ന്യൂദല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയുടെ സമീപത്ത് പ്രതിഷേധത്തിന് നേരെ വെടിവയ്‌പ്പ്. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് വെടിവയ്‌പ്പുണ്ടായത്.
പരിക്കേറ്റ ജാമിയ മിലിയ വിദ്യാര്‍ഥി ഷദാബ് ഫറൂക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് പിടികൂടി. ആക്രമണത്തെക്കുറിച്ച് ദല്‍ഹി പോലീസ് കമ്മീഷണറുമായി സംസാരിച്ചുവെന്നും ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയാറല്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ദല്‍ഹി പോലീസില്‍ നിന്ന് അദ്ദേഹം റിപ്പോര്‍ട്ട് തേടി. ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ പര്‍വീര്‍ രഞ്ചന്‍ സംഭവം അന്വേഷിക്കും.
രാംഭക്ത് ഗോപാല്‍ ശര്‍മ എന്നാണ് അക്രമി സ്വയം വിശേഷിപ്പിച്ചത്. ആക്രമണത്തിന് മുമ്പ് ഇയാള്‍ ജാമിയയില്‍ നിന്ന് ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത്. അവര്‍ക്ക് ഞാന്‍ സ്വാതന്ത്ര്യം നല്‍കാമെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് വെടിവച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് പിടിയിലായ രാംഭക്ത് ഗോപാലെന്ന് പോലീസ് പറഞ്ഞു. ഇതാദ്യമാണ് പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിന് നേരെ അക്രമമുണ്ടാകുന്നത്.
















