ഗുവാഹതി: ഗാന്ധിസ്മൃതി ദിനത്തില്‍ നാലു ഗ്രൂപ്പുകളില്‍പെട്ട 1615 ബോഡോ തീവ്രവാദികള്‍ ആസാം മുഖ്യമന്ത്രി സര്‍വാനന്ദ് സോനോവാളിനു മുന്‍പില്‍ ആയുധം വച്ച് കീഴടങ്ങി. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ വിവിധ ഗ്രൂപ്പുകളില്‍പെട്ടവരാണ് ഭീകരത ഉപേക്ഷിച്ച് ദേശീയ മുഖ്യധാരയില്‍ ലയിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെയും ആസാമിലെ സോനോവാള്‍ സര്‍ക്കാരിന്റെയും വലിയ വിജയമാണിത്.
വര്‍ഷങ്ങള്‍ നീണ്ട ബോഡോലാന്‍ഡ് പ്രക്ഷോഭത്തിന് അന്ത്യം കുറിച്ച് ഈ 27ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബോഡോ സംഘടനകളുമായി ത്രികക്ഷി സമാധാനക്കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദികള്‍ ആയുധം വച്ച് കീഴടങ്ങിയത്. നാലു ഗ്രൂപ്പുകളുടെയും തലവന്മാരാണ് പ്രതീകാത്മകമായി ആയുധം താഴെ വച്ചത്. എകെ 47 അടക്കം 178 തോക്കുകളും ബോംബുകളും മറ്റായുധങ്ങളും ഇവര്‍ സര്‍ക്കാരിന് കൈമാറി.
ബോഡോകളുടെ ആവശ്യം നേടിയെടുക്കാന്‍ വര്‍ഷങ്ങളായി ആയുധമേന്തിയവര്‍ ഗാന്ധിസ്മൃതി ദിനത്തില്‍ സമാധാനത്തിന്റെ പാതയില്‍ വന്നിരിക്കുന്നു, ഇത് രാജ്യചരിത്രത്തില്‍ സുപ്രധാന ദിവസമാണ്. സോനോവാള്‍ പറഞ്ഞു. എല്ലാവരെയും ദേശീയ മുഖ്യധാരയിലേക്ക് ക്ഷണിക്കുന്നു. ഇവരുടെ പുനരധിവാസത്തിനും സാധാരണനിലയ്‌ക്കുള്ള ജീവിതത്തിനും വേണ്ട നടപടികള്‍ കൈക്കൊള്ളും, മുഖ്യമന്ത്രി പറഞ്ഞു. ഇത് പുതിയ പ്രഭാതമാണെന്ന് കരാറിന് ചുക്കാന്‍ പിടിച്ചവരാല്‍ ഒരാളായ ആസാം മന്ത്രി ഹീമാന്ത വിശ്വ ശര്‍മ്മ പറഞ്ഞു. കരാര്‍ ഒപ്പിടുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് എട്ട് ഗ്രൂപ്പുകളില്‍പ്പെട്ട 644 നാഗാ തീവ്രവാദികള്‍ ആയുധം വച്ച് കീഴടങ്ങിയിരുന്നു.മേഖലയില്‍ പൂര്‍ണ സമാധാനം ഉറപ്പാക്കാനും കരാര്‍ പൂര്‍ണമായി നടപ്പാക്കാനും സര്‍ക്കാര്‍ സന്നദ്ധമാകുമെന്ന് ഓള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് പ്രദീപ് ബോറോ പറഞ്ഞു.
















