ബ്രിട്ടീഷ് വിരുദ്ധ-ജന്മിത്ത വിരുദ്ധ കര്‍ഷക പ്രക്ഷോഭത്തിന്റെ ഫലമായി ദേശീയ പ്രസ്ഥാനത്തോടൊപ്പമാണ് ഭൂപരിഷ്കരണമെന്ന ആശയം രൂപംകൊണ്ടത്. 1937ലെ ഫെയ്സ്പൂര് കോണ്‍ഗ്രസ് സമ്മേളനം അംഗീകരിച്ച 13 ഇന കാര്‍ഷിക പരിപാടിയില്‍ എല്ലാ കുടിയാന്മാര്ക്കും ഭൂമിയില്‍ സ്ഥിരാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് കൃഷി ഭൂമി കര്‍ഷകനെന്ന മുദ്രാവാക്യത്തിന് ദേശീയ പ്രാധാന്യം നേടിക്കൊടുത്തത്. കേരള കാര്‍ഷിക മേഖലയിലെ സുപ്രധാന കാല്‍വയ്പായിരുന്നു ഭൂപരിഷ്കരണ നിയമം. നിയമത്തിലൂടെ ജന്മി-കുടിയാന് വ്യവസ്ഥയെ ഉന്മൂലനം ചെയ്തുവെന്നതാണ് അതിന്റെ പ്രസക്തി. 1970ല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തിന് അടിത്തറയായത് 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ പാസ്സാക്കിയ കാര്‍ഷിക ബന്ധ ബില്ലാണ്. 1959ലെ കാര്‍ഷിക ബന്ധ നിയമത്തിന് മുമ്പുതന്നെ തിരുക്കൊച്ചിയിലും മലബാറിലും ചില കാര്‍ഷിക പരിഷ്കരണങ്ങള്‍ നടപ്പാക്കി പാട്ടക്കുടിയാന്മാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഉപാധികളോടെ ചില സുരക്ഷിതത്വങ്ങള്‍ ഉറപ്പ് വരുത്തിയിരുന്നു.
’59ലെ ഭൂനിയമം കേരളത്തിലെ ആകെ ഭൂമിയെ കൃഷി ഭൂമി, തോട്ട ഭൂമി, സ്വകാര്യ വനഭൂമി, വനഭൂമി എന്നിങ്ങനെ നിര്‍വചിച്ചു. വകുപ്പ് 82 പ്രകാരം കൃഷി ഭൂമിക്ക് പരിധി നിശ്ചയിച്ചു. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15 ഏക്കര്‍ കൈവശം വയ്ക്കാം. കൂടുതലുളള ഓരോ അംഗത്തിനും ഓരോ ഏക്കര്‍ വീതവും. 81-ാം വകുപ്പ് പ്രകാരം തോട്ടംഭൂമിക്കും വനഭൂമിക്കും പരിധിയില്ല. ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ വന്‍കിട തോട്ടങ്ങളും സ്വകാര്യ വനഭൂമികളുമടക്കം ആകെയുള്ള ഭൂമിയുടെ മൂന്നിലൊന്ന് ഭൂ പരിഷ്കരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഇതിന്റെ മറവില്‍ ഭൂമിയുടെ ഒട്ടേറെ തിരിമറികളും വനഭൂമിയുടെ സ്വകാര്യവത്കരണവും നടന്നു. 1966-1967ലെ ഭൂപരിഷ്കരണ സര്‍വേ പ്രകാരം 11.50 ലക്ഷം ഏക്കര്‍ മിച്ചഭൂമിയായി തിട്ടപ്പെടുത്തി. എന്നാല്‍ 1979ല്‍ മിച്ചഭൂമിയായി പ്രഖ്യാപിക്കുന്നത് ഒന്നരലക്ഷം ഏക്കര്‍. സര്‍ക്കാര്‍ ഏറ്റെടുത്തത് 92,338 ഏക്കര്‍. അതില്‍ പട്ടിക ജാതിക്കാര്‍ക്ക് വിതരണം ചെയ്തത് 24,333 ഏക്കറും, പട്ടിക വര്‍ഗക്കാര്‍ക്ക് 5042 ഏക്കറും. 13 വര്‍ഷത്തിനുള്ളില്‍ മിച്ചഭൂമിയുടെ 68 ശതമാനവും അപ്രത്യക്ഷമായി. അവശേഷിക്കുന്നവരെ പാര്‍പ്പിക്കുന്നതിന് 26,198 പട്ടിക ജാതി കോളനികളും, 6588 ആദിവാസി കോളനികളും സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ അപ്രഖ്യാപിത തടങ്കല്‍ പാളയങ്ങളിലെ ഭവനങ്ങളില്‍ ഇന്ന് ഒന്നിലധികം കുടുംബങ്ങള്‍ അന്തിയുറങ്ങുന്നു.
സര്‍ക്കാര്‍ കണക്കില്‍പ്പെടാത്ത ചേരികളിലും റോഡ്-തോട് പുറമ്പോക്കുകളിലുമായി ലക്ഷങ്ങള്‍ വേറെയും. ഇന്ന് സംസ്ഥാനത്ത് 1,63,404 പട്ടിക ജാതി കുടുംബങ്ങള്‍ ഭവനരഹിതരാണെന്നാണ് മന്ത്രി എ.കെ. ബാലന് നിയമസഭയില്‍ പ്രസ്താവിച്ചത്. ഭൂമിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിക്കുന്നതിന് ഇവര്‍ക്ക് ഇനിയും ഒരു ലക്ഷം ~ാറ്റുകള്‍ നിര്‍മ്മിക്കുമെന്നാണ് ധന മന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനം നടത്തിയത്. കോടികള്‍ ചെലവുചെയ്ത് നിര്‍മ്മിച്ച 15 ലക്ഷം വീടുകള്‍ ആള്‍ത്താമസമില്ലാതെ പൂട്ടിക്കിടക്കുമ്പോള്‍ നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്ക് പ്രകാരം കേരളത്തില്‍ ഭവന രഹിതര്‍ 38.8 ശതമാനമാണ്. ഈ ഭവന രഹിതരില്‍ 80 ശതമാനവും പട്ടിക വിഭാഗങ്ങളും അവശേഷിക്കുന്ന 20 ശതമാനം വിവിധ ജാതി-മത വിഭാഗങ്ങളുമാണ്. കേരളത്തിലെ വാടക വീടുകളില്‍ താമസിക്കുന്ന ഇവരില്‍ ഭൂരിഭാഗവും ഭവന രഹിതര്‍ തന്നെ. കൃഷി ഭൂമി ഇന്ന് കാര്‍ഷിക വൃത്തിക്കല്ല, നിക്ഷേപത്തിനുള്ള ഉപാധിയാണ്. ഇതിനാല്‍ എല്ലാ ഭൂനിയമങ്ങളും ലംഘിച്ച് വന്‍തോതില്‍ ഭൂകേന്ദ്രീകരണം നടക്കുന്നു. ഇന്ന് കേരളത്തില്‍ ആകെയുളള ഭൂമിയുടെ 65 ശതമാനം ന്യൂനപക്ഷ ഉടമസ്ഥതയിലാണ്. അവശേഷിക്കുന്ന 35 ശതമാനമാണ്, 55 ശതമാനം വരുന്ന ഹൈന്ദവ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ളത്. ഭൂപരിഷ്കരണത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണെന്ന് ഇതില്‍ നിന്നു വ്യക്തമാണല്ലോ?
ഭൂപരിഷ്കരണ നിയമത്തിന്റെ ഗതി തന്നെയാണ് ആദിവാസി ഭൂനിയമത്തിനും സംഭവിച്ചത്. സി. അച്യുതമേനോന് മുഖ്യമന്ത്രി ആയിരിക്കെ 1975 ഏപ്രില്‍ ഒന്നിന് 31-ാം നമ്പര്‍ നിയമമായി (കേരള പട്ടിക വര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും, അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കലും (നിയമം)) പാസ്സാക്കി. എന്നാല്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി മുഴുവന്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നില്ല. 60കള്‍ക്ക് ശേഷമുള്ള കൈമാറ്റങ്ങള്‍ക്ക് മാത്രം ബാധകമാക്കുന്ന നിയമമായിരുന്നു ഇത്. ഈ നിയമം പോലും നടപ്പാക്കുന്നതിന് കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ തയ്യാറായില്ല. 75ല്‍ പാസ്സാക്കിയ നിയമത്തിന് ചട്ടമുണ്ടാക്കിയത് 1986ലാണ്. പത്ത് വര്‍ഷത്തിനിടയില്‍ ഭൂമി ഒട്ടേറെ തിരിമറികള്‍ക്ക് വിധേയമായി. ഭൂമി തിരിച്ചെടുക്കാനുള്ള ഒരു നടപടിയും സര്‍ക്കാരുകള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഡോ. നല്ലതമ്പി തേര നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി 1996 സെപ്തംബര്‍ 30 ന് മുമ്പ് തിരിച്ചെടുത്ത് നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. കൈയ്യേറ്റക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ വിധി മറി കടക്കാന്‍ ഇടത് മുന്നണി സര്‍ക്കാര്‍ ‘കേരള ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കലും’ നിയമം 1999ല്‍ പാസ്സാക്കി. 1975ലെ ആദിവാസി ഭൂനിയമം അപ്പാടെ റദ്ദുചെയ്യുന്നതായിരുന്നു പുതിയ നിയമം. അന്യാധീനപ്പെട്ട ആദിവാസി ഭൂമിയില്‍ കൈവശക്കാര്‍ക്ക് അവകാശം ഉറപ്പുവരുത്തുന്ന നിയമം ഭരണഘടനാ വിരുദ്ധ നിയമ നിര്‍മ്മാണമെന്ന നിലയില്‍ കേരള ഹൈക്കോടതി റദ്ദുചെയ്തു. കേരള സര്‍ക്കാര്‍ കോടതിയലക്ഷ്യം കാട്ടിയതായി ഹൈക്കോടതി പ്രഖ്യാപിച്ചു. ഇതിനെതിരെ ഇടത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സിവില്‍ അപ്പീലായി സ്പെഷ്യല്‍ ലീവ് പെറ്റീഷന് സമര്‍പ്പിച്ച് ഭാഗികമായി നിയമത്തിന് അനുകൂല വിധി സമ്പാദിച്ചു. ഈ വിധിയനുസരിച്ച് ആദിവാസി ഭൂമി തട്ടിയെടുത്തവരില്‍ നിന്ന് 5 ഏക്കര്‍ വരെ തിരിച്ചുപിടിക്കേണ്ടതില്ലെന്ന വ്യവസ്ഥ അംഗീകരിപ്പിച്ച് കൈയ്യേറ്റക്കാരന് നിയമപരമായ സംരക്ഷണം ഇടത് സര്‍ക്കാര്‍ ഉറപ്പുവരുത്തി. ആറുമാസത്തിനകം നിയമാനുസൃതം ഭൂമി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചുവെങ്കിലും ഇതുവരെ അന്യാധീനപ്പെട്ട ഭൂമിയോ, പകരം ഭൂമിയോ ആദിവാസികള്‍ക്ക് നല്‍കിയിട്ടില്ല.
1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്നതിന് അര്‍ത്ഥം വിദേശികളും വിദേശ കമ്പനികളും ഇവിടെ നിന്ന് പുറത്താക്കപ്പെട്ടു എന്നും അനധികൃതമായോ നിയമപരമായോ കൈവശംവച്ചുകൊണ്ടിരുന്ന ഭൂമിയും വിഭവങ്ങളും ദേശീയ സ്വത്തായി മാറിയിരിക്കുന്നു എന്നുമാണ്. ‘ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്കുന്നതിനു ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ടിന്റെ വകുപ്പ് 7 (1) ബി ഉപ വകുപ്പ് പറയുന്നു. ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ട് നിലവില്‍ വന്നതോടെ വിദേശ ഭരണാധികാരികള്‍ക്ക് ഇന്ത്യയിലുള്ള എല്ലാ അവകാശങ്ങളും നഷ്ടമാകുന്നതും വിദേശ ഭരണാധികാരികളും ഇന്ത്യന്‍ നാട്ടുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിട്ടുള്ള എല്ലാ ഉടമ്പടികളും അവകാശങ്ങളും അതിനാല്‍ തന്നെ റദ്ദാകുന്നതുമാണ്’ എന്ന്. ഈ നിയമം നില നില്‍ക്കെയാണ് കേരളത്തിലെ റവന്യു ഭൂമിയുടെ 58 ശതമാനം, ഉദ്ദേശം അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി, ഇപ്പോഴും വിവിധ വിദേശ കമ്പനികളോ, അവരുടെ ബിനാമികളായ ടാറ്റാ, ഗോയങ്ക തുടങ്ങിയ വന്‍കുത്തകകളോ കൈവശം വച്ചിരിക്കുന്നത്.
(ഭൂ അവകാശ സംരക്ഷണ സമിതി വൈക്കത്ത് സംഘടിപ്പിച്ച സെമിനാറില്‍ നിന്ന്)
9747132791
പ്രതികരിക്കാൻ ഇവിടെ എഴുതുക: