ന്യൂദല്‍ഹി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ വിശാല ബെഞ്ച് തിങ്കളാഴ്ച മുതല്‍ വാദം കേള്‍ക്കും. ഒമ്പതംഗ അഗങ്ങളുള്ള വിശാല ഭരണഘടനാ ബെഞ്ച് ഹാജി അലി ദര്‍ഗ്ഗയിലെ സ്ത്രീപ്രവേശനം തുടങ്ങിയ ഹര്‍ജികളിലും ഇതോടൊപ്പം വാദം കേള്‍ക്കും.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാതെ എത്രയും പത്ത് ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത്. ഫെബ്രുവരി മൂന്നിന് വിചാരണ ആരംഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ തന്നെ ഇത് പൂര്‍ത്തിയാക്കും.
അതേസമയം വിചാരണയ്‌ക്കായി അടുത്തമാസം മൂന്ന് മുതല്‍ മാര്‍ച്ച് ആറ് വരെയുള്ള കാലയളവില്‍ 23 ദിവസം വേണമെന്നാണ് അഭിഭാഷക യോഗം ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ഇത് തള്ളുകയായിരുന്നു.
ശബരിമല ഹര്‍ജിക്കൊപ്പം അന്യ മതത്തില്‍ നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന പാര്‍സി സ്ത്രീയുടെ ആരാധനാ അവകാശം, ദാവൂദി ബോറ വിഭാഗക്കാര്‍ പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്ന രീതി, മസ്ജിദുകളിലെ സ്ത്രീ പ്രവേശനം എന്നിവയും സുപ്രീംകോടതി വിശാല ബെഞ്ച് പരിഗണിക്കും.
















