ന്യൂദല്‍ഹി: ചരിത്രപരമായ അനീതി തിരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്ത് എന്‍സിസി കേഡറ്റുകളുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ ആരംഭിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല ചിലര്‍ ശ്രമിച്ചത്. ഒരു കുടുംബവും ചില രാഷ്‌ട്രീയ പാര്‍ട്ടികളും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രശ്‌നങ്ങളെ നിലനിര്‍ത്താനാണ് ശ്രമിച്ചത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതെല്ലാം പരിഹരിക്കാനുള്ള ശ്രമത്തിലാണ്, മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ച കരാറിനെ ചരിത്രപരമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി തീവ്രവാദി ഗ്രൂപ്പുകള്‍ ഈ കരാറിലൂടെ ജനാധിപത്യത്തിന്റെ വഴിയിലേക്ക് വന്നിരിക്കുന്നു.
അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമുള്ള യുവജനങ്ങളുടെ ഇന്ത്യയെ വികസനത്തിലേക്കുള്ള മുന്നേറ്റത്തില്‍ ആര്‍ക്കും തടയാന്‍ കഴിയില്ല. യുവത്വമാണ് ഇന്ത്യയുടെ ജനസംഖ്യയുടെ സവിശേഷത. ഇതില്‍ നാം അഭിമാനിക്കുന്നു. പക്ഷേ, രാജ്യത്തിന്റെ ചിന്തയും യുവത്വമുള്ളതാവണം. കഴിഞ്ഞ എഴുപതു വര്‍ഷമായി ഇന്ത്യയിലെ യുവത്വം ആഗ്രഹിച്ച മാറ്റങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ അവര്‍ അസ്വസ്ഥരുമാണ്.
കഴിഞ്ഞ മുപ്പതു വര്‍ഷമായി പുതിയ തലമുറ യുദ്ധവിമാനങ്ങള്‍ ലഭിക്കാതിരുന്നത് വ്യോമസേനയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഴയ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പതിവായി. വ്യോമസേനാ പൈലറ്റുമാര്‍ ബലിദാനികളായി. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അതില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുള്ള എല്ലാ തടസങ്ങളും ഒഴിവാക്കി. ഇന്ത്യയുടെ ആകാശത്തിലൂടെ റഫാല്‍ വിമാനങ്ങള്‍ ഉടന്‍ പറക്കും, മോദി പറഞ്ഞു.
മൂന്നു സൈനിക വിഭാഗങ്ങളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സൈന്യത്തെ കൂടുതല്‍ സജ്ജമാക്കാനും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് വേണമെന്ന കാലങ്ങളായുള്ള ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീരുമാനങ്ങളെടുക്കാന്‍ മാത്രമല്ല അതു നടപ്പാക്കാനും കഴിയുകയെന്നത് പ്രധാനമാണെന്നും മോദി പറഞ്ഞു. ജനറല്‍ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ എന്‍സിസി കേഡറ്റുകളുടെ മാര്‍ച്ച് പാസ്റ്റും പ്രധാനമന്ത്രി പരിശോധിച്ചു. മികച്ച കേഡറ്റുകള്‍ക്ക് പ്രധാനമന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
















