ന്യൂദല്‍ഹി: നാല്‍പ്പത്തഞ്ചിലേറെ സീറ്റ് നേടി ദല്‍ഹിയില്‍ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഫെബ്രുവരി 11ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നല്ല ഭൂരിപക്ഷത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യപ്രചാരണം ഇന്നലെ വൈകിട്ടോടെ അവസാനിച്ചു. നാളെ രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ്. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ നേരിട്ടുള്ള മത്സരങ്ങളാണ് 70 മണ്ഡലങ്ങളിലും. തെരഞ്ഞെടുപ്പ് ചിത്രത്തിലെങ്ങുമില്ലാത്ത ഗതികേടിലാണ് കോണ്‍ഗ്രസ്.
കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന അരവിന്ദ് കേജ്രിവാളിനെയും കൂട്ടരെയും ദല്‍ഹിക്കാര്‍ ഇത്തവണ ഓടിക്കുമെന്ന് അമിത് ഷാ ഹരിനഗറിലെ പൊതുപരിപാടിയില്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് എവിടെയാണോ കുടിലുകളുള്ളത്; അവിടെത്തന്നെ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്നും ഷാ പറഞ്ഞു.
- സംസ്ഥാനത്തെ 1731 അനധികൃത കോളനികളിലെ അമ്പതു ലക്ഷത്തോളം പേര്‍ക്ക് അവരുടെ വീടുകള്‍ നിയമാനുസൃതമാക്കി നല്‍കിയ പ്രധാനമന്ത്രിയുടെ നടപടിയുടെ തുടര്‍ച്ചയായാണ് ഷായുടെ പ്രഖ്യാപനം.
- ദല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വന്ന് ഒരു മണിക്കൂറിനകം പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും അമിത് ഷാ വാക്കുനല്‍കി.
സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത് അരവിന്ദ് കേജ്രിവാള്‍ തടഞ്ഞിരിക്കുകയാണെന്നും ഷാ ഓര്‍മിപ്പിച്ചു. കോളേജില്‍ പോകുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടി, ഹയര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, രണ്ടു രൂപയ്‌ക്ക് ആട്ട എന്നീ വാഗ്ദാനങ്ങളും അമിത് ഷാ നല്‍കി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും ദല്‍ഹിയില്‍ ഇന്നലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആദ്യഘട്ടങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ബിജെപി മികച്ച സംഘടനാ പ്രവര്‍ത്തനത്തിന്റെ മികവില്‍ മുന്‍തൂക്കം നേടിയിരിക്കുകയാണ്. ഇതോടെ ആരു ജയിക്കുമെന്ന പ്രവചനാതീതമായ മത്സരത്തിനാണ് ദല്‍ഹി സാക്ഷ്യം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: