കോട്ടയം: സംസ്ഥാന സര്‍ക്കാരിനും പ്രതിപക്ഷത്തിനും ക്രിസ്ത്യന്‍, ഹിന്ദു വിരുദ്ധ സമീപനമാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദു സമൂഹത്തോടും ക്രൈസ്തവ സമൂഹത്തോടും ഭരണപക്ഷവും പ്രതിപക്ഷവും വിവേചനം കാണിക്കുകയാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നത് 80 ശതമാനം മുസ്ലീം വിഭാഗത്തിനും 20 ശതമാനം ക്രൈസ്തവ വിഭാഗത്തിനുമാണ്. ഇത് മതവിവേചനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ന്യൂനപക്ഷ ആനുകൂല്യം ജനസംഖ്യ അനുപാതമായിട്ടാണെങ്കില്‍ ക്രൈസ്തവ സമൂഹത്തിന് 48 ശതമാനം അവകാശപ്പെട്ടതാണ്. എന്നാല്‍ അനുവദിക്കുന്നത് 20 ശതമാനം മാത്രമാണ്. ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പാക്കുന്ന കേന്ദ്രപദ്ധതിയായ പിഎംജിവികെ സംസ്ഥാനത്ത് 12 ജില്ലകളില്‍ നടപ്പാക്കുന്നു. ഇതിന്റെ മേല്‍നോട്ടസമിതിയില്‍ ന്യൂനപക്ഷങ്ങള്‍ വേണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം. എന്നാല്‍ പകുതിയിലേറെ ജില്ലകളിലെ സമിതിയിലും മുസ്ലീം വിഭാഗംമാത്രമേയുള്ളു. ന്യൂനപക്ഷ ക്ഷേമത്തിനായ കേന്ദ്രസര്‍ക്കാരിന്റെ പതിനഞ്ചിന കര്‍മ്മപദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നു. ഈ പദ്ധതിയുടെ മേല്‍നോട്ടസമിതി എല്ലാ ജില്ലകളിലും രൂപീകരിക്കണമെന്നും എല്ലാ ന്യൂനപക്ഷ വിഭാഗത്തിനും പരിഗണന നല്‍കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഏഴ് ജില്ലാ മേല്‍നോട്ടസമിതിയില്‍ മുസ്ലീം വിഭാഗംമമാത്രമേയുള്ളു. ഒരു ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളെപ്പോലും സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് മത വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.
1959ല്‍ അന്നത്തെ കേരളമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരി സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിൽ സംസ്ഥാനത്തെ ക്രൈസ്തവര്‍ ന്യൂനപക്ഷങ്ങള്‍ അല്ലെന്നാണ്. അതില്‍ പിണറായി ഉറച്ചുനില്‍ക്കുന്നതായി വേണം സര്‍ക്കാരിന്റെ നിലപാടില്‍ നിന്നും വ്യക്തമാകുന്നത്. ഹിന്ദുസമൂഹവും, ക്രൈസ്തവ സമൂഹവും നേരിടുന്ന വലിയ പ്രശ്‌നമാണ് ലൗജിഹാദ്. ഒട്ടേറെ പരാതി ലഭിച്ചിട്ടു ഒരു അന്വേഷണം നടത്താന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. ഇന്ത്യയിലെ ആരെയും ബാധിക്കാത്ത, മതപീഢനത്തിന് ഇരയാകുന്ന ഹിന്ദു, സിഖ്, ക്രൈസ്തവ വിഭാഗത്തിന് സംരക്ഷണം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനും ഹിന്ദു, ക്രൈസ്തവ വിരോധമാണ്.
ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകളുടെ യോഗം വിളിക്കാത്ത രമേശ് ചെന്നിത്തല പൗരത്വ ഭേദഗതിയില്‍ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചത് പ്രീണനരാഷ്‌ട്രീവും മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ടുമാണ്. രാജ്യത്തിനെതിരെ നില്‍ക്കുന്ന മാവോയിസ്റ്റുകളെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍.ഹരി, കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ കുമാരനല്ലൂരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: