കാലഹരണപ്പെട്ട വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലും അനാവശ്യമായി വാര്‍ഡുകള്‍ വിഭജിച്ചും തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തോട് നെറ്റി ചുളിക്കാത്തവര്‍ കുറവാണ്. 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ യുക്തി എന്ത് എന്ന ചോദ്യത്തിനുത്തരം ഇല്ല. 2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പും 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പും നടത്തിയ വോട്ടര്‍ പട്ടികയുള്ളപ്പോള്‍ അഞ്ചു വര്‍ഷം പഴക്കമുളള പട്ടിക എന്തിന് പൊടി തട്ടിയെടുക്കുന്നു എന്നതായിരുന്നു പ്രധാന സംശയം. വാര്‍ഡുകള്‍ വിഭജിച്ച് തദ്ദേശ സ്ഥാപനങ്ങളിളെല്ലാം ഒരോ വാര്‍ഡ് കൂട്ടുന്നതെന്തിന് എന്നതിനും തെളിഞ്ഞ മറുപടി പറയാന്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗവര്‍ണര്‍ പോലും സംശയം പറഞ്ഞിട്ടും സര്‍ക്കാര്‍ വാര്‍ഡ് വിഭജനവുമായി മുന്നോട്ടു പോവുകയാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രം മാത്രമാണിതിനു പിന്നിലെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കം.
വാര്‍ഡ് വിഭജനം ധൃതി പിടിച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ലക്ഷ്യം എന്ന വാര്‍ത്തയും വന്നിരുന്നു. വാര്‍ഡ് വിഭജനത്തിന് ഏറെ ജോലികള്‍ വേണമെന്നിരിക്കെ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തരമൊരു നീക്കം ഫലം കാണില്ലെന്ന് വിവരം ഉള്ളവരൊക്കെ ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്ദ്ധിപ്പിക്കാള്ള തീരുമാനം ഓര്‍ഡിനന്‍സായി ഇറക്കി നടപ്പാക്കാനുള്ള നീക്കത്തിന് ഗവര്‍ണര്‍ തടയിട്ടു. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തയാറായില്ല. വാര്‍ഡ് വിഭജനം പുതിയ സെന്‍സസ് നടപടിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഓര്‍ഡിനന്‍സില്‍ ആദ്യം ഒപ്പിടാതെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ സര്‍ക്കാരിന് ഫയല്‍ മടക്കി. എന്നാല്‍ വാര്‍ഡ് വിഭജനം സെന്‍സസ് നടപടികളെ ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മറുപടി നല്കി സര്‍ക്കാര്‍ വീണ്ടും ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് ഒപ്പിടാനായി കൈമാറി. എന്നിട്ടും അദ്ദേഹം ഒപ്പിടാന്‍ തയ്യാറായില്ല. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന ബില്‍ നിയമസഭയില്‍ പാസാക്കിയെടുത്താണ് സര്‍ക്കാര്‍ ഗവര്‍ണറുടെ തടസ്സം നീക്കാന്‍ ശ്രമിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബില്ലില്‍ ഗവര്‍ണറുടെ നിലപാടാണ് ഇനി നിര്‍ണായകം. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ബില്ല് വരുമ്പോള്‍ എന്തെങ്കിലും തടസ്സവാദങ്ങള്‍ ഉന്നയിക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്.
അതിനിടയിലാണ് വോട്ടര്‍ പട്ടികയുടെ കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് തിരിച്ചടി ഏറ്റിരിക്കുന്നത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്നാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് തയാറാക്കിയ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ അര്‍ഹരായ പലരും പട്ടികയ്ക്ക് പുറത്തുപോകുമെന്നതായിരുന്നു ചൂണ്ടിക്കാട്ടിയ പ്രശ്നം. 2014 ലോക്സഭാതെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയാണ് 2015ല്‍ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. സമാനമായ രീതിയില്‍ 2019ലെ പട്ടികയ്ക്കൊപ്പം 2020 ഫെബ്രുവരി ഏഴ് വരെയുള്ളത് ഉള്‍പ്പെടുത്തി പുതിയ പട്ടിക തയാറാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
2015ലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ കോടതിയില്‍ നിന്നുള്ള നിര്‍ദ്ദേശം സര്‍ക്കാരിനെ വെട്ടിലാക്കും.2019 ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതി വിധി അംഗീകരിക്കേണ്ടിവന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ കാത്തിരിക്കുന്നത് സങ്കീര്‍ണമായ നടപടിക്രമങ്ങള്‍. ഇരുപത്തയ്യായിരം ബൂത്തുകളിലും ആളെ നിയമിച്ച് വോട്ടര്‍മാരുടെ പേരു വിവരങ്ങള്‍ സ്ഥിരീകരിക്കണം. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെങ്കില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക, വാര്‍ഡ് അടിസ്ഥാനത്തിലാക്കണം. ഇതിന് ഓരോ വോട്ടറുടെയും വീട്ടിലെത്തി ആ വാര്‍ഡിലെ അംഗമാണെന്ന് ഉറപ്പുവരുത്തണം. 25,000 ബൂത്തുകളിലും അങ്കണവാടി ജീവനക്കാരെയോ ആശാവര്‍ക്കര്‍മാരെയോ ചുമതലപ്പെടുത്തണം. ഇതിനായി പത്തുകോടിയോളം രൂപ ചെലവു വരും. ഡീലിമിറ്റേഷന്‍ കമ്മിഷന് ഓരോ ജില്ലയിലും പോയി ഇതിന്മേലുള്ള ആക്ഷേപങ്ങള്‍ കേട്ടു പരിഹരിച്ച ശേഷമേ അന്തിമ വാര്‍ഡ് പട്ടിക പ്രസിദ്ധീകരിക്കൂ. കുറഞ്ഞത് അഞ്ചുമാസമെങ്കിലും ഇതിനെടുക്കും. ബൂത്ത് അടിസ്ഥാനത്തിലുള്ള 2019ലെ പട്ടിക ഇപ്പോള്‍ വാര്‍ഡ് തലത്തിലാക്കിയാലും വിഭജനം കഴിഞ്ഞ് വീണ്ടും തിരുത്തേണ്ടി വരും. ചുരുക്കത്തില്‍ ഭഗീരഥ പ്രയത്നം നടത്തിയാലും വാര്‍ഡ് വിഭജനവും വോട്ടര്‍ പട്ടിക പുതുക്കലും ഒക്ടോബറില്‍ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് യാഥാര്‍ത്ഥ്യമാകുമോ എന്നതിനുറപ്പില്ല. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുക മാത്രമാണ് പോംവഴി. സര്‍ക്കാരും ഭരണകക്ഷിയും ആഗ്രഹിക്കുന്നതും അതുതന്നെയായിരിക്കാം. പക്ഷേ, ആ ആഗ്രഹം കൊണ്ടു മാത്രമായില്ലല്ലോ. തങ്ങളെ തകര്‍ത്തുകളഞ്ഞ 2019ലെ വോട്ടര്‍ പട്ടിക കണ്ടു പേടിച്ചാവണം തങ്ങള്‍ക്ക് അനുകൂലമായ പഴയ വോട്ടര്‍ പട്ടിക മതിയെന്ന് സര്‍ക്കാര്‍ മുന്‍പ് തീരുമാനിച്ചത്. ആ മോഹത്തിനാണ് കോടതി വിലങ്ങുതടി വച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: