കാസര്‍കോട്: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ കാസർകോട് ജില്ല പൂര്‍ണ്ണ സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു. ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കളക്ടര്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് സാഹചര്യം വിലയിരുത്തിയത്.
ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ 86 പേരില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇത്. 85 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ചയാളുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ 15 ഉപസമിതികള്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ദിവസവും വൈകീട്ട് 4.30 ന് ഉപസമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. വൈകീട്ട് ഏഴിന് ഔദ്യോഗിക ആരോഗ്യ വാര്‍ത്താ കുറിപ്പ് പ്രസിദ്ധീകരിക്കും. അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 108 ആംബുലന്‍സ് സേവനവും ഒരുക്കിയിട്ടുണ്ട്.
കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസില്‍ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കണ്ട്രോള് റൂം തുറന്നു. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ മുഴുവന്‍ പേരും കണ്ട്രോള് റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണം. കണ്ട്രോള് റൂം നമ്പര്‍ 9946000493, 0467 2217777, ദിശ ടോള്‍ ഫ്രീ നമ്പര്‍ 0471 2552056. ഇവര്‍ പൊതുജനാരോഗ്യത്തെയും വ്യക്തി സുരക്ഷയെയും മുന്‍നിര്‍ത്തി പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണം.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് 34 ഐസലോഷന് മുറികള്‍ സജ്ജമാക്കി. ജില്ലാ ആശുപത്രിയില്‍ 18 ഐസലോഷന് മുറികളും ജനറല്‍ ആശുപത്രിയില്‍ 12 ഐസലോഷന് മുറികളും സ്വകാര്യ ആശുപത്രിയില്‍ നാല് ഐസലോഷന് മുറികളുമാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഐസലോഷന് മുറികള്‍ ആരംഭിക്കും. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള സംശയ നിവാരണത്തിന് കാഞ്ഞങ്ങാട്, കാസര്‍കോട് റെസ്റ്റ് ഹൗസില്‍ കൗണ്‍സിലങ് സെന്റര്‍ ആരംഭിക്കും. സെന്ററില്‍ മനോരോഗ വിദഗ്ധരുടെ സേവനവും ഉണ്ടായിരിക്കും. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയുന്നതിനും കൈമാറുന്നതിനും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: