ന്യൂദല്‍ഹി: ന്യൂസിലാന്‍ഡ് ടീമിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനമാണ് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷാമി കാഴ്ചവയ്ക്കുന്നത്. എന്നാല്‍, ന്യൂസിലാന്‍ഡിലെ വെല്ലിങ്ടണില്‍ നിന്ന് ഷമി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുഞ്ഞുമകളുടെ ചിത്രത്തെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. മകള്‍ ഐറ വീടിനുള്ളില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ക്കു മുന്നില്‍ സാരി ധരിച്ച് നില്ക്കുന്ന ചിത്രമാണ് ഷമി പോസ്റ്റ് ചെയ്തത്. മകളേ നീ സുന്ദരി ആയിരിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ, ഉടനെ നേരില്‍ കാണാം എന്ന കുറിപ്പോടെയായിരുന്നു ഷമി ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ പതിവുപോലെ ഇസ്ലാം മതമൗലിക വാദികള്‍ ആക്രോശവുമായി രംഗത്ത് എത്തുകയായിരുന്നു.
ഷമിയേയും മകളേയും നരകം കാത്തിരിക്കുന്നു എന്നാണ് മതമൗലികവാദികളുടെ ആക്രോശം. മാത്രമല്ല, വിഗ്രഹാരാധന ഇസ്ലാമിന് ഹറാമാണെന്നും ഇതിനുള്ള പ്രതിഫലം കിട്ടുമെന്നും അടക്കം ഭീഷണിയാണ് ഷമിക്കും മകള്‍ക്കും നേരേയുണ്ടാകുന്നത്. എന്നാല്‍, ഇതിനെ പ്രതിരോധിച്ച് നിരവധി ആള്ക്കാര് രംഗത്തെത്തിയിട്ടുണ്ട്. മതേതരത്വം എന്ന് വീമ്പിളക്കുന്നവര്‍ എന്തിനാണ് ഒരു കുഞ്ഞിന്റെ ചിത്രം കണ്ട് ഹാലിളകുന്നതെന്നാണ് ഇവരുടെ ചോദ്യം. എല്ലാം മതത്തേയും ബഹുമാനിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യ അനുഷ്കയും അടുത്തിടെ അജ്മീര്‍ പള്ളി സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അന്നൊന്നും ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ എന്നും എന്തിനാണ് ഇസ്ലാം മതമൗലിക വാദികള്‍ മാത്രം ഭീഷണിയുമായി രംഗത്തുവരുന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഷമിക്കെതിരായ ആക്രമണത്തെ ചെറുക്കാന്‍ മുസ്ലിം വിഭാഗവും രംഗത്തു വന്നിട്ടുണ്ട്. തീവ്രനിലപാട് ഉള്ളവരുടെ ഭീഷണി കണക്കിലെടുക്കേണ്ടെന്നും അവര്‍ എന്തിലും ഏതിലും കുഴപ്പം കാണുന്നവരാണെന്നും ഇക്കൂട്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: