കൊല്‍ക്കത്ത: രാജ്യത്തെ ഭരണഘടനയേയോ നിയമത്തേയോ മാനിക്കാത്ത തലത്തിലേക്ക് മമത സര്‍ക്കാര്‍ മാറിയെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറില്‍ ആയിരിക്കുകയാണ്. മുഖ്യമന്ത്രി വെറും രാഷട്രീയക്കാരനെപ്പോലെ അധപതിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊല്‍ക്കത്ത സര്‍വ്വകലാശാല ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞത്.
സ്‌ഫോടനാത്മകമായ സ്ഥിതി വിശേഷത്തിലൂടെയാണ് ബംഗാള്‍ കടന്നുപോകുന്നത്. ദിവസങ്ങളായി താന്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയമ വ്യവസ്ഥിതിയേയും ഒന്നിനേയും മാനിക്കാത്ത തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഗാന്ധി പ്രതിമയില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയപ്പോള്‍ സദസ്സിന്റെ ഒന്നാമത്തെ നിരയില്‍ ഇരുന്നുകൊണ്ട് പത്രം വായിക്കുകയായിരുന്നു.
ഭരണഘടനാപരമായി ഉയര്‍ന്ന പദവിയിലുള്ള ഒരു വ്യക്തി മുന്നിലെത്തുമ്പോള്‍ അദ്ദേഹത്തിന് സല്യൂട്ട് നല്‍കണം. എന്നാല്‍ മറിച്ച് അവഗണിക്കുന്ന വിധത്തില്‍ പത്രവായനയില്‍ മുഴുകിയിരിക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ടാണ് ഗവര്‍ണറിന്റെ പ്രസ്താവന. ചടങ്ങിനെത്തിയ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ഗവര്‍ണറെ അവഗണിക്കുന്ന വിധത്തിലാണ് പെരുമാറിയത്.
ഇവിടെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്. രാജ്യത്തെ ബഹുമാനിക്കാന്‍ പഠിക്കൂ. ഭരണഘടനയെ മാനിക്കാന്‍ തയ്യാറാകൂ. ഇത് തകര്‍ക്കാന്‍ കൂട്ട്‌നില്‍ക്കാതിരിക്കൂ. നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നവരോട് നിതികാണിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ആവശ്യമുള്ള പോലീസുകാരെ കൂടി നിയോഗിച്ചില്ലെന്ന വിഷയത്തിലും ധന്‍കര്‍ തന്റെ അതൃപ്തി രേഖപ്പെടുത്തി.
സംസ്ഥാനം മുഴുവനായി നിങ്ങളൊന്ന് ചെല്ലൂ. എല്ലാം സത്യസന്ധമായി പുറത്തുകൊണ്ടുവരൂ. ആര്‍ക്കും ഇവിടെ നിയമത്തില്‍ ബഹുമാനമില്ല. ആരും ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും ധന്‍കര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്‌ട്രീയത്തിലെത്തിയാല്‍ എല്ലാം തികഞ്ഞു എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. ജനാധിപത്യമെന്താണെന്ന് പോലും ആര്‍ക്കും ഒരു നിശ്ചയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















