ഏറ്റുമാനൂര്‍ : കേരള ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ കീഴിലുള്ള വേദഗിരിയിലെ സ്പിന്നിങ് മില്ലായ കോട്ടയം ടെക്സ്റ്റൈല്‍സ് ലേ ഓഫ് ചെയ്തു. രണ്ടുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിരുന്നില്ല. രണ്ട് കോടിയോളം രൂപ വൈദ്യുതി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കെഎസ്ഇബി ഫ്യൂസ് ഊരി. തുടര്‍ന്ന് ലേ ഓഫ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കേരള ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ കീഴിലുള്ള നാലാമത്തെ മില്ലിനും സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ദിനത്തില്‍ താഴ് വീണു. 300 തൊഴിലാളികളാണ് ഇവിടെ പണിയെടുത്തിരുന്നത്.
കോര്‍പ്പറേഷന്റെ കീഴില്‍ കേരളത്തില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന മില്ലാണ് വേദഗിരിയിലേത്. ഒരു മാസം പത്ത് ലക്ഷത്തിലധികം രൂപ ലാഭമുണ്ടായിരുന്നതായി തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. 20 ശതമാനം വരെ തൊഴിലാളികള്‍ക്ക് ബോണസും ലഭിച്ചിരുന്നു. നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന മറ്റ് പല മില്ലുകളിലേക്കും മെറ്റീരിയല്‍സ് വാങ്ങുന്നതിനും ശമ്പള കുടിശിക തീര്‍ക്കുന്നതിനുമൊക്കെ ഇവിടെനിന്നുള്ള ഫണ്ട് വിനിയോഗിച്ചിരുന്നു. മറ്റ് മില്ലുകളില്‍നിന്നും വിരമിക്കേണ്ട ഉദ്യോഗസ്ഥരെ വേദഗിരിയിലേക്ക് സ്ഥലം മാറ്റി ഇവിടെ നിന്നും ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടെ വിരമിപ്പിക്കുകയാണ് ഒരുകാലത്ത് ചെയ്തിരുന്നത്.
കോട്ടയം ടെക്സ്റ്റയില്‍സില്‍ തുടക്കം മുതല്‍ കോട്ടണ്‍ നൂല് ഉല്പാദനം മാത്രമാണ് ഉണ്ടായിരുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും സീസണില്‍ നേരിട്ട് വാങ്ങുന്ന പഞ്ഞി ഇവിടെ സ്റ്റോക്ക് ചെയ്തിരുന്നു. ഇതുപയോഗിച്ച് നിര്‍മിക്കുന്ന കോട്ടണ്‍ നൂല് വിവിധ കേന്ദ്രങ്ങളിലുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ച ശേഷം വില കയറുമ്പോള്‍ നേരിട്ട് വില്‍ക്കും. മുംബൈ ആയിരുന്നു പ്രധാന വിപണനകേന്ദ്രം. പത്ത് വര്‍ഷം മുമ്പ് കോട്ടണ്‍ നൂല് ഉല്പാദനം നിര്‍ത്തി പോളിസ്റ്റര്‍ നൂല് ഉല്പാദനം ആരംഭിച്ചതോടെയാണ് മില്ല് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയത്.
പത്ത് വര്‍ഷം മുമ്പ് തമിഴ്നാട്ടുകാരനായ ഗണേശ്കുമാര്‍ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റശേഷം നടത്തിയ പരിഷ്കാരങ്ങള്‍ കോട്ടയം ടെക്സ്റ്റയില്‍സിന്റെ ഗ്രാഫ് താഴുവാന്‍ കാരണമായെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. കോട്ടണ്‍ നൂല് ഉല്പാദനം പൂര്‍ണ്ണമായി നിര്‍ത്തി. പകരം സിന്തറ്റിക്കും കോട്ടണും കലര്‍ത്തി പോളിസ്റ്റര്‍ നൂല് ഉല്പാദിപ്പിക്കാന് തുടങ്ങി. കമ്പനിയുടെ നേരിട്ടുള്ള കൊടുക്കല്‍ വാങ്ങലുകള്‍ നിര്‍ത്തി പകരം ഏജന്റ് വഴിയായി കാര്യങ്ങള്‍. അഴിമതിയും കെടുകാര്യസ്ഥതയും മില്ലിനെ തകര്‍ച്ചയിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: