ബെംഗളൂരു: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയായ മലയാളി ബെംഗളൂരുവില്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിഹാബുദ്ദീന് തടത്തില്‍ (45) നെയാണ് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ക്കെതിരെ നേരത്തെ ഡിആര്‍ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഇയാളുടെ പാസ്പോര്‍ട്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ലുക്ക്ഔട്ട് നോട്ടീസ് വിവരം ലഭിച്ചത്. ഉടന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിക്കുകയും അവര്‍ എത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.
ദുബായ്യില് നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നതിന്റെ പ്രധാന സൂത്രധാരനായ ഇയാള്‍ രാജ്യാന്തര കുറ്റവാളിയാണെന്നും സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2018 ഡിസംബറില്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ പത്തു കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് ഷിഹാബുദ്ദീനെക്കുറിച്ചുള്ള വിവരം ഡിആര്‍ഐക്ക് ലഭിച്ചത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 117 യാത്രക്കാരിലൂടെ ദുബായില്‍ നിന്ന് ബെംഗളൂരു വിമാനത്താവളം വഴി 200 കിലോ സ്വര്‍ണമാണ് കടത്തിയതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
തുടര്‍ന്ന് ഷിഹാബുദ്ദീനെ അറസ്റ്റുചെയ്യാന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ രാജ്യം വിട്ടു. പിന്നീട് ദുബായ് കേന്ദ്രീകരിച്ച് സ്വര്‍ണ കള്ളക്കടത്ത് തുടരുകയായിരുന്നു. രാജ്യം വിട്ടതോടെ ഷിഹാബുദ്ദീനെതിരെ ഡിആര്‍ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിന്നു.
സ്വര്‍ണം രാസവസ്തുക്കളില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി ബെല്‍റ്റിലും, ഷൂവിലും, ശരീരത്തിന്റെ രഹസ്യഭാഗങ്ങളിലും ഒളിപ്പിച്ചായിരുന്നു കടത്തിയിരുന്നത്. സ്വര്‍ണം കൊണ്ടുവരുന്നവര്‍ക്ക് വളരെ ചെറിയ പ്രതിഫലമായിരുന്നു ഇയാള്‍ നല്‍കിയിരുന്നത്. കടത്തിക്കൊണ്ടുവരുന്ന പേസ്റ്റു രൂപത്തിലുള്ള സ്വര്‍ണം ഷിഹാബുദ്ദീന് ഉരുക്കി സ്വര്‍ണ ബിസ്ക്കറ്റുകളാക്കി പരിചയത്തിലുള്ള ജ്വല്ലറികളിലായിരുന്നു വിറ്റിരുന്നത്.
ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണക്കള്ളക്കടത്ത് നടത്തുന്നവരില്‍ പ്രധാന കുറ്റവാളിയായ ഷിഹാബുദ്ദീന് കൊടുവള്ളിയില്‍ കട നടത്തുകയായിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ദുബായില്‍ എത്തിയത്. ദുബായിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നതിനിടെ ബന്ധം വിപുലീകരിക്കുകയും സ്വര്‍ണക്കടത്തിലേക്ക് തിരിയുകയുമായിരുന്നു.
ഇപ്പോള്‍ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഇയാള്‍ക്ക് ദുബായ്, കോഴിക്കോട്, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിരവധി ബിസിനസുകളും സ്ഥാപനങ്ങളും, വീടുകളുമുണ്ട്. കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയായ ഷിഹാബുദ്ദീന്റെ അറസ്റ്റോടെ നിരവധി പേര് പിടിയിലാകുമെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: