്‍ശനത്തിനെത്തിയ കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ജാമ്യം നല്‍കാതെ അദ്ദേഹത്തെ 22 ദിവസമാണ് ജയിലിലടച്ചത്. ഇതോടെ സുരേന്ദ്രന് അയ്യപ്പ വിശ്വാസികളുടെ പ്രിയങ്കരനായി. ഒരു മണ്ഡലക്കാലം മുഴുവന്‍ ശബരിമല പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായി സുരേന്ദ്രന് നിറഞ്ഞു നിന്നു.
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും തന്റെ കഴിവ് തെളിയിച്ചു. ലോക്സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന് മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് നേടി ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാന്‍ കെ. സുരേന്ദ്രന് സാധിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്പതിനായിരത്തോളം വോട്ട് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: