ന്യൂദല്‍ഹി : അടുത്ത സാമ്പത്തിക വര്‍ഷം 6 മുതല്‍ 6.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് സര്‍വ്വേ. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് സര്‍വ്വേയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുമുന്നായാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ധനമന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സംഘം സാമ്പത്തിക വിദഗ്ധര്‍ ചേര്‍ന്നാണ് സര്‍വ്വേ നടത്തുന്നത്. രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താന്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് സര്‍വ്വേ നടത്തിയത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന ഉത്പാദന മേഖലകള്‍ വികസിപ്പിക്കാനും സാമ്പത്തിക സര്‍വ്വേ ലക്ഷ്യമിടുന്നു.
ലോകത്തിനായി ഇന്ത്യയില്‍ ഒത്തുകൂടാം എന്നതാണ് പ്രധാന പോളിസി നിര്‍ദ്ദേശം. ഉത്പാദനരംഗത്ത് വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം. അതേസമയം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 5 ശതമാനമായി ഇടിഞ്ഞിരുന്നു. എന്നാല്‍ സാമ്പത്തിക സ്ഥിതി താഴോട്ട് പോയത് മുന്നോട്ട് കുതിക്കുന്നതിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് ഇത്തവണത്തെ സര്‍വ്വേ പ്രാധാന്യം നല്‍കിയത്. ലോകത്തിനായി ഇന്ത്യയില്‍ ഒത്തുകൂടാം എന്ന നിര്‍ദ്ദേശവും സര്‍വ്വേ മുന്നോട്ട് വെച്ചിട്ടുണ്ട്. കൂടാതെ പൊതുമേഖലാ ബാങ്കുകളിലെ വിവരശേഖരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വഴി കൈകാര്യം ചെയ്യുന്നത് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ മികച്ച രീതിയില്‍ ബാങ്കിങ് വിവരങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്നും സര്‍വ്വേ പറയുന്നു.
















