തിരുവനന്തപുരം: കുട്ടികളെ കുരങ്ങന്മാരാക്കി ചുടു ചോറ് വാരിക്കുന്ന അധ്യാപകരെ സമൂഹം മാറ്റി നിർത്തണമെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. ഗുരുനാഥൻമാർ ഗുരുത്വം ഉള്ളവരാക്കി മാറ്റുകയല്ല കുട്ടികളെക്കൊണ്ട് വിപ്ലവം എന്ന പേരിൽ രക്തം ചീന്തിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ അധ്യപാക പരിഷത്ത് സംസ്ഥാന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാ ഗുരു ദൈവം എന്ന വചനത്തിൽ പറയുന്ന പോല എത്ര ഗുരുനാഥൻമാർ ഉണ്ടെന്ന് പരിശോധിക്കണം. ആശാന് 51 അക്ഷരവും പിഴയ്ക്കുന്നു. അല്ലെങ്കിൽ മനപൂർവ്വം 51ഉം തെറ്റിക്കുന്നു. യൂണിവേഴ്സിറ്റി കോളേജിൽ അടക്കം നമ്മൾ കണ്ടത് അതാണ്. കുറേ വർഷങ്ങളായി ഭാരതീയ ചരിത്രവും സംസ്കാരവും മൺ മൂടി പുതിയ ചരിത്രം എഴുതി ചേർക്കാൻ ശ്രമിക്കുന്നു. സംസ്കൃതത്തിന് നേരിടുന്ന അവഗണന അതിന് ഉദാഹരണമാണ്.
വൈദേശിക ചരിത്രത്തിനും ഭാഷയ്ക്കും പ്രാധാന്യം നൽകുന്നു. വൈദേശിക ചരിത്രവും ഭാഷയും ഭക്ഷണവും പേരും നന്മൾ അറിയാതെ നമ്മളെ കീഴടക്കുന്നു. നമ്മുടെ സംസ്കാരത്തിന്റെ പഠനം വേണം. എൽകെജി മുതൽ ഏഴ് വരെ സംസ്കൃതം നിർബന്ധമാക്കണം. ഒന്ന് മുതൽ 12 വരെ സനാധന ധർമ്മപഠനം വേണം. മതത്തെ കുറിച്ച് പഠിച്ച ശേഷം തീരുമാനിക്കാനുള്ള അവസരം കുട്ടികൾക്ക് വേണം. 45 ശതമാനം വരെ മാർക്ക് ലഭിക്കുന്ന തരത്തിൽ 12 വരെ സനാധന ധർമ്മ പഠനം വേണം. എല്ലാ മതങ്ങളെയും കുറിച്ച് പഠനം വേണം.
പാഠ്യപദ്ധതി കേന്ദ്ര സർക്കാർ റിവ്യൂ ചെയ്യണം. അധ്യാപകരുടെ യോഗ്യതയും രാഷ്ട്രീയവും പരിശോധിക്കണം. മറ്റ് ഭാഷകളെ എതിർക്കുക അല്ല അഖിലലോകതലത്തിൽ ഉപയോഗിക്കുന്ന മറ്റ് ഭാഷകളിലെ വാക്കുകൾ മലയാളത്തിന്റേത് ആക്കി മാറ്റണം. എന്നാലേ ഭാഷ വളരുകയുള്ളൂ. ശാസ്ത്ര സാങ്കേതിക പുരോഗതിക്കൊപ്പം അധ്യാപകരും ഉയരണം. കുട്ടികൾക്ക് അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കാൻ അധ്യാപകന് കഴിയണമെന്നും സെൻകുമാർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: